ഒരുമിച്ചൊരു ജീവിതമെന്ന സ്വപ്നം ബാക്കി; തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർന്ന് മൃതദേഹങ്ങൾ: തീരാവേദനയിൽ മലയാളി സമൂഹം

Mail This Article
മദീന/ലണ്ടൻ/വയനാട്∙ സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ച സംഭവത്തിൽ പ്രവാസി മലയാളികളായ രണ്ട് പേർ ഉൾപ്പെട്ടത് സൗദിയിലെയും യുകെയിലെയും മലയാളി സമൂഹത്തിന് തീരാവേദനയായി മാറി. വയനാട് അമ്പലവയൽ സ്വദേശിയും യുകെയിലെ പോർട്സ്മൗത്ത് മലയാളിയുമായ അഖിൽ അലക്സ് (28), വയനാട് നടവയൽ സ്വദേശിനിയും സൗദിയിലെ മദീന മലയാളിയുമായ ടീന ബിജു (27) എന്നിവരാണ് മരിച്ചത്. ജൂൺ 16 ന് നാട്ടിൽ വച്ച് ഇരുവരും വിവാഹം കഴിക്കാൻ ഇരിക്കെയാണ് ദാരുണമായ അന്ത്യം.
അൽ ഉല സന്ദർശിച്ചു മടങ്ങങ്ങവേ ഇരുവരും സഞ്ചാരിച്ചിരുന്ന വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിച്ച് തീപിടിക്കുകയായിരുന്നു. അഖിലിന്റെയും ടീനയുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർന്നു പോവുകയായിരുന്നു എന്നാണ് സാമൂഹികപ്രവർത്തകർ നൽകുന്ന വിവരം. അൽ ഉലയിൽ നിന്നും 150 കിലോ മീറ്റർ അകലെയാണ് അപകടം ഉണ്ടായത്. ഇരുവരും അൽ ഉല സന്ദർശിച്ചതിനു ശേഷം സൗദിയിൽ നിന്നും ഒരുമിച്ച് നാട്ടിലെത്താൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു. ഇരുവരുടെയും വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നാട്ടിൽ നടക്കവേയാണ് അഖിലിന്റെയും ടീനയുടെയും വീട്ടുകാരെയും ബന്ധുക്കളെയും തേടി നടുക്കുന്ന അപകട വാർത്തയെത്തുന്നത്.
മദീനയിലെ കാർഡിയാക് സെന്ററിൽ നഴ്സാണ് നടവയല്‍ നെയ്ക്കുപ്പ കരിക്കൂട്ടത്തില്‍ ബിജു-നിസി ജോസഫ് ദമ്പതികളുടെ മകളായ ടീന. നടവയലിൽ നിന്നും 20 കിലോമീറ്റർ അകലെ അമ്പലവയൽ ഇളയിടത്ത് മഠത്തിൽ അലക്സാണ്ടർ-സീന (ഷീജ) ദമ്പതികളുടെ മകനായ അഖിൽ ചെന്നൈ, ലണ്ടൻ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം യുകെയിൽ ഐടി എൻജിനീയറായി ജോലി ചെയ്യുക ആയിരുന്നു. രണ്ടര വർഷം മുൻപാണ് അഖിൽ യുകെയിൽ എത്തുന്നത്.
അപകടത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളി സാമൂഹിക പ്രവർത്തകൻ നിയമനടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്. മൃതദേഹങ്ങൾ അൽ ഉലയിലെ മുഹ്സിൻ ആശുപത്രിയിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് മദീന ആശുപത്രിയിലേക്ക് മാറ്റും. മരിച്ച മറ്റു മൂന്നു പേർ സൗദി സ്വദേശികളാണ്.