വിശ്വസ്തം! 3 ലക്ഷം കിലോമീറ്റര്‍ ഓടിച്ച എക്സ്യുവി 500; വിശേഷം പങ്കുവച്ച് ഗായിക
Mail This Article
ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ഓസ്‌ട്രേലിയയിലുമുണ്ട് ഞങ്ങള്‍ക്ക് പിടിയെന്ന് തെളിയിച്ചിരിക്കുകയാണ് മഹീന്ദ്ര. ഓസ്‌ട്രേലിയയിലെ ഗായികയായ കാത്തി ഡ്രുമോന്‍ഡാണ് മഹീന്ദ്രയുടെ വിശ്വസ്തത തെളിയിക്കുന്ന വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. തന്റെ മഹീന്ദ്ര എക്‌സ്‌യുവി 500 മൂന്നു ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തിയായതിന്റെ സന്തോഷമാണ് കാത്തി പങ്കുവയ്ക്കുന്നത്.
കാത്തിയുടെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ മഹീന്ദ്ര എക്സ്‍യുവി 500 യുമായി പോകുന്നതിനിടെയാണ് ഒഡോമീറ്ററില്‍ കാത്തിയുടെ കണ്ണുടക്കുന്നത്. മൂന്നു ലക്ഷം കിലോമീറ്റര്‍ തന്റെ വാഹനം ഓടി പൂര്‍ത്തിയാക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ കാത്തി ആ നിമിഷങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. മഹീന്ദ്ര വാഹനവുമായുള്ള ബന്ധത്തെക്കുറിച്ച് രണ്ടു വാക്കു പറയാനും അവര്‍ മറന്നില്ല.
ഇതുവരെ താന്‍ സ്വന്തമാക്കിയതില്‍ ഏറ്റവും വിശ്വസ്തവും ചിലവുകുറഞ്ഞതുമായ കാറാണ് മഹീന്ദ്ര എക്സ്‍യുവി500 എന്നാണ് കാത്തി പറയുന്നത്. കാത്തിയുടെ വാക്കുകളിലെ സന്തോഷത്തില്‍ നിന്നു തന്നെ അവര്‍ എത്രത്തോളം മഹീന്ദ്ര എക്സ്‍യുവി500 ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമാണ്. ഇനിപുതിയൊരു വാഹനം എടുക്കുകയാണെങ്കില്‍ പോലും കാത്തി ഇന്ത്യയില്‍ നിന്നുള്ള വാഹന നിര്‍മാതാക്കളായ മഹീന്ദ്രയെ തന്നെ സ്വീകരിക്കാനാണ് സാധ്യത. ഓസ്‌ട്രേലിയക്കു പുറമേ ദക്ഷിണാഫ്രിക്കയിലും മഹീന്ദ്രയുടെ വാഹനങ്ങള്‍ ജനപ്രിയമാണ്.
ഇന്ത്യയിലും വലിയ പ്രചാരം ലഭിച്ച എസ്‌യുവിയാണ് മഹീന്ദ്ര എക്സ്‍യുവി500. സ്‌കോര്‍പിയോക്കു ശേഷം മഹീന്ദ്രയുടെ ജനപ്രിയ വാഹനമെന്നും വിശേഷിപ്പിക്കാം. 2011ല്‍ ആദ്യമായി എക്സ്‍യുവി500 പുറത്തിറക്കിയപ്പോള്‍ ബുക്കിങ് പ്രതീക്ഷിച്ചതിലും വളരെയധികം കൂടിയതിനെ തുടര്‍ന്ന് ആദ്യം നല്‍കുന്ന ഉപഭോക്താക്കളെ നറുക്കിട്ടാണ് മഹീന്ദ്ര തീരുമാനിച്ചത്. ഇന്നും നാലു മുതല്‍ ആറു മാസം വരെ കാത്തിരുന്നാലെ എക്സ്‍യുവി500 ഉടമകളുടെ കൈകളിലേക്കെത്തൂ.
കരുത്തന്‍ രൂപം, വിശാലമായ കാബിന്‍, സമൃദ്ധമായ ഫീച്ചറുകള്‍ ഒപ്പം താങ്ങാവുന്ന വിലയും കൂടിയാണ് മഹീന്ദ്ര എക്സ്‍യുവി500നെ ജനപ്രിയമാക്കുന്നത്. 2015ലും 2018ലും എക്സ്‍യുവി500 മാറ്റങ്ങളോടെ മഹീന്ദ്ര പുറത്തിറക്കിയിരുന്നു. 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍, രണ്ടു ട്യൂണിങ് ഓപ്ഷനുകളില്‍ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയില്‍ എക്സ്‍യുവി500 എത്തുന്നുണ്ട്.
English Summary: Australian singer completes 3 lakh kms in her Mahindra XUV500