പോത്ത് കൈ പൊള്ളിച്ചു; ഇറച്ചിക്കോഴിയിൽനിന്ന് വളർച്ച; 3 പശുക്കുട്ടികളില്നിന്ന് 70 എണ്ണത്തിലെത്തി ടെപ്പോ ഫാം

Mail This Article
ഇറച്ചിക്കോഴിയിൽനിന്ന് പോത്തിലൂടെ കടന്ന് ഡെയറി സംരംഭമായതാണ് തൃശൂർ ആനന്ദപുരത്തെ ടെപ്പോ ഫാം. 2015ൽ ബ്രോയിലർ കോഴിയുടെ പേരന്റ് ഫാമായിട്ടാണ് തുടക്കം. ബ്രോയിലർ ഇനത്തിന്റെ ആയിരം മാതൃ–പിതൃ ശേഖരമാണുണ്ടായിരുന്നത്. മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വളർത്തി സ്വന്തം കടകളിലൂടെ വിൽക്കാനായിരുന്നു ശ്രമം. അതിനൊപ്പം ഏതാനും പോത്തുകുട്ടികളെക്കൂടി ഫാമിൽ എത്തിച്ചു. ഇറച്ചിക്കോഴിസംരംഭം തരക്കേടില്ലാതെ പോയെങ്കിൽ പോത്തുകുട്ടികൾ കൈ പൊള്ളിച്ചു. രോഗങ്ങളും നോട്ടക്കുറവും മൂലം ചിലത് ചത്തു. അതിനുശേഷം 2017ൽ 3പശുക്കുട്ടികളെ എത്തിച്ചു തുടങ്ങിയതാണ്. ഇപ്പോൾ കറവപ്പശുക്കളും എരുമകളും കിടാരികളും കന്നുകുട്ടികളുമായി എഴുപതോളം ഉരുക്കള്‍.
പ്രവാസിയായ പോതപ്പറമ്പിൽ പി.ഒ.സാബുവാണ് ഉടമയെങ്കിലും ഫാമിലെ പശുക്കളുടെയും കോഴി, അരുമപ്പക്ഷികൾ, നായ്ക്കൾ എന്നിവയുടെയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഫാം മാനേജർ സുഷമയാണ്. 7 വർഷം മുൻപ് ഫാമിന്റെ മേൽനോട്ടം ഏറ്റെടുക്കുമ്പോൾ സുഷമ കൊണ്ടുവന്ന 3 പശുക്കുട്ടികളിൽനിന്നാണ് ഇന്നത്തെ നിലയിലേക്ക് ഫാം വളർന്നത്. അന്നത്തെ പശുക്കുട്ടികളിൽ രണ്ടെണ്ണം നറുംപാൽ ചുരത്തി ഇപ്പോഴും ഫാമിലുണ്ട്. ദിവസം 380 ലീറ്റർ പാലാണ് ശരാശരി ഉൽപാദനം. 50 ലീറ്റർ പാക്കറ്റിലാക്കി സമീപ വീടുകളിൽ വിൽക്കുന്നു. 320 ലീറ്ററോളം പാൽ ക്ഷീരസംഘത്തിൽ അളക്കുന്നു. ഇൻസെന്റീവ് കൂടി ഉൾപ്പെടുത്തി പാലിനു മികച്ച വില ലഭിക്കുന്നുണ്ടെന്ന് സുഷമ പറഞ്ഞു. കുറഞ്ഞ വിലയിൽ കാലിത്തീറ്റ, സൈലേജ് എന്നിവ ക്ഷീരസംഘത്തിൽനിന്നു ലഭ്യമാകുന്നതും വലിയ ആശ്വാസമാണെന്നു സുഷമ.

