ഇന്ത്യയില്‍ വിദേശ ബാങ്കുകള്‍ക്ക് വളരാൻ ആവശ്യമായ അന്തരീക്ഷമുണ്ടെന്ന് നിര്‍മല സീതാരാമൻ; ലണ്ടനിൽ അറുപതോളം നിക്ഷേപകരുമായി കൂടിക്കാഴ്ച

Mail This Article
ലണ്ടൻ ∙ ഇന്ത്യയില്‍ വിദേശ ബാങ്കുകള്‍ക്ക് വളരാനാവശ്യമായ അന്തരീക്ഷമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. യുകെ, ഓസ്‌ട്രിയ എന്നിവിടങ്ങളിലെ ഔദ്യോഗിക സന്ദർശനത്തോട് അനുബന്ധിച്ച് ലണ്ടനിൽ നടന്ന നിക്ഷേപക ചർച്ചയെ അഭിസംബോധന ചെയ്യുകയായിരുന്നു നിർമല സീതാരാമൻ.
യുകെയിലെ വിവിധ പെൻഷൻ ഫണ്ട് കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്തുള്ള അറുപതോളം യുകെ, ഇന്ത്യൻ നിക്ഷേപകരുമായി നിർമല സീതാരമൻ കൂടിക്കാഴ്ച നടത്തി.
‘നവ ഇന്ത്യ’ ലക്ഷ്യമിട്ട്, സുസ്ഥിരമായ സാമ്പത്തിക വളർച്ചയും നിക്ഷേപ അവസരങ്ങളും ഒരുക്കാൻ ഇന്ത്യൻ സർക്കാർ മുൻഗണന നൽകുന്ന കാര്യം ധനമന്ത്രി നിക്ഷേപകരോട് വിശദീകരിച്ചതായി ധനമന്ത്രാലയം അറിയിച്ചു.
വ്യാപാരത്തിനും നിക്ഷേപങ്ങൾക്കും അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിന് രാജ്യത്ത് ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ നിക്ഷേപക സംഗമത്തിൽ ധനമന്ത്രി എടുത്തു പറഞ്ഞു. ചൊവ്വാഴ്ച യുകെയിൽ എത്തിയ നിർമല സീതാരാമൻ യുകെയിലെ വിവിധ മന്ത്രിമാരെ സന്ദർശിച്ച ശേഷം കഴിഞ്ഞ ദിവസം ഓസ്‌ട്രിയയിൽ എത്തി. ഏപ്രിൽ 13 വരെ ഓസ്‌ട്രിയ സന്ദർശനം തുടരും.