വൈദ്യുത വാഹനങ്ങളുടെ ഡിമാന്റ് വർധിക്കുന്നു, ഒരു ലക്ഷം ഇലക്ട്രിക് കാർ നിർമിക്കാൻ ടാറ്റ
Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഉത്പാദനം കുത്തനെ വര്‍ധിപ്പിക്കുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുതി കാര്‍ വില്പന അരലക്ഷം കഴിഞ്ഞിരുന്നു. നെക്സോണിനും ടിഗോര്‍ ഇവിക്കും പിന്നാലെ ടിയാഗോ ഇവി കൂടി വന്നതോടെ 2024 സാമ്പത്തിക വര്‍ഷം വൈദ്യുതി കാര്‍ വില്പന ഒരു ലക്ഷമാക്കി വര്‍ധിപ്പിക്കാനാണ് ടാറ്റയുടെ ശ്രമം.
12-18 മാസങ്ങള്‍ക്കകം ഒരുലക്ഷം വൈദ്യുതി കാര്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ആദ്യത്തെ കമ്പനിയായി ടാറ്റ മോട്ടോഴ്സ് മാറും. ഇപ്പോഴത്തെ അതേ കുതിപ്പില്‍ മുന്നോട്ടു പോയാല്‍ ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുതി കാര്‍ വിപണി 12,000 കോടി മുതല്‍ 15,000 കോടി വരെയായി മാറും. ടാറ്റയുടെ മൂന്നു വര്‍ഷം മുമ്പുള്ള കാറുകളില്‍ നിന്നുള്ള വിറ്റുവരവിന് തുല്യമാണിത്. ടിയാഗോ ഇവിയുടെ വില പ്രഖ്യാപിച്ച് പത്ത് ദിവസത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്സിന് 20,000 ബുക്കിങ്ങുകള്‍ ലഭിച്ചു. അരലക്ഷത്തോളം പേര് ടിയാഗോ ഇവിയെക്കുറിച്ച് അന്വേഷിക്കാനായി റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഇതില്‍ 23 ശതമാനം ആദ്യമായി കാര്‍ വാങ്ങാന്‍ പോകുന്നവരുമാണ്. വിപണിയില്‍ നിന്നുള്ള ഇത്തരം അനുകൂല സാഹചര്യങ്ങളെ പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് ടാറ്റയുടെ തീരുമാനം.
ടാറ്റ പവറുമായി സഹകരിച്ച് ഇതിനകം തന്നെ രാജ്യത്ത് നാലായിരം ചാര്‍ജിങ് സ്റ്റേഷനുകള്‍ ടാറ്റ മോട്ടോഴ്സ് സ്ഥാപിച്ചു കഴിഞ്ഞു. വരുന്ന രണ്ടു വര്‍ഷത്തിനകം 10,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. വൈദ്യുതി കാര്‍ കച്ചവടത്തില്‍ നിന്നും ലഭിച്ച ഒരു ബില്യണ്‍ ഡോളറില്‍ 500 മില്യണ്‍ ഡോളര്‍ അവര്‍ ഇതിനകം തന്നെ വിപണിയിലേക്ക് ഇറക്കി കഴിഞ്ഞു. വരുന്ന ഒന്നര വര്‍ഷത്തിനകം ബാക്കിയുള്ള തുക കൂടി വിപണിയിലേക്ക് പല രൂപത്തിലെത്തും.
കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ വൈദ്യുതി കാര്‍ ബാറ്ററികളുടെ വിലയില്‍ 30-35 ശതമാനം വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലയില്‍ സ്ഥിരത വന്നിരിക്കുകയാണെങ്കിലും തിയാഗോ ഇ.വിയുടെ വിലയില്‍ വര്‍ധനവുണ്ടാവുമെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. നിലവില്‍ പ്രഖ്യാപിച്ച വിലയില്‍ നിന്നു 30,000-35,000 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുക.
English Summary: Tata to double EV production to 1 lakh units annually