വേട്ട തുടരും, വെടിക്കെട്ടിനു തിരികൊളുത്താൻ എൻഫീൽഡ് ബുള്ളറ്റും ഹണ്ടറും ഈ മാസം എത്തും
![bullet Representative Image](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2022/7/15/bullet.jpg?w=1120&h=583)
Mail This Article
പ്രതാപം അവസാനിച്ചെന്നു കരുതിയിരുന്നിടത്തു നിന്നാണ് ഫീനിക്സ് പക്ഷിയെപ്പോലെ റോയൽ എൻഫീൽഡ് പറന്നുയർന്നത്. ഇപ്പോൾ എതിരാളികൾ കൂടുതൽ കരുത്തു പ്രാപിച്ചതോടെ റോയൽ എൻഫീൽഡ് വേട്ട അവസാനിപ്പിച്ചെന്നു പറയുന്നവരുണ്ടാകും. എന്നാൽ ‘പുതിയ കളികൾ പഠിപ്പിക്കാൻ’ റോയൽ എൻഫീൽഡിന്റെ ഫീനിക്സ് പക്ഷികൾ ഈ ആഴ്ചയെത്തും. ആദ്യം ബുള്ളറ്റ്, പിന്നാലെ വേട്ടയ്ക്കിറങ്ങാൻ ഹണ്ടറും.
ഈ മാസം 7 നാണ് ഹണ്ടർ അവതരിപ്പിക്കുന്നത്. ലോഞ്ചിനു മുന്നോടിയായി മോഡലിന്റെ ഒരു പുതിയ ടീസറും മോട്ടർസൈക്കിൾ ഭീമൻ പുറത്തിറക്കി. ടീസർ വിവരങ്ങൾ അനുസരിച്ച്, റോയൽ എൻഫീൽഡിന് ഓഗസ്റ്റ് 5ന് ഒരു പ്രത്യേക അൺവെയിൽ ചടങ്ങ് സംഘടിപ്പിക്കും. ഇതിൽ പുതിയ ബുള്ളറ്റും ഉണ്ടാകുമെന്ന് ടീസറിൽ സൂചനയുണ്ട്. റോയൽ എൻഫീൽഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോട്ടർ സൈക്കിളായിരിക്കും ഹണ്ടർ 350, ബുള്ളറ്റ് സീരീസിനും താഴെ ലൈനപ്പിന്റെ ഏറ്റവും ഒടുവിലായാണ് ഹണ്ടറിന്റെ സ്ഥാനം. യുവാക്കളെ ലക്ഷ്യമിട്ടുള്ള യെസ്‌ഡി സ്‌ക്രാംബ്ലർ, ഹോണ്ട സിബി 300 ആർഎസ് മോട്ടർ സൈക്കിളുകൾക്ക് റോയൽ എൻഫീൽഡിന്റെ മറുപടിയാണിത്. 1.5 ലക്ഷത്തിൽ താഴെയുള്ള പ്രാരംഭ വില ഹണ്ടർ 350നെ ഹിറ്റാക്കുമെന്ന് ഉറപ്പാണ്.
റോയൽ എൻഫീൽഡ് സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ ടീസർ അനുസരിച്ച്, പുതിയ തലമുറ ബുള്ളറ്റ് 350 ന്റെ ലോഞ്ച് ഓഗസ്റ്റ് അഞ്ചോടെ ഉണ്ടാകുമെന്ന വ്യക്തമായ സൂചനയുമുണ്ട്. വിഡിയോയിൽ ‘ബുള്ളറ്റ് മേരി ജാൻ’ എന്ന ടാഗ്‌ലൈനിൽ പുതിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 20 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കുമുള്ള ജെ–പ്ലാറ്റ്ഫോം എൻജിനാണ്.
English Summary: Royal Enfield Hunter 350 And Bullet 350 Launch This Month