ഉംപുൻ ഇന്ന് കരതൊടും: കനത്ത കാറ്റിനും മഴയ്ക്കും സാധ്യത: ആശങ്കയോടെ ബംഗാളും ഒഡീഷയും

Mail This Article
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ തീരത്തേക്ക് നീങ്ങുന്ന അതിതീവ്ര ചുഴലിക്കാറ്റ് ഉംപുന്‍ ഇന്ന് കരതൊടും. ഉച്ചയോടെ ബംഗാളിലെ ദിംഗയിലാണ് ചുഴലിക്കാറ്റ് കരതൊടുക. വൈകിട്ടോടെ പൂര്‍ണമായി കരയില്‍ പ്രവേശിക്കുന്ന ഉംപുന്‍ വന്‍നാശമുണ്ടാക്കുമെന്നാണ് പ്രവചനം.
ഒഡീഷയിെല പാരദ്വീപിന് 210 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. പതിനാറടി ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷയില്‍ കനത്ത കാറ്റും മഴയുമാണ്. വരും മണിക്കൂറില്‍ കാറ്റിന്റെ ശക്തി കൂടും. ഒരുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
വമ്പൻ ചുഴലിക്കാറ്റുകൾ ഏറ്റവും കൂടുതൽ തവണ രൂപം കൊണ്ടിട്ടുള്ള അപകട മേഖലയായി വീണ്ടും ബംഗാൾ ഉൾക്കടൽ മാറുമ്പോൾ ആശങ്കയോടെ ബംഗാളും ഒഡീഷയും. ‘സൂപ്പർ സൈക്ലോൺ’ ഉഗ്രത വിട്ട് ശക്തി അൽപം ക്ഷയിച്ചെങ്കിലും കാറ്റിന്റെ ഭീഷണി തുടരുകയാണ്.
കൊൽക്കത്ത ഉൾപ്പെടെ ബംഗാളിലെ പല പ്രദേശങ്ങളിലും ഒഡീഷയുടെ തീരമേഖലകളിലും മഴ തുടങ്ങി. ബംഗാളിൽ ഈസ്റ്റ് മേദിനിപുർ, സൗത്ത് 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി, കൊൽക്കത്ത എന്നിവിടങ്ങളിലും ഒഡീഷയിൽ ജഗത്‌സിങ്പുർ, കേന്ദ്രപറ, ഭദ്രക്, ജജ്പുർ, ബാലസോർ എന്നിവിടങ്ങളിലുമാണ് ഏറ്റവുമധികം നാശനഷ്ടം പ്രതീക്ഷിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 20 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ബംഗാളിൽ 3 ലക്ഷം പേരെയാണു മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇന്നും നാളെയും ബംഗാളിലേക്കുള്ള ശ്രമിക് സ്പെഷൽ ട്രെയിനുകൾ ഒഴിവാക്കണമെന്നു റെയിൽവേയോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഒഡീഷയിൽ 11 ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള തയാറെടുപ്പുകളാണു നടത്തുന്നത്. ബംഗ്ലദേശും തീരപ്രദേശങ്ങളിലുള്ള 20 ലക്ഷം പേരെ ഒഴിപ്പിക്കുന്നു.
ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 520 കിലോമീറ്റർ തെക്കു മാറിയും ബംഗാളിലെ ദിഗയിൽ നിന്ന് 670 കിലോമീറ്റർ തെക്കുപടിഞ്ഞാറു മാറിയും ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറ്, മധ്യ ഭാഗത്തായി കേന്ദ്രീകരിച്ചു നിലകൊണ്ട ചുഴലിക്കാറ്റ് മണിക്കൂറിൽ പരമാവധി 185 കിലോമീറ്റർ വേഗം പ്രാപിച്ചു ഇന്ന് ഉച്ചകഴിഞ്ഞ് തീരം തൊടുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ അറിയിച്ചു.
നോര്‍ത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, സൗത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലകളിലൂടയാണ് കാറ്റ് കടന്നുപോകുക. കൊല്‍ക്കത്ത, ഹൂഗ്ലി ജില്ലകളിലും അതീവജാഗ്രതാ നിര്‍ദേശമുണ്ട്.
ദേശീയദുരന്തനിവാരണസേനയുടെ 41 സംഘങ്ങളെ രണ്ട് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. കരയില്‍ പ്രവേശിച്ചശേഷം ഉംപുന്‍റെ തീവ്രത നേരിയ തോതില്‍ കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
English Summary: Cyclone Amphan Storm to cross West Bengal, Bangladesh in a few hours