പൂന്താനം പുരസ്കാരം നൽകാനാകാത്തത് വേദനാജനകം: മന്ത്രി ആർ. ബിന്ദു

Mail This Article
ഗുരുവായൂർ ∙ പൂന്താനത്തിന്റെ പേരിലുള്ള പുരസ്കാരം മലയാളികൾ നെഞ്ചേറ്റിയ കവിക്ക് നൽകാനാകാത്തത് നിർഭാഗ്യകരമെന്ന് മന്ത്രി ആർ. ബിന്ദു. ഇതോടെ കവിയെ ആദരിക്കാനുള്ള സുവർണാവസരം നഷ്ടമായി. ഇത് പൂന്താനത്തെയും വേദനിപ്പിച്ചിട്ടുണ്ടാകാം. ദേവസ്വം പൂന്താനദിന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജ്ഞാനപ്പാന പുരസ്കാരം കവി പ്രഫ. വി.മധുസൂദനൻ നായർക്ക് നൽകാൻ ദേവസ്വം തീരുമാനിച്ചിരുന്നു. പരാതിയെത്തുടർന്ന് പുരസ്കാരം നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ പരാമർശിക്കുകയായിരുന്നു മന്ത്രി.
ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അധ്യക്ഷനായി. പൂന്താന ദിനത്തിലെ കാവ്യപൂജ ഉദ്ഘാടനം ചെയ്ത കവി വി.മധുസൂദനൻ നായർ പറഞ്ഞതിങ്ങനെ. ‘ഒട്ടേറെ യാതന അനുഭവിച്ചിട്ടും കണ്ണ് നിറയാത്തവനാണ് കണ്ണൻ. എന്നാൽ സമകാലിക ലോകത്ത് ഉള്ള് പിടയുന്നു. ഞാൻ കരഞ്ഞു പോകുന്നു. കൃഷ്ണൻ നേടിയ യോഗബലം എനിക്കും കിട്ടണേയെന്നാണ് പ്രാർഥന’. മധുസൂദനൻ നായരെയും സി.രാധാകൃഷ്ണനെയും മന്ത്രി ആദരിച്ചു.
എൻ.കെ.അക്ബർ എംഎൽഎ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, കൗൺസിലർ ശോഭ ഹരിനാരായണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ്.ബി.നായർ, സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പ്രസംഗിച്ചു. മുരളി പുറനാട്ടുകര പൂന്താനം കൃതികൾ ആലപിച്ചു. മത്സര വിജയികൾക്ക് സമ്മാനം നൽകി.
പൂന്താനം കൃതികളുടെ പാരായണം
ഗുരുവായൂർ ∙ പൂന്താനദിനത്തിൽ വി. അച്യുതൻകുട്ടിയുടെ നേതൃത്വത്തിൽ പൂന്താനം കൃതികളുടെ പാരായണം നടന്നു. പൂന്താനം കൃതികളെക്കുറിച്ചുള്ള സെമിനാർ എസ്.കെ. വസന്തൻ ഉദ്ഘാടനം ചെയ്തു. പ്രഫ. സി.പി.ചിത്രഭാനു, കെ.വി.സജയ്, പ്രഫ. വിജു നായരങ്ങാടി എന്നിവർ പ്രസംഗിച്ചു. കാവ്യപൂജയിൽ പി.ടി.നരേന്ദ്രമേനോൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഇ.പി.ആർ. വേശാല, മോഹനകൃഷ്ണൻ കാലടി, ഗുരുവായൂർ കൃഷ്ണൻകുട്ടി, ഡോ. ബിജു ബാലകൃഷ്ണൻ, ദേവൂട്ടി ഗുരുവായൂർ, ശ്രീജിത് പെരുന്തച്ചൻ, കെ.എസ്.ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.