മെയ് 16ന് 'അംഫാൻ' ചുഴലിക്കാറ്റെത്തും, കേരളത്തിൽ പരക്കെ മഴ; മുന്നറിയിപ്പ്

Mail This Article
മെയ് 16 ന് വൈകുന്നേരത്തോടെ ബംഗാൾ ഉൾക്കടലിൽ 'അംഫാൻ' ചുഴലിക്കാറ്റ് രൂപകൊള്ളുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കൻ ആൻഡമാനിൽ സമുദ്രത്തിന് മുകളിലുമായി മെയ് 13 ന് രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ചുഴലിക്കാറ്റ് രൂപമെടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമറിയിക്കുന്നത്. കേരളത്തിൽ മെയ് 17ന് പരക്കെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
തുടക്കത്തിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് പിന്നീട് ദിശമാറി വടക്കു കിഴക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങും. മെയ് 15ന് തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യത്തിലെത്തുന്നതോടെ ദുർബലമാകുന്ന ന്യൂനമർദ്ദം പിന്നീട് തീവ്രത കൈവരിച്ച് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തുടക്കത്തിൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 17 ഓടെ വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പത്രക്കുറിപ്പിൽ അറിയിച്ചു.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തെ തുടർന്ന് മെയ് 15 മുതൽ ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്തും മധ്യഭാഗത്തും അതിനോടു ചേർന്നു കിടക്കുന്ന ആൻഡമാൻ സമുദ്രഭാഗത്തും പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുമെന്നും വ്യക്തമാക്കി. മെയ് 15ന് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും തെക്കുഭാഗത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മഴയോടു കൂടിയ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മെയ് 16 ഓടെ കാറ്റിന്റെ വേഗത വർധിച്ച് മണിക്കൂറിൽ 75 കിലോമീറ്റർ വരെയാകാനാണ് സാധ്യത.
മെയ് 20ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷം എത്തുമെന്നാണ് മുൻപുണ്ടായിരുന്ന അറിയിപ്പ്. എന്നാൽ ചുഴലിക്കാറ്റിനെ തുടർന്ന് നാല് ദിവസം മുൻപ് തന്നെ കാലവർഷമെത്തും. ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിൽ മിക്കയിടങ്ങളിലും മെയ് 15, 16 തീയതികളിൽ ചെറിയ മഴയ്ക്കും ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
കാലാവസ്ഥ മോശമായതിനാൽ മധ്യ-തെക്കൻ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇത്തവണ സാധാരണ ഗതിയിയിയിരിക്കും കാലവർഷമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം. കാലവർഷത്തിന്റെ രണ്ടാംപകുതിയിൽ പസിഫിക് സമുദ്രത്തിൽ ലാ നിന പ്രതിഭാസം ദുർബലമായുണ്ടാകും എന്നാണ് വിവിധ കാലാവസ്ഥ മാതൃകകൾ സൂചിപ്പിക്കുന്നത്. ഇത് കൂടുതൽ മഴ ലഭിക്കുന്നതിന് സഹായകരമാകും.
English Summary: Cyclone Amphan; Yellow alert issued for many Kerala districts, to receive heavy rainfall till May 17