പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ ശ്രീമൻനാരായണൻ; കൊക്കിൽ ഒതുങ്ങുന്നതല്ല ആ പക്ഷിസ്നേഹം

Mail This Article
കോട്ടയം ∙ പരിസ്ഥിതിപ്രവർത്തകനും ഗാന്ധിയനുമായ ശ്രീമൻനാരായണൻ ‘കൊക്കിൽ ഒതുങ്ങുന്നതേ കൊടുക്കാവൂ’ എന്ന സന്ദേശത്തിന്റെ പ്രചാരകനാണ്. കടുത്ത വേനലിൽ കിളികൾക്കു ദാഹമകറ്റാൻ സൗജന്യമായി മൺപാത്രം വിതരണം ചെയ്യുന്ന ശീലവും സന്ദേശവും ഓരോ വേനലും കഴിയുന്നതോടെ ചിറകടിച്ചു ദേശം കടക്കുകയാണ്. 2 ലക്ഷം മൺപാത്രങ്ങൾ വിതരണം ചെയ്യുകയെന്ന ലക്ഷ്യം പൂർത്തിയാക്കാനുള്ള യജ്ഞം തിങ്കളാഴ്ച ആരംഭിക്കും.
വാഴൂർ ഉള്ളായം യുപി സ്കൂൾ, എസ്എ എൽപി സ്കൂൾ എന്നിവിടങ്ങളിലെ 150 കുട്ടികൾക്കു നാളെ 10നു മൺപാത്രം വിതരണം ചെയ്യും. വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന പരിപാടിയിൽ അധ്യാപകനും വൃക്ഷവൈദ്യനുമായ കെ.ബിനു മൺപാത്രങ്ങൾ ഏറ്റുവാങ്ങും. 14 ജില്ലകളിലേക്കും വിതരണം ചെയ്യുന്നതിനുള്ള മൺപാത്ര വിതരണ വാഹന മഹാപരിക്രമണം നാളെ 11നു സ്വദേശമായ ആലുവ മുപ്പത്തടത്തു നിന്ന് ആരംഭിക്കും. 10 ദിവസം കൊണ്ട് 1001 കേന്ദ്രങ്ങളിലായി പതിനായിരം പാത്രങ്ങൾ വിതരണം ചെയ്യും.
‘ജീവജലത്തിന് ഒരു മൺപാത്രം’ എന്ന പേരിൽ കഴിഞ്ഞ 12 വർഷം കൊണ്ട് 1,60,000 പാത്രങ്ങൾ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൻകിബാത്തിൽ ഈ പ്രവൃത്തിയെ മുൻപു പ്രശംസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ഗുരുവായൂരിൽ പ്രധാനമന്ത്രിക്കു മൺപാത്രം സമ്മാനിച്ചു. തായ്‌വാനിലെ ദ് സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷനൽ അസോസിയേഷൻ വേൾഡ് കംപാഷൻ രാജ്യാന്തര അവാർഡ് (7 ലക്ഷം രൂപ), സുഗതകുമാരി നവതി ആഘോഷ സമിതിയുടെ സുഗത നവതി പുരസ്കാരം (5 ലക്ഷം ) എന്നിവ ലഭിച്ചിട്ടുണ്ട്. 40– 50 രൂപ വിലയുള്ള മൺപാത്രങ്ങളാണു സൗജന്യമായി നൽകുന്നത്. സന്നദ്ധ സംഘടനകൾക്കും പക്ഷി പ്രേമികൾക്കും ബന്ധപ്പെടാം.
ഇ– മെയിൽ വിലാസം: sreemannarayanan2014@gmail. com