ഇരുള്‍ തോല്‍ക്കുന്ന കറുപ്പ്; ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയില്‍ അപൂര്‍വ തിരണ്ടി മത്സ്യം!
Mail This Article
ഗ്രേറ്റ് ബാരിയര്‍ റീഫ് എന്ന ഭൂമിയിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖല ജൈവവൈവിധ്യത്തിന്‍റെ കലവറയാണ്. ഗ്രേറ്റ് ബാരിയര്‍ റീഫില്‍ തന്നെ വളരെയേറെ അപൂര്‍വ ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥയൊരുക്കുന്ന ചില പ്രത്യേക മേഖലകളുമുണ്ട്. ഇവയിലൊന്നാണ് ലേഡി എലിയറ്റ് ദ്വീപും അതിനോട് ചേര്‍ന്നുള്ള സമുദ്രമേഖലയും. അപൂര്‍വയിനം പക്ഷികളും ആമകളും കണ്ടലുകളും കാണപ്പെടുന്ന ഈ ഭൂപ്രദേശത്തെ മറ്റൊരു അന്തേവാസിയാണ് ഗോത്ത് മാന്‍റാ റേ എന്ന സുന്ദരന്‍ തിരണ്ടി മത്സ്യം.
ഇരുള്‍ തോല്‍ക്കുന്ന കറുപ്പ്
കറുപ്പിന്‍റെ സൗന്ദ്യരം അതിന്‍റെ പാരമ്യത്തില്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന സമുദ്രജീവിയാണ് ഗോത്ത് മാന്‍റാ റേ. അത്യപൂര്‍വമായി മാത്രം കാണപ്പെടുന്ന ഈ ജീവികളില്‍ ഒന്നിനെ ജൈവശാസ്ത്രജ്ഞയായ ജസിന്‍റാ ഷാക്കെല്‍സണാണ് ലേഡി എലിയറ്റ് ദ്വീപിനു സമീപത്ത് കണ്ടെത്തിയതും ചിത്രം പകര്‍ത്തിയതും. ഗ്രേറ്റ് ബാരിയര്‍ റീഫിന്‍റെ ഈ പ്രദേശത്ത് നിന്ന് ഏതാണ്ട് 1400 ല്‍ അധികം തിരണ്ടി മത്സ്യങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. എഷ്യാ ഹെയ്ന്‍സ് മാന്‍റാ പ്രൊജക്ടിന്‍റെ കണക്ക് പ്രകാരം ഏതാണ്ട് 80 ഗോത്ത് തിരണ്ടി മത്സ്യങ്ങള്‍ അഥവാ കറുത്ത മാന്‍റാ റേകള്‍ ഈ കൂട്ടത്തിലുണ്ട്.
മെലനിസം എന്ന ജനിതക അവസ്ഥയാണ് ഇവയുടെ ഈ ഇരുട്ടിനെ തോൽപിക്കുന്ന കറുപ്പു നിറത്തിന് കാരണം. ശരീരത്തില്‍ കറുത്ത പിഗ്മെന്‍റുകളുടെ എണ്ണം വളരെയധികം കാണപ്പെടുമ്പോഴാണ് മെലനിസം എന്ന അവസ്ഥയിലേക്കെത്തുന്നത്. സമുദ്രജീവികളില്‍ തന്നെ സീലുകളിലും, അപൂര്‍വം മത്സ്യങ്ങളിലും ഈ അവസ്ഥ കണ്ടുവരാറുണ്ട്. കരയില്‍ കരിമ്പുലി ഉള്‍പ്പടെയുള്ള ജീവികളുടെ കറുത്ത നിറത്തിന് കാരണവും ഈ മെലനിസം എന്ന ജനിതക പ്രതിഭാസമാണ്.
