‘പൊതിഞ്ഞുകെട്ടിയ’ പൈപ്പ് വീണ്ടും പൊട്ടി; നടുറോഡിലൂടെ വെള്ളം പാഴാകുന്നു
![pathanamthitta-drinking-water-pipe-bursts pathanamthitta-drinking-water-pipe-bursts](https://img-mm.manoramaonline.com/content/dam/mm/mo/district-news/pathanamthitta/images/2023/2/15/pathanamthitta-drinking-water-pipe-bursts.jpg?w=1120&h=583)
Mail This Article
വടശേരിക്കര ∙ താൽക്കാലികമായി ചോർച്ച അടച്ച പൈപ്പ് വീണ്ടും പൊട്ടി. നടുറോഡിലൂടെ വെള്ളം പാഴാകുന്നു. മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയിൽ വടശേരിക്കര ടിടിടിഎം സ്കൂളിനു സമീപത്താണിത്. കാലപ്പഴക്കം ചെന്ന ഇരുമ്പു പൈപ്പിൽ സുഷിരം വീണ് മാസങ്ങൾക്കു മുൻപ് പൊട്ടിയിരുന്നു.
പരാതി വർധിച്ചപ്പോഴാണ് ചോർച്ച അടയ്ക്കാൻ ജല അതോറിറ്റി അധികൃതർ തയാറായത്. കറുത്ത പ്ലാസ്റ്റിക് വസ്തു ഉപയോഗിച്ച് ചുറ്റിക്കെട്ടുകയായിരുന്നു. മാസങ്ങൾ പിന്നിട്ടതോടെ അതേ സ്ഥാനം വീണ്ടും പൊട്ടി. വൻതോതിൽ വെള്ളം പാഴാകുകയാണ്. വശത്തെ കടയുടെ ഭിത്തിയോടു ചേർന്നാണ് വെള്ളം ഒഴുകുന്നത്. കടകളിൽ വെള്ളം വീഴാതിരിക്കാൻ പ്ലാസ്റ്റിക് മാറ്റ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. റാന്നിക്ക് സർവീസ് നടത്തുന്ന ബസുകൾ നിർത്തിയിടുന്ന ഭാഗത്താണ് പൈപ്പ് പൊട്ടിയത്. റോഡിൽ വെള്ളം നിറഞ്ഞൊഴുകുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടായിട്ടുണ്ട്.