വികസനക്കുതിപ്പിന് 1,000 കോടിയുടെ മുനിസിപ്പൽ ബോണ്ടുമായി കേരളം; സാധ്യതകളും വെല്ലുവിളികളും

Mail This Article
വ്യക്തികൾ ഒരു നിശ്ചിത പലിശനിരക്കിൽ സർക്കാരിനോ കമ്പനിക്കോ നിശ്ചിതകാലത്തേക്ക് പണം കടം കൊടുക്കുന്ന, ഒരു സ്ഥിര വരുമാന ഉപകരണവും നിക്ഷേപ ഉൽപന്നവുമാണ് ബോണ്ട്. ബോണ്ടിൽ നിക്ഷേപിക്കുന്നവർക്ക് മുൻ നിശ്ചയിച്ച സമയങ്ങളിൽ പലിശയും കാലാവധി തീരുമ്പോൾ മുതലും തിരിച്ചു ലഭിക്കും.

മുനിസിപ്പൽ ബോണ്ടുകൾ, ഗ്രീൻ ബോണ്ടുകൾ എന്നിവ വഴി 1,000 കോടി രൂപ സമാഹരിക്കാൻ പ്രാദേശിക ഭരണകൂടങ്ങളെയും അവയുടെ കൺസോർഷ്യങ്ങളെയും സഹായിക്കുന്നതിന് വിശദമായ നിർദേശം ആവിഷ്കരിക്കുമെന്ന് ഇക്കഴിഞ്ഞ കേരള ബജറ്റിൽ പറഞ്ഞിരുന്നു. ഇങ്ങനെ സമാഹരിക്കുന്ന തുക ഐടി പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റോഡുകൾ, മാലിന്യ സംസ്കരണം, ജലവിതരണ പദ്ധതികൾ തുടങ്ങിയ പദ്ധതികൾ നടപ്പാക്കാൻ ഉപയോഗിക്കാം.

സ്കൂളുകൾ, ഹൈവേകൾ, ജലവിതരണം, അഴുക്കുചാൽ സംവിധാനങ്ങൾ തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും ധനസഹായം നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സെക്യൂർഡ് മുനിസിപ്പൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യും. ഇത്തരം സ്ഥാപനങ്ങളുടെ സർക്കാർ പിന്തുണ കാരണം അവ സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ മാർഗമായി കണക്കാക്കപ്പെടുന്നു.
യുഎസ്, കാനഡ തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള ബോണ്ടുകൾ സാധാരണവും വിജയകരവുമാണ്. 1997ൽ ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ 125 കോടി രൂപ സമാഹരിച്ച് ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ ബോണ്ട് പുറത്തിറക്കി. ഒരു വർഷത്തിനുശേഷം 1998 ൽ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ 100 കോടി രൂപയുടെ ബോണ്ടുകളും പുറത്തിറക്കി പണം സമാഹരിച്ചിരുന്നു.
മുനിസിപ്പൽ ബോണ്ടുകളും റിസ്കും
രണ്ടുതരം മുനിസിപ്പൽ ബോണ്ടുകളുണ്ട്; ജനറൽ ഒബ്ലിഗേഷൻ ബോണ്ടുകളും റവന്യൂ ബോണ്ടുകളും ആശുപത്രികളുടെയും വിമാനത്താവളങ്ങളുടെയും നിർമാണം പോലുള്ള നിർദിഷ്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം നൽകാൻ ഉപയോഗിക്കുന്ന റവന്യൂ ബോണ്ടാണ് ബജറ്റിൽ നിർദേശിച്ചത്. ഈ ബോണ്ടുകളുടെ പലിശയും മുതലും നൽകുന്നത് പ്രസ്തുത പദ്ധതികളിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്.