കറുത്ത തിരണ്ടിയെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെങ്കിലും അതിന്‍റെ വയർ ഉൾപ്പെടുന്ന അടിഭാഗത്തിന്‍റെ ചിത്രമെടുക്കാന്‍ കഴിയാത്തതിന്‍റെ നിരാശ ജസിന്‍റാ ഷാക്കെല്‍സണുണ്ട്. കാരണം ശരീരം മുഴുവന്‍ കറുത്ത ഇത്തരം തിരണ്ടി മത്സ്യങ്ങള്‍ക്കിടയില്‍ നിന്ന് ഓരോ ജീവികളെ പ്രത്യേകം തിരിച്ചറിയാന്‍ സഹായിക്കുന്നത് അവയുടെ ഉള്‍ഭാഗത്ത് കാണപ്പെടാറുള്ള ചെറിയ പാടുകളാണ്. ഉള്‍ഭാഗത്തെ ചിത്രമെടുക്കാന്‍ കഴിയാത്തിനാല്‍ ജസിന്‍റ കണ്ടെത്തിയ കറുത്ത തിരണ്ടിയെ തിരിച്ചറിയാനുള്ള പാടും കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ ഈ തിരണ്ടിയെ വീണ്ടും കണ്ടാല്‍ തനിക്ക് തിരിച്ചറായാന്‍ കഴിയില്ലെന്നതാണ് ജസിന്‍റയുടെ നിരാശയ്ക്ക് കാരണം.
പിങ്ക് നിറമുള്ള തിരണ്ടി
ഇപ്പോള്‍ അമ്പരപ്പിച്ചത് കറുത്ത നിറമുള്ള തിരണ്ടി മത്സ്യമാണെങ്കില്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് പിങ്ക് നിറമുള്ള തിരണ്ടി മത്സ്യത്തെയും ഈ മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മെലനിസത്തിന് വിരുദ്ധമായിട്ടുള്ള ജനിതക അവസ്ഥയാണ് വെള്ള മുതല്‍ പിങ്ക് വരെ നിറമുള്ള ശരീരത്തിന്‍റെ നിറം തിരണ്ടികള്‍ക്ക് ലഭിക്കാന്‍ കാരണം. മറ്റ് ജീവികളുടെ സമൂഹവുമായി അതിവേഗം ഇണങ്ങുന്ന സാമൂഹിക ജീവികളാണ് തിരണ്ടികള്‍. പലപ്പോഴും അപകടത്തില്‍ പെടുമ്പോള്‍ ഈ ജീവികള്‍ മനുഷ്യരുടെ സഹായം അഭ്യര്‍ത്ഥിക്കാറുണ്ടെന്നും കഥകളുണ്ട്. ഏതാണ്ട് 40 വയസ്സ് വരെയാണ് തിരണ്ടികളുടെ ശരാശരി പ്രായം.
അതേസമയം കാഴ്ചയിലുള്ള സൗന്ദര്യവും, സ്വഭാവത്തിലെ ശാന്തതയും മൂലം ഇവയെ സമീപിക്കുന്നത് സുരക്ഷിതമാണെന്ന് കരുതരുത്. ഏറ്റവും ഉയരമുള്ള ഒരു മനുഷ്യനേക്കാള്‍ ഇരട്ടി നീളമാണ് ഒരു മുതിര്‍ന്ന തിരണ്ടിക്ക് തല മുതല്‍ വാല്‍ വരെ കാണുക. അതുകൊണ്ട് തന്നെ ഇവയുടെ ശരീരത്തില്‍ പൂര്‍ണമായ നിയന്ത്രണം ഇവയ്ക്കില്ല. അലസമായി കിടക്കുന്ന വാല്‍ ആണ് ഇവയുടെ ശരീരത്തിലെ ഏറ്റവും വലിയ അപകടകാരി.സഞ്ചാരത്തിനിടയില്‍ തന്നെ ഈ മൂര്‍ച്ചയേറിയ വാല്‍ മനുഷ്യരുള്‍പ്പടെയുള്ള മറ്റ് ജീവികളുടെ മേല്‍ തറച്ചു കയറാം. പ്രശസ്ത ടെലിവിഷന്‍ അവതാരകനായിരുന്ന സ്റ്റീവ് ഇര്‍വിന്‍റെ ജീവനെടുത്തത് ഇത്തരത്തിലുള്ള ഒരു തിരണ്ടിമത്സ്യത്തിന്‍റെ വാല്‍ ആയിരുന്നു.
English Summary: Beautiful Rare Goth Manta Ray Spotted On Great Barrier Reef