ADVERTISEMENT

പാലക്കാട് ∙ ഇൻഡോർ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കാൻ സർക്കാർ 12.33 കോടി രൂപയുടെ ടെൻഡർ വിളിച്ചു. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പുറപ്പെടുവിച്ച ടെൻഡറിൽ 15 വരെ പങ്കെടുക്കാം. മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പു മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു നടത്തിയ ചർച്ചയുടെ തുടർനടപടിയായാണ് ടെൻഡർ. കാലങ്ങളായി നിർമാണം പൂർത്തിയാകാതെ കിടന്ന ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിനു കിഫ്ബി വഴിയാണ് പണം കണ്ടെത്തിയത്. ഇൻഡോർ സ്റ്റേഡിയം പൂർത്തിയാക്കാത്തതിനെതിരെ ‘മലയാള മനോരമ’ ഒട്ടേറെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

ജില്ലയുടെ കായിക രംഗത്തു വളർച്ചയ്ക്കായി ഗവ.വിക്ടോറിയ കോളജിനു സമീപമാണു പദ്ധതിക്കു തുടക്കമായത്. ഇതിനായി 2008ൽ 2.44 ഏക്കറിൽ ഒരുലക്ഷം ചതുരശ്ര അടിയിൽ സ്റ്റേഡിയത്തിന്റെ രൂപരേഖ തയാറാക്കി. 2010ൽ നിർമാണം തുടങ്ങി. ജില്ലയിലെ എംഎൽഎമാരും എംപിമാരും മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തി.

ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയും പാലക്കാട് എംപി 50 ലക്ഷം രൂപയും ജില്ലയിലെ മറ്റ് എംപിമാരും എംഎൽഎമാരും ത്രിതല പഞ്ചായത്തുകളും തുക വകയിരുത്തി 10.6 കോടി രൂപ ചെലവിൽ നിർമാണം തുടങ്ങി. ബാസ്കറ്റ്ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൻ, ചെസ്, ബേസ്ബോൾ,സ്ക്വാഷ്, ടേബിൾ ടെന്നിസ്, കബഡി, ഖോഖൊ, ടെന്നിസ് കോർട്ടുകൾ, ഹെൽത്ത് ക്ലബ് എന്നിവ ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

60% പ്രവൃത്തി പൂർത്തിയായി. ഫണ്ടില്ലാതെ വന്നതോടെ ബാക്കി പ്രവൃത്തികൾ മുടങ്ങി. നിലവിൽ സിവിൽ വർക്കുകൾ, ഇലക്ട്രിക്കൽ, സീലിങ്, ഫയർ ഫൈറ്റിങ്, വുഡ് ഫ്ലോറിങ് എന്നിവയാണു പൂർത്തിയാക്കാനുള്ളത്. സ്റ്റേഡിയം പൂർത്തിയാകാതെ കിടക്കുന്നതിനെതിരെ വ്യാപകമായ എതിർപ്പുകൾ ഉയർന്നതോടെയാണു വിഷയത്തിൽ സർക്കാർ ഇടപെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com