ഭവാനി സാഗർ ഡാം വരൾച്ചയെത്തുടർന്നു വറ്റി; 750 വർഷം പഴക്കമുള്ള ക്ഷേത്രം ദൃശ്യമായി
Mail This Article
ഈറോഡ് ∙ ജില്ലയിലെ പ്രധാന ജലസ്രോതസ്സായ ഭവാനി സാഗർ ഡാം വരൾച്ചയെത്തുടർന്നു വറ്റി. ഇതോടെ ഡാമിന്റെ മധ്യഭാഗത്തുണ്ടായിരുന്ന ഏതാണ്ട് 750 വർഷം പഴക്കമുള്ള മാധവപെരുമാൾ ക്ഷേത്രം ദൃശ്യമായി. ഭവാനി സാഗർ ഡാം നിൽക്കുന്ന സ്ഥലത്ത് 1000 വർഷം മുൻപ് ഒരു കോട്ടയുണ്ടായിരുന്നതായി പുരാവസ്തു ഗവേഷകർ പറയുന്നു. ഇവിടെനിന്നാണു വ്യാപാരികൾ വയനാട് വഴി കേരളത്തിലെത്തി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നത്.
തമിഴ്നാടിനെ കർണാടകയുമായി ബന്ധിപ്പിച്ചും കുരുമുളക്, മറ്റു സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ വ്യാപാരമുണ്ടായിരുന്നു. ബ്രിട്ടിഷുകാരും കോട്ട കേന്ദ്രീകരിച്ചു കേരളവുമായി വ്യാപാരം നടത്തി. സ്വാതന്ത്ര്യത്തിനു ശേഷം കൊങ്കു മേഖലയിലെ ശുദ്ധജല ആവശ്യത്തിനാണു ഭവാനി സാഗറിൽ ഡാം നിർമിച്ചത്. ഡാം വന്നതോടെ പുരാതന ക്ഷേത്രം വെള്ളത്തിൽ മുങ്ങി.
ക്ഷേത്രത്തിന്റെ ഉയരം 53 അടിയാണ്. ഡാമിന്റെ സംഭരണ ശേഷി 105 അടിയും. നിലവിൽ, ഡാമിന്റെ ജലനിരപ്പ് 46 അടിയാണ്. 2018ൽ ഡാമിലെ ജലനിരപ്പു കുറഞ്ഞപ്പോൾ ക്ഷേത്രത്തിന്റെ മേൽക്കൂര മാത്രം കണ്ടിരുന്നു. ഇനിയും ജലനിരപ്പു താഴ്ന്നാൽ വേറെയും ക്ഷേത്രങ്ങൾ ദൃശ്യമാകുമെന്നു പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.