ഇന്ദിരാ ഭവൻ ലോഡ്ജും ഗുരുവായൂരപ്പൻ ഹോട്ടലും: ഓർമകളിൽ മടങ്ങിയെത്തി ഐഎസ്ആർഒ ചെയർമാൻ

Mail This Article
തിരുവനന്തപുരം ∙ ‘1991 ഡിസംബറിൽ പിഎച്ച്ഡി പൂർത്തിയാക്കി തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഇന്ദിരാ ഭവൻ ലോഡ്ജിൽ താമസം ആരംഭിച്ചത്–’ ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണൻ പഴയ ഓർമകൾക്കു നടുവിലായിരുന്നു.ഇന്നലെ ഭാര്യ ഡോ.എൻ.കെ.കവിതാരാജിനൊപ്പം തമ്പാനൂർ ഗാന്ധാരിയമ്മൻ കോവിൽ റോഡിലെ ഗുരുവായൂരപ്പൻ ഹോട്ടലിലെത്തിയ അദ്ദേഹം ഇന്ദിരാ ഭവൻ ലോഡ്ജിലേക്കു നടന്നുപോയി.
ഇതേ ലോഡ്ജിലായിരുന്നു മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാമും ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ.ശിവനും പാർത്തിരുന്നത്. ഒന്നരവർഷത്തെ ഇന്ദിരാ ഭവൻ വാസത്തിനിടയിൽ പലപ്പോഴും ഡോ.ശിവനുമായി കണ്ടുമുട്ടിയിട്ടുണ്ടെന്നു അദ്ദേഹം ഓർമിച്ചു.
‘അപ്പോഴേക്കും ഞാൻ വിഎസ്എസ്‌സിയിൽനിന്ന് എൽപിഎസ്‌സിയിലേക്കു മാറിയിരുന്നു. തമ്പാനൂരിലോ സ്റ്റാച്യുവിലോ നടന്നുപോയാണ് വലിയമലയിലെ എൽപിഎസ്‌സിയിലേക്കു ബസ് പിടിക്കുക. വൈകിട്ട് മിക്കവാറും ഗുരുവായൂരപ്പൻ ഹോട്ടലിൽനിന്ന് കഞ്ഞിയും പയറും പപ്പടവും കഴിക്കും. ഡോ.ശിവനും അവിടെനിന്നു ഭക്ഷണം കഴിക്കാറുണ്ടായിരുന്നു.
പല സഹപ്രവർത്തകരും ഈ പരിസരത്താണു താമസിച്ചിരുന്നത്. സ്വന്തം വീടു പോലെ ഒരു അനുഭവമാണ് ഇവിടവുമായി ഞങ്ങൾക്കുള്ളത്–’ ഡോ.നാരായണൻ പറഞ്ഞു.സ്വദേശമായ നാഗർകോവിലിൽനിന്നു ജോലി നേടി തിരുവനന്തപുരത്തേക്ക് എത്തിയപ്പോൾ ഡോ.വി.നാരായണന് ആശ്രയമായിരുന്നത് കുന്നുകുഴിയിലെ ഒരു വീടായിരുന്നു.
പിന്നീട് കരമനയിലെ ഒരു വീട്ടിലേക്കു മാറി. 1992 മുതൽ ഇന്ദിര ഭവൻ ലോഡ്ജിലേക്കു മാറി. പിന്നീട് ക്രയോജനിക് എൻജിനെ കുറിച്ചു പഠിക്കാൻ റഷ്യയ്ക്കു പോയി. 1996ൽ വിവാഹിതനായി. പലപ്പോഴും ഭാര്യയ്ക്കൊപ്പം ഗുരുവായൂരപ്പൻ ഹോട്ടലിലെത്തി കഞ്ഞിയും പയറും പപ്പടവും കഴിക്കാറുണ്ടായിരുന്നുവെന്നും ഡോ.നാരായണൻ പറഞ്ഞു.