കേന്ദ്രീയ വിദ്യാലയ ക്വോട്ട റദ്ദാക്കൽ: സംസ്ഥാന ജീവനക്കാർ കോടതിയിലേക്ക്
Mail This Article
പത്തനംതിട്ട ∙ കേന്ദ്രീയ വിദ്യാലയങ്ങളിൽ തങ്ങളുടെ മക്കൾക്കുള്ള പ്രത്യേക ക്വോട്ട റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ ജീവനക്കാർ കോടതിയിലേക്ക്. സംസ്ഥാന സർക്കാരോ സർക്കാർ വകുപ്പോ വിട്ടു നൽകിയ സ്ഥലങ്ങളിൽ നടത്തുന്ന കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ഒരു ഡിവിഷനിൽ സർക്കാർ ജീവനക്കാരുടെ മക്കൾക്ക് 5 സീറ്റ് നൽകണമെന്നായിരുന്നു വ്യവസ്ഥ. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഏകദേശം 30 കെവികളിലായി 500 സീറ്റുകളാണ് സംസ്ഥാന ജീവനക്കാരുടെ മക്കൾക്കു ലഭ്യമായിരുന്നത്.
Read Also : പ്ലസ് വൺ: രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എന്നാൽ കഴിഞ്ഞവർഷം പുതുക്കിയ മാനദണ്ഡപ്രകാരം കേന്ദ്ര സർക്കാർ, കേന്ദ്ര പൊതുമേഖലാ ജീവനക്കാർ എന്നിവരുടെ കുട്ടികൾക്കു അഡ്മിഷൻ നൽകിയശേഷം ബാക്കിയുണ്ടെങ്കിൽ മാത്രമേ സംസ്ഥാന സർക്കാർ ജീവനക്കാരുടെ മക്കൾക്കു സീറ്റ് ലഭിക്കൂ. ഇതുമൂലം തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളിൽ കുട്ടികൾക്ക് ഒരു സീറ്റ് പോലും ഒഴിവില്ലാത്ത സ്ഥിതിയാണ്.
മുഖ്യമന്ത്രിക്കും പരാതി നൽകും
ക്വോട്ട നിർത്തലാക്കിയതിനെതിരെ ഒന്നാംക്ലാസ് പ്രവേശനം നിഷേധിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിയായ ആറു വയസ്സുകാരിയുടെ രക്ഷിതാക്കൾ മുൻപ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പിന്നീട് അഡ്മിഷൻ ലഭിച്ചതിനാൽ കേസ് മുന്നോട്ടുപോയില്ല. കേന്ദ്രീയ വിദ്യാലയങ്ങളിൽ പാർലമെന്റംഗങ്ങൾക്കുള്ള പ്രത്യേക ക്വോട്ടയും നേരത്തെ നിർത്തലാക്കിയിരുന്നു. സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ മുഖ്യമന്ത്രിക്കു കത്ത് നൽകും.
Content Summary : Kendriya Vidyalaya Quota Cancellation: State Employee Approach Court