ADVERTISEMENT

സീതത്തോട് ∙ ‘പട്ടിണിയാണെങ്കിലും വോട്ട് ചെയ്യാൻ ഏത് കൊടുംകാടും താണ്ടി ഞങ്ങൾ എത്തും. അത്രയ്ക്കും താൽപര്യമാണ് തിരഞ്ഞെടുപ്പിനോട്. ആര് ഭരിച്ചാലും ഞങ്ങളുടെ അവസ്ഥയ്ക്കു കാര്യമായ മാറ്റം ഇല്ല.’ മൂഴിയാർ സായിപ്പിൻകുഴി ആദിവാസി കോളനി ഊരുമൂപ്പൻ രാഘവന്റെ (91) വാക്കുകളിൽ എല്ലാം വ്യക്തം.91–ാം വയസ്സിലും ആരോഗ്യത്തിനും മനസ്സിനും ഒരു കുറവും ഇല്ലെങ്കിലും നടക്കാൻ പരസഹായം വേണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം അറിഞ്ഞ നാൾ മുതൽ ഈ ദിവസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. സ്ഥാനാർഥികൾ എത്തിയപ്പോൾ എല്ലാവർക്കും വിജയാശംസകൾ നേർന്നാണു മടക്കിയത്.ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ പവർഹൗസിനു സമീപമാണ് രാഘവനും ഭാര്യ ഭവാനിയും 6 മക്കളും ഇവരുടെ കുടുംബവും താമസിക്കുന്നത്. രാഘവന്റെ തിരിച്ചറിയൽ കാർഡിലെ ജനനത്തീയതി പ്രകാരം ഇപ്പോൾ 78 വയസ്സാണ് ഉള്ളത്. ഇത് കാരണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു വീട്ടിൽ എത്തി ഇദ്ദേഹത്തിന്റെ വോട്ട് നേരിട്ട് വാങ്ങാൻ കഴിയാതിരുന്നതാണു ബൂത്തിൽ എത്തേണ്ടി വന്നത്. മൂഴിയാർ ഗവ. യുപി സ്കൂളിലെ 54–ാം ബൂത്തിലായിരുന്നു വോട്ട്.

ആദിവാസി മൂപ്പനാണ് വോട്ട് ചെയ്യാൻ എത്തിയതെന്ന് അറിഞ്ഞപ്പോൾ ബൂത്തിൽ ഉണ്ടായിരുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും സന്തോഷമായി. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ അനീഷിന്റെ കൈ പിടിച്ചാണു മടക്കം.ബൂത്തിലെ 110 വോട്ടർമാരിൽ പകുതിയിൽ കൂടുതലും ആദിവാസി വിഭാഗത്തിൽ ഉള്ളവരാണ്. ബാക്കിയുള്ള വോട്ടർമാർ പദ്ധതിയിലെ ജീവനക്കാരാണ്.വേലുത്തോട്,മൂഴിയാർ, സായിപ്പിൻക്കുഴി, 40 ഏക്കർ കോളനി തുടങ്ങിയ ഭാഗത്ത് വനത്തിലാണ് ആദിവാസികൾ തമ്പടിച്ചിരിക്കുന്നത്. സ്ഥലത്തെ ബഹുഭൂരിപക്ഷം ആദിവാസികളും വോട്ട് രേഖപ്പെടുത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com