യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സൽ തീം പാർക്ക് ബെഡ്ഫോർഡിൽ

Mail This Article
ലണ്ടൻ ∙ യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സൽ തീം പാർക്ക് ബെഡ്ഫോർഡിൽ നിർമിക്കാൻ ബ്രിട്ടിഷ് സർക്കാർ പച്ചക്കൊടി കാട്ടി. അടുത്ത വർഷം നിർമാണം ആരംഭിച്ച് 2031ഓടെ പദ്ധതി യാഥാർഥ്യമാകും. ഇതിനായുള്ള കരാർ നടപടികൾ പുരോഗമിക്കുകയാണ്. ഈ സ്വപ്നപദ്ധതി യാഥാർഥ്യമാകുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ എന്റർടെയ്ൻമെന്റ് ഹബ്ബിൽ 28,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
അമേരിക്കയിലെ ഒർലാൻഡോ, ലൊസാഞ്ചലസ് എന്നിവിടങ്ങളിലും ജപ്പാൻ, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിലും തീം പാർക്കുകൾ നടത്തുന്ന യൂണിവേഴ്സൽ ഗ്രൂപ്പാണ് ബ്രിട്ടനിലും മൾട്ടി ബില്യൻ പൗണ്ടിന്റെ നിക്ഷേപം നടത്തുന്നത്. 476 ഏക്കറിലാകും പാർക്കിന്റെ നിർമാണം. ആദ്യ വർഷം തന്നെ 8.5 മില്യൻ സന്ദർശകരെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിനോദ-ടൂറിസം രംഗത്ത് രാജ്യത്തിന്റെ യശ്ശസ് ഉയർത്താൻ പോന്ന പദ്ധതിയാണിതെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പ്രതികരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങൾ നടത്തുന്ന സമാനമായ തീം പാർക്കുകളേക്കാൾ മെച്ചപ്പെട്ടതും കൂടുതൽ ആകർഷകവുമായ ഒന്നാകും ബെഡ്ഫോർഡിലേതെന്നാണ് യൂണിവേഴ്സൽ ഗ്രൂപ്പ് അവകാശപ്പെടുന്നത്. ബെഡ്ഫോർഡ്, സെൻട്രൽ ബെഡ്ഫോർഡ്ഷെയർ, ലൂട്ടൺ, മിൽട്ടൺ കീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഏറെ തൊഴിൽ സാധ്യത നൽകുന്ന പദ്ധതിയാണിത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ഉത്തേജകമാകുന്നതാകും പുതിയ തീം പാർക്കെന്ന് കൾച്ചർ സെക്രട്ടറി ലിസ നൻഡി വ്യക്തമാക്കി. കൺസ്ട്രക്ഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടൂറിസം എന്നീ മേഖലകളിൽ ഉടൻതന്നെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും എന്നും മന്ത്രി പറഞ്ഞു.
തീം പാർക്കിനൊപ്പം ഹോട്ടൽ സമുച്ഛയങ്ങളും റീട്ടെയ്ൽ കോംപ്ലെക്സും എല്ലാം പദ്ധതിയുടെ ഭാഗമാണ്. 476 ഏക്കർ ഭൂമി ഇതിനോടകം തന്നെ യൂണിവേഴ്സൽ ഗ്രൂപ്പ് ഏറ്റെടുത്തു കഴിഞ്ഞു. ഇതിനു പുറമെ ഗതാഗത സൗകര്യം ഉൾപ്പെടെയുള്ള അനുബന്ധ വികസന പദ്ധതികൾക്കായി മറ്റൊരു 700 ഏക്കർ കൂടി കണ്ടെത്തേണ്ടതുണ്ട്. സ്ഥലവാസികളിൽ നല്ലൊരു ശതമാനത്തിനും പദ്ധതിയോട് അനുകൂല പ്രതികരണമാണ്. എന്നാൽ ഇത്രയും ബൃഹത്തായ പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഇവിടെയില്ലെന്ന് പരിഭവം പറയുന്നവരുമുണ്ട്.
പ്രദേശത്തെ ആറായിരത്തോളം ആളുകളിലും നിരവധി സ്ഥാപനങ്ങളിലും സർവേ നടത്തിയപ്പോൾ 92 ശതമാനം പേരും പദ്ധതിയോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് യൂണിവേഴ്സൽ ഗ്രൂപ്പ് വ്യക്തമാക്കി.