സുനകിന് നേട്ടം; അനധികൃതമായി ബ്രിട്ടനിൽ കുടിയേറുന്നവരെ റുവാണ്ടയിലേക്ക് അയ്ക്കാനുള്ള നീക്കം വിജയത്തിലേക്ക്
Mail This Article
ലണ്ടൻ∙ അനധികൃതമായി ബ്രിട്ടനിൽ കുടിയേറുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് അയ്ക്കാനുള്ള ബ്രിട്ടിഷ് സർക്കാരിന്റെ റുവാണ്ട ബിൽ ഹൗസ് ഓഫ് കോമൺസിൽ വിജയിച്ചു . ബില്ലിന് എതിരായുള്ള ശക്തമായ വിമത നീക്കങ്ങൾക്ക് ഒടുവിലാണ് 276 വോട്ടിനെതിരെ 320 വോട്ടുകൾക്ക് അംഗീകാരം ലഭിച്ചത്. ബില്ലിന് എതിരായുള്ള നിയമപരമായ വെല്ലുവിളികൾ ഇതോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. അറുപതിൽപ്പരം ഭരണകക്ഷി അംഗങ്ങൾ ബില്ലിന് എതിരെ വോട്ട് ചെയ്യുമെന്ന് വിമത ഭീഷണി മുഴക്കിയെങ്കിലും അവസാനം 11 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ഉൾപ്പെടെയുള്ളവരാണ് ബില്ലിനെ എതിർത്തത്. 18 ഭരണകക്ഷി എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല.
ബിൽ ഇപ്പോൾ ഹൗസ് ഓഫ് ലോർഡ്‌സിന്റെ പരിഗണയിലാണ്. അവിടെ കടുത്ത എതിർപ്പ് നേരിടേണ്ടി വരുമെങ്കിലും ബിൽ വിജയിക്കുമെന്ന് തന്നെയാണ് ഋഷി സുനകിനെ അനുകൂലിക്കുന്നവർ കരുതുന്നത്. റുവാണ്ടയിലേക്കുള്ള വിമാനങ്ങൾ വസന്തകാലത്തോടെ പറന്ന് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഭേദഗതികളില്ലാതെ സർക്കാരിന്റെ റുവാണ്ട പദ്ധതി കോടതികൾക്ക് തടയാൻ കഴിയുമെന്ന് വാദിച്ച് കൺസർവേറ്റീവ് പാർട്ടിയിലെ വിമതസ്വരം ഉയർത്തിയ എംപിമാർ കഴിഞ്ഞ രണ്ട് ദിവസമായി ബില്ലിൽ ഭേദഗതി വരുത്താനുള്ള ശ്രമത്തിലായിരുന്നു. വിമത നീക്കത്തിന് 60 എംപിമാരുടെ പിന്തുണ ലഭിച്ചിരുന്നുവെങ്കിൽ ബിൽ പരാജയപ്പെടുകയും ഋഷി സുനക് പ്രധാനമന്ത്രി പദം രാജി വയ്ക്കുകയോ ചെയ്യേണ്ടി വരുമായിരുന്നു. മന്ത്രിസഭ പിരിച്ചുവിട്ട് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ സൂചനകൾ വന്നിരുന്നു.
പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍മാരായ ലീ ആന്‍ഡേഴ്സൻ, ബ്രെന്‍ഡന്‍ ക്ലാര്‍ക്ക് സ്മിത്ത് എന്നിവർ നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ചതാണ് ഋഷി സുനകിനെതിരെയുള്ള വിമത നീക്കങ്ങൾക്ക് ശക്തി പകർന്നത്. 30 ഭരണകക്ഷി എംപിമാരെങ്കിലും അവസാന നിമിഷം ബില്ലിനെ എതിര്‍ത്ത്അവസാന നിമിഷം വോട്ട് ചെയ്യുമെന്നാണ് വിമതപക്ഷം കരുതിയത്. കുടിയേറ്റക്കാര്‍ വ്യക്തിപരമായി നിയമപോരാട്ടം നടത്തുന്നതും യൂറോപ്യന്‍ മനുഷ്യാവകാശ കോടതികളുടെ ഇടപെടലും തടയാത്തിടത്തോളം നിയമം പ്രാവര്‍ത്തികമാകില്ലെന്നാണ് വിമത നേതാക്കളുടെ നിലപാട്. മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതും സ്ഥിതി രൂക്ഷമാക്കി.