ADVERTISEMENT

പുതുശ്ശേരി ∙ കഞ്ചിക്കോട് അഗസ്റ്റിൻ ടെക്സ്റ്റൈൽസ് ആൻഡ് കളേഴ്സ് കമ്പനിയിൽ ജോലിക്കിടെ വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട 8 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട 3 പേരെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലേക്കു മാറ്റി. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ രാവിലെ ഷിഫ്റ്റ് ജോലിക്കു കയറിയ സ്റ്റിച്ചിങ് യൂണിറ്റിലെ 8 സ്ത്രീ തൊഴിലാളികൾക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ഡൈയിങ്– ഡ്രൈ ക്ലീനിങ് യൂണിറ്റിൽ നിന്നുള്ള മാലിന്യം അഴുക്ക്ചാലിൽ തടസ്സപ്പെട്ടതാണു കാരണം. പൊലീസും പഞ്ചായത്ത് ആരോഗ്യ വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. സ്റ്റിച്ചിങ് യൂണിറ്റ് താൽക്കാലികമായി അടച്ചു. യൂണിറ്റിലെയും ഡ്രെയ്നേജ് സംവിധാനത്തിലെയും പ്രശ്നങ്ങൾ പരിഹരിച്ച് ട്രയൽ റൺ നടത്തിയ ശേഷം മാത്രം തുറക്കാനാണു നിർദേശം നൽകിയതെന്നു പഞ്ചായത്ത് ആരോഗ്യവിഭാഗം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയിൽ ബുദ്ധിമുട്ട് അനുഭവിച്ച 15 പേർ പാലക്കാട്ടെയും കഞ്ചിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. 

ഡൈയിങ് യൂണിറ്റിലെ മെഷീൻ വൃത്തിയാക്കാൻ കെമിക്കൽ സാമഗ്രികൾ ചേർക്കുമ്പോഴാണു വിഷപ്പുകയുണ്ടായതെന്നു തൊഴിലാളികൾ പറയുന്നു. എന്നാൽ, ഡൈയിങ് യൂണിറ്റിലുള്ളവർക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. സ്റ്റിച്ചിങ് യൂണിറ്റിനു സമീപത്തുകൂടിയാണു ഡ്രെയ്നേജ് സംവിധാനം കടന്നുപോവുന്നത്. ഇവിടെ ഇരുമ്പുപാളികൾ ഇളക്കിമാറ്റിയ നിലയിലായിരുന്നെന്നും ഇതിൽ നിന്നു പുക പുറത്തേക്കു വന്നതാണ് അപകടകാരണമെന്നും ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ഞായറാഴ്ച വിഷപ്പുക ഉയർന്നതിനെ തുടർന്നു തിങ്കളാഴ്ച ഈ യൂണിറ്റ് പ്രവർത്തിച്ചിരുന്നില്ലെന്നും പ്ലാന്റ് വൃത്തിയാക്കി പരിശോധനയ്ക്കു ശേഷമാണ് ഇന്നലെ വീണ്ടും പ്രവർത്തനം തുടങ്ങിയതെന്നു കമ്പനി അധികൃതർ പറഞ്ഞു. ഉടൻ തകരാറുകൾ പരിഹരിച്ച് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുമെന്നും തൊഴിലാളികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയിരുന്നെന്നും അവർ അറിയിച്ചു. തൊഴിലാളികളുടെ പരാതി ലഭിക്കാത്തതിനാൽ പൊലീസ് ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com