അതുകൊണ്ട് തന്നെ പ്രോജക്റ്റുകളുടെ വിജയ പരാജയ സാധ്യതകൾ ഇത്തരം ബോണ്ടുകളെ റിസ്കുള്ളതാക്കി മാറ്റുന്നു. അതിനാൽ, ബോണ്ട് ഇഷ്യൂവിന്റെ വിജയം സാമ്പത്തികമായി ലാഭകരമായ പദ്ധതികൾ തിരഞ്ഞെടുക്കുന്നതിനെയും അവയുടെ വിജയകരമായ നടത്തിപ്പിനെയും ആശ്രയിച്ചിരിക്കുന്നു.
ഈ ബോണ്ടുകൾ നിക്ഷേപകർക്ക് നികുതി ആനുകൂല്യങ്ങളും പോർട്ട്ഫോളിയോ വൈവിധ്യവൽകരണ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സ്ഥിര നിക്ഷേപം പോലുള്ള മറ്റ് റിസ്ക് രഹിത സെക്യൂരിറ്റികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന കൂപ്പൺ നിരക്ക് വാഗ്ദാനം ചെയ്താൽ മാത്രമേ അവ നിക്ഷേപകരെ ആകർഷിക്കൂ. സ്വകാര്യ കമ്പനികൾ നൽകുന്ന കോർപ്പറേറ്റ് ബോണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മുനിസിപ്പൽ ബോണ്ടുകൾ പൊതുവെ സുരക്ഷിതമാണെന്ന നേട്ടമുണ്ട്.
വേണോ ഹ്രസ്വകാല ബോണ്ട്?
മുനിസിപ്പൽ ബോണ്ടുകളുടെ പ്രധാന പോരായ്മ അവ പൊതുവെ വളരെ ഇല്ലിക്യൂഡാണ്. നിക്ഷേപകർക്ക് ആനുകാലിക പലിശ പേയ്മെന്റുകൾ ലഭിച്ചേക്കാം. പക്ഷേ അവർ, അവരുടെ മുതൽത്തുക നേരത്തെ വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതത്ര എഴുപ്പമല്ല. ഈ ബോണ്ടുകളിൽ ചിലത് എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, അവ പതിവായി ട്രേഡ് ചെയ്യപ്പെടുന്നില്ല, ഇത് ലിക്വിഡേഷൻ ബുദ്ധിമുട്ടാക്കുന്നു. അതിനാൽ, പണലഭ്യത മെച്ചപ്പെടുത്തുന്നതിന് മുനിസിപ്പാലിറ്റികൾ ഹ്രസ്വകാല ബോണ്ടുകൾ പുറത്തിറക്കുന്നത് നല്ലതാണ്.

ഇന്ത്യയിൽ, സർക്കാർ സോവറിൻ ബോണ്ട് മാർക്കറ്റ് വളരെ നിഷ്ക്രിയമാണ്; ഇത് മുനിസിപ്പൽ ബോണ്ടുകളുടെ സ്ഥിതി കൂടുതൽ വഷളാക്കും. നിലവിൽ ഇൻഡോർ, ഭോപ്പാൽ, അഹമ്മദാബാദ്, രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനുകൾ നൽകുന്ന ബോണ്ടുകൾ എൻഎസ്ഇയിൽ വ്യാപാരത്തിന് ലഭ്യമാണ്. ഇൻഡോർ, ഭോപ്പാൽ മുനിസിപ്പൽ ബോണ്ടുകൾ യഥാക്രമം 9.25%, 9.55% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് നിക്ഷേപങ്ങളും സ്ഥിര നിക്ഷേപങ്ങളും വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നിരക്കുകൾ ഏറെ ആകർഷകം. അതിനാൽ, ആകർഷകമായ കൂപ്പൺ നിരക്ക് നിക്ഷേപകരുടെ താൽപര്യത്തെ ഉത്തേജിപ്പിക്കും. കൂടാതെ, കിഴിവിൽ ബോണ്ടുകൾ നൽകുന്നത് നിക്ഷേപകരുടെ വരുമാനം വർധിപ്പിക്കും.
നിബന്ധനകളും റേറ്റിങ്ങും
സെബി അനുശാസിക്കുന്ന പ്രകാരം, ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ക്രെഡിറ്റ് റേറ്റിങ് ഏജൻസിയിൽ നിന്ന് ക്രെഡിറ്റ് റേറ്റിങ് നേടണം. ഇത് കേരളത്തിലെ മുനിസിപ്പാലിറ്റികൾക്ക് മറ്റൊരു തടസ്സമാണ് സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന്, അഹമ്മദാബാദ് മുനിസിപ്പൽ ബോണ്ടിന് ക്രിസിൽ (CRISIL) AA+ റേറ്റിങ്ങും ഇൻഡോർ മുനിസിപ്പൽ ബോണ്ടിന് കെയറിന്റെ (CARE) സ്റ്റേബിൾ റേറ്റിങ്ങുമുണ്ട്.
ചുരുക്കത്തിൽ, മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നതിൽ കേരളത്തിന്റെ വിജയം മത്സരാധിഷ്ഠിത പലിശനിരക്ക്, കാര്യക്ഷമമായ പദ്ധതി നിർവഹണം, ശക്തമായ ക്രെഡിറ്റ് റേറ്റിങ് എന്നിവയെ ആശ്രയിച്ചിരിക്കും. ശ്രദ്ധാപൂർവമായ ആസൂത്രണത്തിലൂടെയും നിക്ഷേപകരുടെ ഇടപെടലിലൂടെയും അടിസ്ഥാന സൗകര്യവികസനത്തിന് ഈ ഫണ്ടിംഗ് സംവിധാനം ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയും.
ലേഖകർ - ഡോ. റിന്റു ആന്റണി, അസിസ്റ്റന്റ് പ്രൊഫസർ, രാജഗിരി ബിസിനസ് സ്കൂൾ, കൊച്ചി.
പി.എ. വർഗീസ്, അസിസ്റ്റന്റ് പ്രൊഫസർ, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business