ചോരച്ചുവപ്പില്‍ വിയര്‍പ്പിറ്റുന്ന ഹിപ്പോകൾ; വിയര്‍പ്പിന്‍റെ നിറഭേദത്തിന് പിന്നില്‍?

Mail This Article
ഹിപ്പോകളുടെ വിയര്‍പ്പിന് ചുവന്ന നിറമാണ്. രക്തത്തുളളികളാണെന്നു തോന്നും ശരീരത്തില്‍ നിന്ന് ഇവയുടെ വിയര്‍പ്പ് പുറത്തേക്ക് വരുമ്പോള്‍. അതുകൊണ്ട് തന്നെ പുരാതന ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നത് ഹിപ്പോകളുടെ വിയര്‍പ്പ് യഥാർഥത്തില്‍ രക്തമാണെന്നാണ്. സിംഹങ്ങളെ പോലും ഭയപ്പെടുത്താന്‍ കഴിവുള്ള സ്വന്തം കാഷ്ഠത്തിലെ വിഷാംശം മൂലം മത്സ്യങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ കഴിയുന്ന ഹിപ്പോകളുടെ അതിശയകരമായ കഴിവുകളില്‍ ഒന്നായാണ് ഇപ്പോഴും ഈ ചുവന്ന നിറത്തിലുള്ള വിയര്‍പ്പിനെ കാണുന്നത്.
ഹിപ്പോകളുടെ വിയര്‍പ്പിന്‍റെ ഈ നിറഭേദത്തിന് കാരണം അവയുടെ ജീവിതശൈലിയും അവ ജീവിക്കുന്ന ഭൂമേഖലയുടെ പ്രത്യേകതയുമാണ്. ശരീരത്തില്‍ രോമം വളരെ കുറവുള്ള ജീവികളാണ് ഹിപ്പോകള്‍. അതുകൊണ്ട് തന്നെ ഇവയുടെ ശരീരത്തിലെ ജലാംശം വേഗത്തില്‍ വറ്റും. മിക്കവാറും വെള്ളത്തില്‍ ഹിപ്പോകളെ കാണുന്നതും ഇതിനാലാണ്. തൊലിക്ക് ഏതാണ്ട് 2 ഇഞ്ചോളം കട്ടിയുള്ളതിനാല്‍ ഇവയ്ക്ക് രോമങ്ങളുടെ അഭാവത്തില്‍ തൊലിപ്പുറമെ വേഗത്തില്‍ സൂര്യാതപം മൂലം പൊള്ളലേല്‍ക്കും. സൂര്യാതപം ഏറ്റവും രൂക്ഷമായ ആഫ്രിക്കയുടെ മധ്യമേഖലയിലും, തെക്കന്‍ മേഖലയിലുമാണ് ഹിപ്പോകള്‍ ഏറ്റവുമധികം കാണപ്പെടുന്നതും.

ചുവന്ന വിയര്‍പ്പിന് പിന്നില്‍?
ഹിപ്പോകളുടെ തൊലിക്ക് പുറത്തേക്ക് വെള്ളം പോലെ വരുന്നത് രക്തമോ, ഒരു തരത്തില്‍ പറഞ്ഞാല്‍ വിയര്‍പ്പോ അല്ലെന്നതാണ് സത്യം. ശരീരത്തില്‍ വിയര്‍പ്പ് ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളൾ ഇവയ്ക്കില്ല ഹിപ്പോകളുടെ ശരീരത്തിലെ ചുവന്ന ദ്രാവകം പുറത്തേക്ക് വിടുന്നത് സബ്ഡെര്‍മല്‍ ഗ്രന്ഥികളാണ്. ഈ ചുവന്ന ദ്രാവകം ഉൽപാദിപ്പിക്കുന്നതും ഈ ഗ്രന്ഥികളാണ്. ശരീരത്തിലെ ഊഷ്മാവ് നിയന്ത്രിക്കുകയെന്ന വിയര്‍പ്പ് ഗ്രന്ഥികളുടെ അതേ ധര്‍മമാണ് സബ്ഡെര്‍മല്‍ ഗ്രന്ഥികളും ചെയ്യുന്നത്.
ഈ ദ്രാവകവും ഉൽപാദിപ്പിക്കപ്പെടുന്നത് വിയര്‍പ്പിനെ പോലെ നിറമില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ പിന്നീട് ആദ്യം ഇവയുടെ നിറം ചുവപ്പായും പിന്നീട് ഇളം തവിട്ട് നിറമായും മാറും. വെള്ളത്തിലിറങ്ങുമ്പോള്‍ മാത്രമെ ഇങ്ങനെ പുറത്തേക്കു വരുന്ന ഈ ദ്രാവകം തൊലിയില്‍ നിന്ന് കഴുകി പോവുകയുള്ളു. ഈ ദ്രാവകത്തിലുള്ള മകുസ്എന്ന പദാർഥത്തിന്‍റെ സാന്നിധ്യം മൂലം കരയിലുള്ള സമയത്ത് തൊലിപ്പുറമെ തന്നെ തുടരും. ഇത് തൊലിയില്‍ നിന്നുള്ള ജലബാഷ്പീകരണം വലിയ തോതില്‍ കുറയ്ക്കുകയും ചെയ്യും.
ഹിപ്പോകളുടെ രക്തം പോലുള്ള വിയര്‍പ്പിനെ പറ്റി നൂറ്റാണ്ടുകള്‍ക്ക് മുന്നേ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ദ്രാവകത്തിലെ പദാര്‍ത്ഥം എന്താണെന്നതിനെ കുറിച്ച് പഠനം നടന്നത് 2004ല്‍ മാത്രമാണ്. ഹിപ്പോയുടെ പുറത്തു നിന്നും മുഖത്ത് നിന്നുമുള്ള ഈ ദ്രാവകം ശേഖരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. തുടര്‍ന്ന് ഈ ദ്രാവകത്തില്‍ ചുവപ്പും ഓറഞ്ചും നിറത്തിലുള്ള രണ്ട് പിഗ്മന്‍റുകളും കണ്ടെത്തിയിരുന്നു. കൂടാതെ ഈ ദ്രാവകം വലിയ തോതില്‍ അസിഡിക് ആണെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇക്കാരണം കൊണ്ട് തന്നെ ഒരു സണ്‍സ്ക്രീന്‍ പോലെയാണ് ഹിപ്പോയുടെ തൊലിക്കു മുകളില്‍ ഈ ദ്രാവകം പ്രവര്‍ത്തിക്കുന്നതെന്നും ഗവേഷകർ കണ്ടെത്തി.
English Summary: Yes, Hippos’ Sweat Is Red, But It’s Not Blood