മഴ ദുരിതത്തിൽ നിന്നു നെല്ലിയാമ്പതിയെ കരകയറ്റാൻ ശ്രമങ്ങൾ തുടങ്ങി
Mail This Article
നെല്ലിയാമ്പതി∙ മഴക്കാലമായാൽ നെല്ലിയാമ്പതിയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ഒഴിവാക്കാൻ വിവിധ വകുപ്പുകൾ മുന്നൊരുക്കങ്ങൾ നടത്തിവരികയാണ്. നെല്ലിയാമ്പതി ചുരം പാതയിലൂടെ മലവെള്ളം കുത്തിയൊലിച്ചിറങ്ങി റോഡ് തകരുന്ന അവസ്ഥ ഇല്ലാതാക്കാൻ പാതയോരത്തു വെള്ളച്ചാലുകൾ നിർമിച്ചു വരുന്നു. അപകടസാധ്യതയുള്ള പാതയോരത്തു മണ്ണു നിറച്ച ചാക്കുകൾ നിരത്തി വാഹനങ്ങൾ കടക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. അടഞ്ഞുകിടക്കുന്ന കലുങ്കുകളിലൂടെ മലവെള്ളം തടസ്സം കൂടാതെ ഒഴുകുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള പ്രവൃത്തികളും ചെയ്തു വരുന്നുണ്ട്. നെല്ലിയാമ്പതിയിൽ ദുരന്ത നിവാരണം സംബന്ധിച്ച മുന്നൊരുക്കങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടു പോളച്ചിറയ്ക്കൽ സ്കൂളിൽ പ്രത്യേക ഗ്രാമസഭ ചേർന്നു.
പഞ്ചായത്ത്, റവന്യു, പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ നൂറടിപ്പുഴ ശുചീകരണ പ്രവർത്തനം നടത്താൻ ധാരണയായി. കെട്ടിക്കിടക്കുന്ന മരങ്ങളും മറ്റും നീക്കി വീടുകളിൽ വെള്ളം കയറാതിരിക്കാനുള്ള സംവിധാനം ഒരുക്കും. വെള്ളം കയറുന്ന സാഹചര്യമുണ്ടായാൽ കുടുംബങ്ങളെ സ്കൂളിൽ സജ്ജമാക്കുന്ന ക്യാംപിലേക്കു മാറ്റാനുള്ള നടപടികളെടുക്കും. യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സഹനാഥൻ അധ്യക്ഷത വഹിച്ചു.