അന്ന് എല്ലാവരും എന്നെ കളിയാക്കി; ആ രണ്ട് അധ്യാപകർ തുണയായി: ഡോ. പി.വി. ഗംഗാധരൻ

Mail This Article
അച്ഛന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഒരു ടെക്സ്റ്റൈൽ കമ്പനി ഉണ്ടായിരുന്നു. എന്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതും അവിടെയാണ്. അഞ്ചാംവയസ്സിൽ മൂന്നാം ക്ലാസ്സിലാണ് എന്നെ ചേർത്തത്. അടുത്തവർഷം നാട്ടിലെത്തി നാലാം ക്ലാസ്സിൽ ചേർന്നു. പതിമൂന്നര വയസ്സില്‍ ഞാൻ എസ്എസ്എൽസി കഴിഞ്ഞു. അച്ഛനും അമ്മയും തിരുപ്പൂരിൽ ആയതിനാൽ അമ്മൂമ്മയുടെ കൂടെ നിന്നാണു വളർന്നത്. പതിനഞ്ചര വയസ്സിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി. പ്രഫഷനൽ കോഴ്സുകൾക്കു ചേരണമെങ്കിൽ പതിനേഴു വയസ്സ് പൂർത്തിയാകണം. അച്ഛൻ ടെക്സ്റ്റൈൽസ് രംഗത്ത് ആയതുകൊണ്ടു തന്നെ കെമിസ്ട്രിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കോഴ്സാണെങ്കിൽ ഭാവിയിൽ ഉപകാരപ്പെടുമെന്നു കരുതി മഹാരാജാസ് കോളജിൽ ബിഎസ്‌സി കെമിസ്ട്രിക്കു ചേർന്നു. അവസാന വർഷ പരീക്ഷ എഴുതിക്കഴിഞ്ഞ് തിരുപ്പൂരിലേക്കു പോയി. അച്ഛന്റെ നിർദേശം അനുസരിച്ച് ഞാൻ കമ്പനി നോക്കി നടത്തി. ഏകദേശം മൂന്നു നാലു മാസത്തോളം അങ്ങനെ പോയി. അതിനുശേഷം വീണ്ടും ഇനിയെന്തെന്ന ചോദ്യം ഉയർന്നു വന്നു.
മൂത്തജ്യേഷ്ഠൻ എൻജിനീയർ ആയിരുന്നു. രണ്ടാമത്തെയാൾ എംബിബിഎസ് കഴിയാറായി. മൂന്നാമത്തെയാൾ ഫാക്ടറി നോക്കി നടത്തട്ടെയെന്നതായിരുന്നു അച്ഛന്റെ ചിന്ത. ആ സമയത്താണ് അമ്മ അതുവരെ ആരോടും പറയാതെ മനസ്സിൽ സൂക്ഷിച്ച ആഗ്രഹം വെളിപ്പെടുത്തിയത്. എനിക്ക് ഗംഗാധരൻ എന്നു പേരിടാൻ തന്നെ കാരണം ഞാൻ ജനിക്കുന്നതിനു മുൻപ് മരിച്ചുപോയ അമ്മയുടെ സഹോദരന്റെ ഓർമയ്ക്കായാണ്. അദ്ദേഹം ഡോക്ടറായിരുന്നു. അതിനാൽ, അമ്മയുടെ ആഗ്രഹം എന്നെ ഡോക്ടർ ആക്കണമെന്നതായിരുന്നു. അമ്മ അതു പറഞ്ഞപ്പോൾ അച്ഛനും അമ്മയെ അനുകൂലിച്ചു. അങ്ങനെയാണ് ഞാൻ എംബിബിഎസ് തിരഞ്ഞെടുത്തത്. ജീവിതത്തിലെ ആദ്യ വഴിത്തിരിവായത് അമ്മയാണ്.
