യുക്മ ദേശീയ നേതൃയോഗം ഇന്ന് ബർമിങ്ങാമിൽ

Mail This Article
ബർമിങ്ങാം ∙ യുക്മ ( യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ്) പുതിയ ദേശീയ ഭാരവാഹികളുടെ നേതൃത്വത്തിൽ അടുത്ത രണ്ട് വർഷങ്ങളിലെ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുന്നും. 2027 ഫെബ്രുവരി വരെയുള്ള രണ്ട് വർഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
യുക്മ ദേശീയ ഭാരവാഹികൾ, ദേശീയ സമിതി അംഗങ്ങൾ, റീജനൽ ഭാരവാഹികൾ, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക നേതൃയോഗം ഏപ്രിൽ 5 ന് ബർമിങ്ങാം വാൽസാളിലെ റോയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേരുന്നു.
യുക്മ റീജനൽ നാഷനൽ ഭാരവാഹികളുടെ സംഗമവേദിയാകുന്ന വാൽസാളിലെ റോയൽ ഹോട്ടലിൽ രാവിലെ ഒൻപതരയോടെ നടക്കുന്ന ദേശീയ സമിതി യോഗത്തിന് ശേഷം പതിനൊന്ന് മണിയോടെയാകും നേതൃയോഗം ആരംഭിക്കുക. പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ രണ്ടു വർഷക്കാലത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കും. വിവിധ റീജനൽ ഭാരവാഹികളും, പോഷക സംഘടനാ നേതാക്കളും തങ്ങളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിവരിക്കും.
പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കി പതിനാറാമത് വർഷത്തിലേക്ക് കടക്കുവാനൊരുങ്ങുന്ന യുക്മയുടെ പ്രവർത്തനങ്ങൾ യുകെ മലയാളികൾക്ക് കൂടുതൽ പ്രയോജനകരമാവുന്ന വിധത്തിൽ രൂപം കൊടുക്കുവാനുള്ള ശ്രമത്തിലാണ് പുതിയ ദേശീയ, റീജനൽ നേതൃത്വങ്ങൾ. യുക്മ രൂപീകൃതമായ കാലം മുതൽ സംഘടിപ്പിച്ച് വരുന്ന കലാമേള, കായികമേള, 2017 മുതൽ നടത്തി വരുന്ന കേരള പൂരം വള്ളംകളി, യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ യുകെ മലയാളി സമൂഹത്തിനും, ജന്മനാടിനും പ്രയോജനകരമാകുന്ന വിധത്തിലുള്ള പദ്ധതികൾ, യുക്മ യൂത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വൈവിധ്യമാർന്ന മറ്റ് പരിപാടികൾ സംഘടിപ്പിക്കുന്നതുൾപ്പെടെ നിരവധി കാര്യങ്ങളാണ് പുതിയ ദേശീയ നേതൃത്വം റീജനൽ കമ്മിറ്റികളുടെ സഹകരണത്തോട് കൂടി നടപ്പിലാക്കുവാൻ ഒരുങ്ങുന്നത്.
ഭാവിപ്രവർത്തനങ്ങൾ ചർച്ച ചെയ്ത് ആസൂത്രണം ചെയ്യുന്നതിനൊപ്പം തന്നെ പുതിയ ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനുള്ള പ്രധാന മാർഗ്ഗമാണ് നേതൃയോഗം കൊണ്ടുദേശിക്കുന്നതെന്ന് സെക്രട്ടറി ജയകുമാർ നായർ പറഞ്ഞു. വിവിധ സെഷനുകളായി നടക്കുന്ന നേതൃയോഗത്തിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ വാൽസാളിലെ റോയൽ ഹോട്ടലിൽ ഒരുക്കിയതായി ട്രഷറർ ഷീജോ വർഗ്ഗീസ് അറിയിച്ചു.
യുക്മയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള കർമ്മ പരിപാടികളുടെ രൂപരേഖ തയാറാക്കുന്നതിന് വേണ്ടി ചേരുന്ന യോഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. നേതൃയോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:- The Royal Hotel Ablewell Street Walsall WS1 2EL