രണ്ടു നേരമാണ് തീറ്റ. പുല്ല്, സൈലേജ്, കൈതപ്പോള, ചോളത്തട്ട, വൈക്കോൽ എന്നിവ ചേർന്നതാണ് പരുഷാഹാരം. ഒപ്പം പാലുൽപാദനം അനുസരിച്ച് അതതു ഘട്ടത്തിലുള്ള സാന്ദ്രിത തീറ്റയും നൽകും. കറവയ്ക്കു തൊട്ടുമുൻപുതന്നെ സാന്ദ്രിത തീറ്റ പശുക്കളുടെ മുൻപിലെത്തും. കുട്ടികൾക്കും പ്രത്യേക സാന്ദ്രിത തീറ്റയുണ്ട്. അതിനൊപ്പം തീറ്റപ്പുല്ലും നൽകും. പശുക്കൾ ബാക്കിവയ്ക്കുന്ന പുല്ലവശിഷ്ടങ്ങളും കുട്ടികൾക്കു നൽകാറുണ്ട്.
വയലിനു സമീപമാണ് തൊഴുത്ത്. അതുകൊണ്ടുതന്നെ ഫാമിൽ എപ്പോഴും വായുസഞ്ചാരമുണ്ട്. എങ്കിലും ചൂട് കുറയ്ക്കുന്നതിനായി തൊഴുത്തിനും കോഴിക്കൂടുകൾക്കും മുകളിൽ സ്പ്രിംഗ്ലർ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, പശുക്കളുടെ ഷെഡിനുള്ളിൽ ഫോഗറുമുണ്ട്. അതുകൊണ്ടുതന്നെ എപ്പോഴും പശുക്കൾക്ക് സുഖകരമായ അന്തരീക്ഷമാണുള്ളത്.

പശുക്കൾക്കൊപ്പം ഏതാനും എരുമകളും ഫാമിലുണ്ട്. നല്ല ഉരുക്കളെ നോക്കി വളർത്തിയെടുക്കുകയാണ് ഇവിടുത്തെ രീതി. നല്ല വർഗഗുണമുള്ള പോത്തുകളുടെ ബീജം ആധാനം ചെയ്യാനും ശ്രദ്ധിക്കുന്നുണ്ട്.

പശുക്കുട്ടികൾക്കു പ്രാധാന്യം
ഫാമിൽ ജനിക്കുന്ന നല്ല പശുക്കുട്ടികളെ ഇവിടെത്തന്നെ പരിപാലിക്കുന്നു. നേരത്തേ തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്ന പശുക്കൾക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് പശുക്കുട്ടികളെ വളർത്താൻ പ്രേരിപ്പിച്ചത്. തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്ന 3 പശുക്കൾ അധികകാലം ഫാമിലുണ്ടായില്ലെങ്കിലും അവയുടെ കുട്ടികൾ ഇന്ന് ഫാമിന്റെ മുതൽക്കൂട്ടാണ്. ബീജാധാനത്തിന് എൻഡിഡിബി, എബിഎസ് പോലുള്ള കമ്പനികളുടെ ബീജം ഉപയോഗിക്കുന്നു. എണ്ണത്തിൽ കറവപ്പശുക്കൾക്കൊപ്പംതന്നെ പശുക്കുട്ടികളുമുണ്ട്. രാവിലെ 14 ലീറ്ററിനു മുകളിൽ പാൽ ചുരത്തുന്ന പശുക്കളെയാണ് പ്രധാനമായും ഇവിടെ വളർത്തുന്നത്. അതിൽ കുറഞ്ഞവയെ ഇവിടെ നിർത്താറില്ല. ഇവിടെ ജനിച്ച കുട്ടികൾകൂടി ഉൽപാദനത്തിലേക്ക് എത്തുമ്പോൾ മികച്ച പശുക്കളുടെ ശേഖരമുണ്ടാകുമെന്നും സാബു പറഞ്ഞു. ഫാമിന്റെ ഭാവി കൂടി മുന്നിൽക്കണ്ടാണ് നല്ല പശുക്കുട്ടികളെ വില്‍ക്കാതെ നിലനിര്‍ത്തുന്നത്.

