വോട്ട് അഭ്യർഥിച്ചെത്തിയപ്പോൾ ഉണ്ടായ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവച്ച് സ്ഥാനാർഥികൾ...
Mail This Article
ജനജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങളെ അടുത്തറിയാൻ സ്ഥാനാർഥികൾക്ക് ലഭിച്ച അവസരം കൂടിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാർഥികൾ വോട്ടഭ്യർഥിച്ചെത്തിയപ്പോഴുണ്ടായ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
കലാലയ സ്മരണകളിലെ വോട്ടുകാലം
മാത്യു ടി.തോമസ് (എൽഡിഎഫ്)
തിരുവല്ല മാർത്തോമ്മാ കോളജിൽ വിദ്യാർഥിയായിരുന്ന കാലം മുതൽ തിരഞ്ഞെടുപ്പു മത്സരവും വോട്ടുതേടലും മാത്യു ടി.തോമസ് തുടങ്ങിയതാണ്. പിന്നീട് നിയമസഭയിലേക്കും കോട്ടയത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴും എവിടെച്ചെന്നാലും ഒരു സഹപാഠിയെയെങ്കിലും കാണാൻ കഴിയുമായിരുന്നു. തിരഞ്ഞെടുപ്പുകാലം മാത്യു ടീക്ക് അത്തരം കൂടിച്ചേരലുകളുടെ കാലംകൂടിയാണ്. തിരുവല്ല ടിബി ജംക്‌ഷനിലെത്തിയ സ്ഥാനാർഥിയെ കാത്തിരുന്നത് വെള്ള റോസാപ്പൂക്കൾ കൈയിലേന്തിയ സ്ത്രീകളും കുട്ടികളുമാണ്. കൂട്ടത്തിൽ നിന്ന ഉഷാ ചെറിയിൽ നിന്നു പൂ വാങ്ങി അദ്ദേഹം പറഞ്ഞു– കോളജിൽ പഠിക്കുന്ന കാലം മുതൽ ഞാൻ വോട്ടു ചോദിക്കുന്നയാളാണ്. 4 പതിറ്റാണ്ട് പിന്നിട്ടപ്പോഴും സ്ഥാനാർഥിയും വോട്ടറും മാറിയില്ല. ഇത്തരം നാട്ടുപരിചയം ഏതു സ്വീകരണ സ്ഥലത്തു ചെന്നാലും മാത്യു ടിക്കുണ്ട്.
1977ൽ കോളജിൽ പ്രീ ഡിഗ്രിക്കാരനായെത്തി. 1980ൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. അടുത്ത വർഷം ചെയർമാനായി മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് ഒരിക്കൽ കൂടി കൗൺസിലറായി വിജയിച്ചു. ഈ ബന്ധമാണ് ഓരോ തിരഞ്ഞെടുപ്പിലും എവിടെയെങ്കിലും ആകസ്മിക കൂടിച്ചേരലിലേക്ക് നയിക്കുന്നത്. തുടർന്നുള്ള തിരഞ്ഞെടുപ്പു സ്ഥലങ്ങളിലെല്ലാം ആ ഓർമയുടെ സ്പിരിറ്റ് ഒരു മാന്ത്രികത പോലെ ഒപ്പമുണ്ടാകും. ഇത്തരം കണ്ടുമുട്ടലുകൾ പ്രചാരണത്തിനിടയിലെ മറക്കാനാവാത്ത സന്ദർഭങ്ങളാണ്.
‘അവർ പറയാതെ പറയുന്നു,ദുരിതത്തിന്റെ കഥകൾ’
കുഞ്ഞുകോശി പോൾ (യുഡിഎഫ്)
മല്ലപ്പള്ളിയിലെ പൊതുപ്രവർത്തന രംഗത്ത് കാൽനൂറ്റാണ്ട് തികച്ചപ്പോഴാണ് സംസ്ഥാന നിയമസഭയിലേക്കു മത്സരിക്കാനുള്ള നിയോഗം കുഞ്ഞുകോശി പോളിനെ തേടിയെത്തിയത്. നാട്ടുകാരുടെ ഓർമകളിൽ കാലമേറെ മുൻപേയുള്ള തന്റെ പൊതുപ്രവർത്തന ദിനങ്ങൾ നിറഞ്ഞു നിൽക്കുന്നതു കണ്ട് കണ്ണുനിറഞ്ഞ സന്ദർഭങ്ങൾ ഏറെയാണ്. ആഞ്ഞിലിത്താനം ഭാഗത്ത് വീടുകയറി വോട്ടു ചോദിച്ചു ചെന്നപ്പോഴാണ് ടാർപോളിൻ വലിച്ചു കെട്ടിയ ചെറിയ വീട് കണ്ടത്. അവിടേക്കു കയറിച്ചെന്നു. വീടെന്നു പറയാനാവില്ല, ഷെഡാണ്. വയോധികയായ മാതാവ് ഇരിക്കുന്നു. ചെവിക്ക് കേൾവിക്കുറവുണ്ട്. വീടിന്റെ കാര്യം അന്വേഷിച്ചു. പരാതിയൊന്നും പറഞ്ഞില്ല. നമുക്ക് ഈ വീട് പണിയണം എന്നു മാത്രം ഞാൻ പറഞ്ഞു. അപ്പോൾ ആ കണ്ണുകളിലെ തിളക്കം കണ്ടു. കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല.