കോട്ടയം മെഡിക്കൽ കോളജിലായിരുന്നു എംബിബിഎസ് പഠനം. മികച്ച അധ്യാപകരായിരുന്നു അന്നുണ്ടായിരുന്നത്. ഡോ. മാത്യു പാറയ്ക്കൽ, ഡോ. ജോർജ് ജേക്കബ് തുടങ്ങിയവർ. എന്നെ ഒരു ഡോക്ടറാക്കി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് പാറയ്ക്കൽ സാറിന്റേതായിരുന്നു. അദ്ദേഹമാണ് ജനറൽ മെഡിസിനിൽ എന്നിൽ താൽപര്യം ജനിപ്പിച്ചത്. അവിചാരിതമായാണ് ഓങ്കോളജിയിലേക്ക് ഞാൻ എത്തുന്നത്. ഓങ്കോളജിയെക്കുറിച്ച് എനിക്ക് അന്ന് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ടിൽ പിജിക്കുള്ള എൻട്രൻസ് എഴുതിയപ്പോൾ റേഡിയേഷൻ ഓങ്കോളജിക്ക് എനിക്ക് അഡ്മിഷൻ കിട്ടി. ഒരു സീറ്റാണുണ്ടായിരുന്നത്. ആദ്യത്തെ ആറുമാസത്തെ ക്ലാസ് മുഴുവൻ റേഡിയേഷൻ ഫിസിക്സ് ആയിരുന്നു. അവിടെ കാൻസർ രോഗം ഭേദമായി പോകുന്നവരെ കണ്ടപ്പോൾ ആ വിഷയത്തോട് താൽപര്യം തോന്നിത്തുടങ്ങി. അങ്ങനെ റേഡിയേഷനെക്കാൾ താൽപര്യം കീമോ തെറപ്പിയോടാണ് തോന്നിയത്.
തിരിച്ചു വന്ന് കേരളത്തിലെ മെഡിക്കൽ എൻട്രൻസ് എഴുതി എംഡി മെഡിസിനു കിട്ടി വീണ്ടും കോട്ടയം മെഡിക്കൽ കോളജിൽ എത്തി. അന്ന് എല്ലാവരും എന്നെ കളിയാക്കി റേഡിയേഷൻ ഓങ്കോളജി കഴിഞ്ഞ് വീണ്ടും വന്ന് മെഡിസിന് ചേർന്നു എന്നു പറഞ്ഞ്. എന്നാൽ അന്ന് എന്നെ രണ്ടു പേരാണ് സപ്പോർട്ട് ചെയ്തത്. പാറയ്ക്കൻ സാറും ജോർജ് ജേക്കബ് സാറും. അവരുടെ പ്രോത്സാഹനമാണ് അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ ഓങ്കോളജിക്കു ചേരാൻ കാരണം. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായിരുന്ന ഡോ. ശാന്ത മൂന്ന് സീറ്റുണ്ടായിരുന്നതിൽ ഓപ്പൺ സീറ്റ് എനിക്കു തന്നു. ഡോ. ശാന്ത എന്നെ സംബന്ധിച്ചിടത്തോളം അമ്മയെപ്പോലെയാണ്. അവരുടെ ശിക്ഷണം ജീവിതത്തിലെ മറ്റൊരു പ്രധാന വഴിത്തിരിവായി. രോഗികളുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു ഡോ. ശാന്ത.
ഡോ. പി. വി. ഗംഗാധരൻ
അർബുദരോഗ ചികിത്സാരംഗത്തെ പ്രമുഖനായ ഡോക്ടർ. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ഓങ്കോളജിസ്റ്റ്. അമേരിക്കയിലെ നാഷനൽ കാൻസര്‍ ഇൻസ്റ്റിറ്റ്യൂട്ട്, ലോകാരോഗ്യ സംഘടന എന്നിവിടങ്ങളിൽ നിന്ന് ഫെലോഷിപ് ലഭിച്ചു. തിരുവനന്തപുരം ആർസിസിയിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിനു തുടക്കം കുറിച്ചു. കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് രൂപം നൽകുന്നതിൽ പ്രധാന പങ്കു വഹിച്ചു. ജീവിതം എന്ന ദിവ്യാനുഭവം, ജീവിതക്കാഴ്ചകൾ, കാൻസറിനെ പേടിക്കേണ്ട തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചു. സംസ്ഥാന സർക്കാർ ‘കേരളശ്രീ’ പുരസ്കാരം നൽകി ആദരിച്ചു. ഇപ്പോൾ എറണാകുളം ലേക്‌ഷോർ ഹോസ്പിറ്റൽ, ഇന്ദിരാഗാന്ധി കോ–ഓപ്പറേറ്റിവ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. എം. എൻ. പദ്മനാഭൻ നായരുടെയും സരസ്വതിയമ്മയുടെയും മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു.
ഭാര്യ : ഡോ. ചിത്രതാര
മക്കൾ : ഗോകുൽ, ഡോ. ഗോവിന്ദ്
മരുമക്കൾ : ഡോ. ഉമ, ഡോ. ദേവിക.
വിലാസം : ചിത്തിര, പൂണിത്തുറ, കൊച്ചി.