ഇംഗ്ലണ്ടിൽ നിന്ന് യാത്ര പുറപ്പെട്ട ആഡംബര കപ്പലിലെ ഇരുന്നൂറിലധികം യാത്രക്കാർക്ക് നോർവോ വൈറസ്

Mail This Article
ലണ്ടൻ ∙ ഇംഗ്ലണ്ടിൽ നിന്ന് കിഴക്കൻ കരീബിയനിലേക്ക് പുറപ്പെട്ട ആഡംബര കപ്പലിലെ 241 പേർക്ക് നോറോ വൈറസ് ബാധിച്ചു. വൈറസ് ബാധിതരിൽ 224 പേർ യാത്രക്കാരും 17 പേർ കപ്പൽ ജീവനക്കാരുമാണ്. രോഗബാധിതർ കപ്പലിൽ ഐസലേഷനിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്.
ഡീസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ യുഎസ് ഹെൽത്ത് ഏജൻസി സെന്റർ (സിഡിസി) ആണ് യാത്രക്കാർക്ക് നോറോ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്.
ഇംഗ്ലണ്ടിൽ നിന്ന് 29 ദിവസത്തെ ഉല്ലാസ യാത്രയ്ക്കായി ഇക്കഴിഞ്ഞ മാർച്ച് 8ന് ഇംഗ്ലണ്ടിൽ നിന്ന് പുറപ്പെട്ട കുനാർഡ് ലൈൻസിന്റെ ക്യൂൻ മേരി-2 എന്ന ആഡംബര കപ്പലിലെ യാത്രക്കാർക്കാണ് നോറോ വൈറസ് പിടിപെട്ടത്. ന്യൂയോർക്ക് സിറ്റിയിൽ നങ്കൂരമിട്ട ശേഷം മാർച്ച് 18നാണ് യാത്രക്കാർക്ക് വൈറസ് പിടിപെട്ടതെന്ന് സിഡിസി റിപ്പോർട്ടിൽ പറയുന്നു. വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് യാത്രക്കാർ പ്രകടിപ്പിച്ചത്.
2,538 യാത്രക്കാരാണ് കപ്പലിലുള്ളത്. രോഗബാധിതരെ പ്രത്യേകം ഐസലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും കപ്പലിൽ പൂർണമായും ശുചിത്വ പ്രൊട്ടോക്കോൾ നടപ്പാക്കിയിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് കപ്പൽ അറ്റ്ലാന്റിക് സമുദ്രം കടന്നത്. ഈ മാസം 6ന് കപ്പൽ സൗത്താംപ്ടനിലെത്തുമെന്നാണ് പ്രതീക്ഷ .
ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ രോഗങ്ങൾക്ക് കാരണമാകുന്ന അതിവ്യാപന ശേഷിയുള്ള വൈറസ് ആണ് നോറോ. അമേരിക്കയിൽ പ്രതി വർഷം 21 ലക്ഷം പേരിൽ വൈറസ് ബാധിക്കുന്നുണ്ടെന്നാണ് സിഡിസിയുടെ കണക്കുകൾ. മലിനമായ ഭക്ഷണം, വെള്ളം അല്ലെങ്കിൽ നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. വയറിളക്കം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. വൈറസിനെതിരെ നിലവിൽ കൃത്യമായ ചികിത്സയില്ലെങ്കിലും കൂടുതൽ പേരും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗമുക്തരാകാറുണ്ട്.