പശുക്കുട്ടികളെ മാത്രമല്ല, നല്ല വളർച്ചനിരക്കുള്ള മൂരിക്കുട്ടന്മാരെയും ഇവിടെ നിര്‍ത്തും. വേണ്ടത്ര വലുപ്പമെത്തുമ്പോൾ ഇറച്ചിയാവശ്യത്തിനു വിൽക്കും.
അരുമക്കിളികളും നായ്ക്കളും
വാത്ത, ടർക്കി, മുട്ടക്കോഴികൾ എന്നിവ കൂടാതെ ആഫ്രിക്കൻ ലവ് ബേർഡ്സ്, കോന്യൂർ ഇനങ്ങളായ സൺ, പൈനാപ്പിൾ, ജാൻഡെ എന്നിവയും ബഡ്ജറിഗർ എന്നിവയുടെ ശേഖരവും ഇവിടെയുണ്ട്. റോട്ട് വെയ്‌ലർ, ഡോബർമാൻ ഇനം നായ്ക്കളും ഫാമിലെ താരങ്ങള്‍. അവധിക്കു നാട്ടിലെത്തിയാൽ മിക്കപ്പോഴും സാബു ഫാമിലുണ്ടാവും. ഗൾഫിലായിരിക്കുമ്പോഴും ഇടയ്ക്കിടെ പശുക്കളുടെയും കോഴികളുടെയും കാര്യങ്ങൾ തിരക്കും. അതു ജോലിയിലെ സമ്മർദം കുറയ്ക്കുമെന്നും സാബു.

ഫാം ഫ്രഷ് ചിക്കൻ
ടെപ്പോ ഫാമിൽ ഇപ്പോഴുമുണ്ട് ഇറച്ചിക്കോഴികള്‍. കുഞ്ഞുങ്ങളെ തമിഴ്നാട്ടിലെ പല്ലടത്തുനിന്നുവാങ്ങും. ഒരു ദിവസം പ്രായമുള്ള ഈ കോഴിക്കുഞ്ഞുങ്ങൾക്ക് 12 ദിവസം ബ്രൂഡിങ് നൽകും. ഒപ്പം അഞ്ചാം ദിവസം കോഴിവസന്തയ്ക്കെതിരെയുള്ള ലസോട്ട, 12–ാം ദിവസം ഐബിഡി രോഗത്തിനെതിരെയുള്ള വാക്സീൻ എന്നിവ നൽകും.
10,000 കോഴികളെ വളർത്താനുള്ള ശേഷിയാണ് ഫാമിലുള്ളത്. എങ്കിലും 2,500 എണ്ണമാണ് ഒരു ബാച്ചിൽ വളർത്തുക. ഒരു കിലോ കോഴി ഉൽപാദിപ്പിക്കാൻ 95–100 രൂപയോളം ചെലവു വരും. അതിനു മുകളിൽ വില ലഭിച്ചെങ്കിൽ മാത്രമേ കർഷകനു നിലനിൽപ്പുള്ളൂ. ഇടനിലക്കാരിലൂടെ വിൽക്കുമ്പോൾ മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥ. പല കർഷകരും ഈ മേഖല വിട്ടുപോയത് ഇക്കാരണത്താലാണ്. സ്വന്തം കടകളിലൂടെ വിൽക്കുന്നതിനാൽ ഈ അവസ്ഥ ഒഴിവാക്കാനാകുന്നുണ്ടെന്നു സാബു പറഞ്ഞു. 30 ദിവസം മുതൽ അൽ ഫാം ചിക്കനുവേണ്ടി കോഴികളെ പിടിച്ചുതുടങ്ങും. ഈ പ്രായത്തിൽ ഒരു കോഴി ഏകദേശം 1.6 കിലോ തൂക്കമെത്തിയിരിക്കും. 35–ാം ദിവസം 2 കിലോയിലേക്ക് എത്തും. അപ്പോൾ കടയിലൂടെ ഇറച്ചിയായി വിൽക്കും. പിന്നെ ആ ബാച്ച് തീരുന്നതുവരെ വിൽപന തുടരും. ഒരു ബാച്ച് തീരുമ്പോഴേക്ക് അടുത്ത ബാച്ചിലെ കോഴികൾ വിൽപനയ്ക്ക് തയാറായിട്ടുണ്ടാകും.
ഫോൺ: 94002 49024 (സാബു)