മദ്യം: ബില്ലുമില്ല, ബാക്കിയുമില്ല; ബാറുകളിൽ തോന്നിയ വില

Mail This Article
ബത്തേരി ∙ ബവ്റിജസിനൊപ്പം മദ്യം പാർസൽ അനുവദിച്ചിട്ടുള്ള ബാറുകളിൽ തോന്നിയ വില ഈടാക്കുന്നു. പലയിടത്തും പത്തും പതിനഞ്ചും ശതമാനം വില കൂട്ടി വിൽക്കുന്നതായാണ് വിവരങ്ങൾ. അടഞ്ഞു കിടന്ന മദ്യശാലകൾ വീണ്ടും തുറക്കാൻ അനുവദിച്ചപ്പോൾ ബവ്റിജസ് ഒൗട്‌ലെറ്റുകളിലെ അതേ വിലയ്ക്ക് മദ്യം വിൽക്കാനാണ് ബാറുകൾക്കും അനുമതി നൽകിയിട്ടുള്ളത്. എന്നാൽ മിക്ക ബാറുകളും തിങ്കളാഴ്ച മുതൽ അവരവർക്കു തോന്നിയ പോലെ കൂട്ടി വിൽക്കുന്നുവെന്നാണ് പരാതി.
കൂടിയ വിലക്കുള്ള ബിൽ നൽകാതെ ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്യുന്നു. ബത്തേരി ടൗണിൽ പുതുതായി തുടങ്ങിയ ഒരു ബാറിൽ ഞായർ വൈകിട്ട് 530 രൂപ വിലയുള്ള അര ലീറ്റർ മാൻഷൻ ഹൗസ് മദ്യത്തിന് 590 രൂപയാണ് ഈടാക്കിയതെന്ന് ഒരു ഉപഭോക്താവ് പരാതിപ്പെട്ടു. ബിൽ നൽകിയതാകട്ടെ 530ന്റെയും. കാര്യം തിരക്കിയപ്പോൾ 10 ശതമാനം കൂട്ടി വാങ്ങാനാണ് ഉടമകളുടെ തീരുമാനമെന്ന് അറിയിച്ചു. അത് സർവീസ് ചാർജ് ആണെന്നും പറഞ്ഞു. ബിൽ ചോദിച്ചപ്പോൾ ഇല്ലെന്നും പറഞ്ഞു.
530 രൂപയുടെ 10% കൂട്ടിയാൽ തന്നെ 583 ആകുന്നുള്ളു. അതിനു പുറമേയാണ് ഒരു കണക്കിലുമില്ലാത്ത 7 രൂപ കൂടി കൂട്ടി വാങ്ങുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നവർക്ക് എംആർപി നിരക്കിൽ മദ്യം നൽകുകയും ബാക്കി 99 ശതമാനം ആളുകളെയും കബളിപ്പിക്കുകയുമാണ് ചെയ്യുന്നത്. ബിൽ നൽകാത്തതിനാൽ കൗണ്ടറിലുള്ളവർക്കു തോന്നിയ വിലക്ക് മദ്യം വിൽക്കാനും കഴിയുന്നു. ബത്തേരി ചുങ്കത്തെ മറ്റൊരു ബാറിൽ 480 രൂപയുടെ മദ്യത്തിന് 530 രൂപയാണ് ആവശ്യപ്പെട്ടത്.
അവിടെ ബിൽ എന്നു പറഞ്ഞ സംഗതിയേ ഇല്ല. വില കൂട്ടിയ കാര്യം ചോദിച്ചപ്പോൾ 10% കൂട്ടി വാങ്ങാൻ സർക്കാർ ഉത്തരവുണ്ടെന്നാണ് ആദ്യം പറഞ്ഞത്. അങ്ങിനെയില്ലല്ലോ എന്നു പറഞ്ഞപ്പോൾ ഉടമകളുടെ തീരുമാനമാണെന്ന് മാറ്റിപ്പറഞ്ഞു. ഇത്തരത്തിൽ 10% കൂട്ടിയെന്ന് പറഞ്ഞ് അതിലും കൂടുതൽ വില ഈടാക്കുകയും ബിൽ നൽകാതിരിക്കുകയുമാണ് ചില ബാറുകളിൽ ചെയ്യുന്നത് ബിൽ നൽകാത്തതിനാൽ എത്ര അധികം വാങ്ങിയെന്ന് ആർക്കും അറിയാനും കഴിയില്ല. എംആർപി നിരക്കിൽ മാത്രമേ മദ്യം വിൽക്കാവൂ എന്ന കർശന നിർദേശമുള്ളപ്പോഴാണ് ഇത്തരത്തിൽ കൊള്ളയടി നടക്കുന്നത്.
എംആർപി മാത്രമേ ഈടാക്കാവൂ
ഇപ്പോഴത്തെ അവസ്ഥയിൽ ബാറുകളിൽ നിന്നുള്ള പാർസൽ വിൽപനയിൽ മദ്യത്തിന് എംആർപി മാത്രമേ ഈടാക്കാവൂ. സർക്കാർ ഉത്തരവ് പ്രകാരം പാർസൽ ആകുമ്പോൾ എംആർപിയിൽ കൂടുതൽ വാങ്ങാൻ പാടില്ല. വാങ്ങുന്ന വിലയ്ക്കുള്ള ബിൽ നൽകുകയും വേണം. ബാർ പൂർണ തോതിൽ പഴയ പോലെ പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേ കൂടിയ വില വാങ്ങാൻ പാടുള്ളൂ. യഥാർഥത്തിൽ പാർസലായി വിൽക്കാൻ തന്നെ ബാറുകൾക്ക് അനുമതിയില്ല. പകർച്ചവ്യാധി നിരോധന നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരത്തിൽ തന്നെ വിൽക്കാൻ അനുമതി നൽകിയിട്ടുള്ളത്. പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് ആലോചിക്കും. അഗസ്റ്റിൻ ജോസഫ് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