മന്ത്രി ബിന്ദുവിന്റെ പ്രത്യേക ഇടപെടൽ; അർജുന് തൃശൂരിലൊരു ‘സീറ്റ് ’ സ്വന്തം

Mail This Article
തൃശൂർ ∙ തൃശൂർ ലോ കോളജിൽ കാഴ്ചപരിമിതർക്കായി ഒരു സീറ്റ് സൃഷ്ടിക്കാൻ കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട് മന്ത്രി ആർ.ബിന്ദു നടത്തിയ ഇടപെടൽ ഉന്നത പഠനവഴിയിൽ അർജുന്റെ ഇരുളകറ്റും. എറണാകുളം ലോ കോളജിൽനിന്ന് തൃശൂരിലേക്കു പഠനം മാറ്റിത്തരണമെന്നു കാണിച്ച് കാഴ്ചപരിമിതിയുള്ള വിയ്യൂർ സ്വദേശി അർജുൻ കെ.കുമാർ നൽകിയ നിവേദനത്തെ തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ.
സർവകലാശാല ഉടൻ അനുകൂല തീരുമാനമെടുത്തു. പഠനം പുതിയ സീറ്റിലേക്കു മാറ്റിക്കൊണ്ടുള്ള ഉത്തരവ് തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കൈമാറി. രക്ഷിതാക്കളായ കൃഷ്ണകുമാറും അമ്പിളിയും ഒപ്പമുണ്ടായിരുന്നു. എറണാകുളത്ത് എൽഎൽഎം സീറ്റ് ലഭിച്ചെങ്കിലും യാത്രാ പ്രശ്‌നം മൂലം ഉന്നത പഠനത്തിനു തടസ്സമുണ്ടാകുമോയെന്ന ആശങ്ക ഇതോടെ വഴിമാറി.
കേരളവർമ കോളജിൽ ഫിലോസഫിയിൽ ബിരുദമെടുത്ത ശേഷമാണ് അർജുൻ നിയമത്തിൽ ബിരുദാനന്തര ബിരുദ പഠനത്തിന് തയാറെടുക്കുന്നത്. കഴിഞ്ഞമാസം തൃശൂർ ഗവ.എൻജിനീയറിങ് കോളജിലെ ഭിന്നശേഷി വിദ്യാർഥി ഫിയറോ ജെയിന് പഠന സൗകര്യാർഥം താമസിക്കാൻ സ്റ്റാഫ് ക്വാർട്ടേഴ്സ് മന്ത്രി പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചിരുന്നു.