സർക്കാർ സഹായങ്ങൾ തേടിപ്പിടിച്ചെത്തുന്നവർക്ക് കൊടുക്കുമ്പോൾ മാത്രമല്ല, അർഹിക്കുന്നവരെ കണ്ടെത്തി നൽകുമ്പോഴാണ് പൂർണമാകുന്നതെന്നു മനസ്സിൽ അന്നേ കുറിച്ചിട്ടു. തിരികെ ഇറങ്ങിയപ്പോൾ വഴിയിൽ ആ മാതാവിന്റെ മകളെയും കണ്ടു. അവരോടും വീടു പണിയെക്കുറിച്ച് പറഞ്ഞു. പുറമറ്റത്തെ പര്യടന വേളയിൽ ഒരു മാതാവ് വന്ന് തലയിൽ കൈവച്ച് അനുഗ്രഹിച്ച് ചുംബനം നൽകി. കണ്ണു നിറഞ്ഞു പോയി. കല്ലൂപ്പാറയിൽ പലയിടത്തും ഞങ്ങളുടെ അധ്യാപകൻ പൗലോസ് സാറിന്റെ മകനാണ് എന്നു പറഞ്ഞ് സ്നേഹം പ്രകടിപ്പിച്ചു. പുതുശ്ശേരി എംജിഡി ഹൈസ്കൂളിലെ അധ്യാപകനായിരുന്നു പിതാവ്.
കരിപിടിച്ച ജീവിതങ്ങളുടെ പ്രതീക്ഷ, ഓരോ വോട്ടും
അശോകൻ കുളനട (എൻഡിഎ)
ദുരിത ജീവിതങ്ങളുടെ നേർസാക്ഷ്യങ്ങളാണ് മണ്ഡലത്തിലെ പല കോളനികളിലും കണ്ടത്. എല്ലാ കോളനികളിലും പോകാൻ കഴിഞ്ഞതിന്റെ അനുഭവത്തിലാണിതു പറയുന്നത്. ഏറ്റവും വേദനിപ്പിച്ചത് ആനിക്കാട് പുളിക്കാമല രാജീവ് ഗാന്ധി കോളനിയിലെ കാഴ്ചകളാണ്. 26 വർഷമായി ദുരിതങ്ങളിൽ ജീവിതം തള്ളിനീക്കുന്ന 48 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഓരോ കുടുംബത്തിനും രണ്ടര സെന്റ് വീതം സ്ഥലമുണ്ട്. അതിൽ ഒറ്റമുറി വീടുകൾ. ലീലാമ്മ മണിയന്റെ വീട്ടിലേക്കു കയറാൻ ചെന്നപ്പോഴാണ് വഴിയില്ലെന്നു മനസ്സിലായത്. അവർ അടുക്കള വാതിലിലൂടെ അകത്തേക്കു ക്ഷണിച്ചു. ഒരാൾക്ക് നിന്നു തിരിയാൻ ഇടമില്ലാത്ത അടുക്കള. ഒരു വശത്ത് മാത്രം ഭിത്തി. മറ്റു മൂന്നു വശം ഷീറ്റിട്ട് മറച്ചിരിക്കുന്നു. മൂന്നു കല്ലുകൾ കൂട്ടിവച്ച അടുപ്പിൽ ചളുങ്ങി രൂപഭേദം വന്ന കലം. അതിൽ റേഷനരി തിളയ്ക്കുന്നു. ഉച്ച കഴിഞ്ഞ് 3 മണിയായിരുന്നു. ഇതുവരെ ആഹാരം തയാറായില്ലേ എന്ന ചോദ്യത്തിനു വിഷാദം നിറഞ്ഞ ചിരി മാത്രം മറുപടി.
ജനപ്രതിനിധിക്കു കിട്ടുന്ന വോട്ടിന്റെ മൂല്യം മനസ്സിൽ തെളിഞ്ഞ സന്ദർഭമായിരുന്നു അത്. എന്തെല്ലാം പ്രതീക്ഷകളോടെയാണ് ഓരോ വോട്ടറും വോട്ടു ചെയ്ത് അധികാരം നൽകുന്നത്. അവരുടെ പ്രതീക്ഷകൾക്കു മേൽ കരി പിടിപ്പിച്ചാൽ നഷ്ടപ്പെടുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസമായിരിക്കും. കോളനിയിലെ അടുത്ത വീടുകളിലേക്കു പോകാൻ നോക്കിയപ്പോൾ പല വീടുകളിലേക്കും വഴിയില്ല. അതിനു കാരണമുണ്ട്. രണ്ടു വീടുകൾക്കിടയിലുള്ള സ്ഥലം മുകളിൽ ഷീറ്റിട്ട് മറച്ചെടുത്തിരിക്കുകയാണ് പലരും. ഒറ്റമുറി വീട്ടിൽ എത്ര പേർക്കു കിടക്കാൻ പറ്റും? മക്കൾ വലുതായപ്പോൾ അവർക്കു കിടക്കാനായി രണ്ടു വീടിനിടയിലെ സ്ഥലം കിടപ്പുമുറിയാക്കി മാറ്റി.
കോളനിയിൽ വെള്ളം കിട്ടുന്നത് മാസത്തിലൊരിക്കൽ. മറ്റു ദിവസങ്ങളിൽ വില കൊടുത്തു വാങ്ങുകയാണ്. അല്ലെങ്കിൽ മഴ പെയ്യണം. അത് അവർ ആഗ്രഹിക്കുന്നില്ല. കാരണം മഴ പെയ്താൽ വീടിനു ചോർച്ചയാണ്. താമസിക്കുന്ന സ്ഥലത്തിന് ഇതുവരെയും പട്ടയം ലഭിച്ചിട്ടില്ല. കോളനിയിൽ നിന്നിറങ്ങുമ്പോൾ ഈ ദുരിതം എത്രയും വേഗം അവസാനിക്കണേ എന്നു പ്രാർഥിച്ചുപോയി.