മഹീന്ദ്രയുടെ അഭിമാനം എക്സ്യുവി 300, ആദ്യ സേഫർ ചോയ്സ് പുരസ്കാരം നേടി ചെറു എസ്യുവി
Mail This Article
ഇന്ത്യയിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്ന് എന്ന ഖ്യാതി സ്വന്തമാക്കിയതിന് പിന്നാലെ ഗ്ലോബൽ എൻസിഎപിയുടെ ആദ്യ സേഫർ ചോയ്സ് പുരസ്കാരവും സ്വന്തമാക്കി മാഹീന്ദ്ര എക്സ്‍യുവി 300. എൻസിഎപി 2018ലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിലായിരുന്നു ഈ അവാർഡ് ചലഞ്ച് നടത്തിയത്. പുരസ്കാരം ലഭിക്കുന്നതിനായി മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാറും കാൽനടക്കാരുടെ സുരക്ഷയും എഎസ്സ്സിയുടെ സ്വന്തമാക്കണം. പുരസ്കാരം പ്രഖ്യാപിച്ച് രണ്ടു വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ നിർമാതാവ് ഈ അവാർഡ് സ്വന്തമാക്കുന്നത്.
കഴിഞ്ഞ വർഷം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നായിരുന്നു എക്സ് യു വി 300 വിപണിയിലെത്തിയത്. വിപണിയിൽ മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ഹ്യുണ്ടേയ് വെന്യൂ എന്നീ വാഹനങ്ങളുമായാണ് എക്സ്‌യുവി 300 മത്സരിക്കുന്നത്.
ഡബ്ല്യു 4, ഡബ്ല്യു 6, ഡബ്ല്യു 8, ഡബ്ല്യു 8 (ഒ) എന്നീ നാലു വകഭേദങ്ങളിലാണ് എക്സ് യു വി 300 ലഭിക്കുക. 117 ബി എച്ച് പി കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലീറ്റർ ഡീസൽ, 110 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലീറ്റർ പെട്രോൾ എന്നിവയാണ് എൻജിൻ സാധ്യതകൾ. പെട്രോൾ ലീറ്ററിന് 17 കിലോമീറ്ററും ഡീസൽ ലീറ്ററിന് 20 കിലോമീറ്ററുമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
English Summary: Mahindra XUV 300 Got Safer Choice Award