ഷാർജ തീപിടിത്തം: കെട്ടിടം പൂർവസ്ഥിതിയിലാക്കാൻ നഗരസഭ, ചിലർക്ക് വേഗം തിരികെ വരാം
Mail This Article
ഷാർജ ∙ അഗ്നിബാധയുണ്ടായ അൽ നഹ്ദയിലെ അബ്കോ ടവർ പൂർവസ്ഥിതിയിലാക്കാൻ നഗരസഭ നടപടികൾ തുടങ്ങി. കേടുപാടുകൾ സംഭവിച്ച ഫ്ലാറ്റുകളുടെ നിർമാണത്തിനുള്ള പെർമിറ്റ് മുനിസിപ്പാലിറ്റി നൽകും. അഗ്നിബാധയുടെ മൂല കാരണമറിയാനുള്ള നിർദിഷ്ട ലാബ് പരിശോധനാഫലം ലഭിച്ച ശേഷമാണ് കെട്ടിട മെയിന്റനൻസിനുള്ള അനുമതി നൽകുക.
തീ പിടിത്തത്തിൽ ഭാഗികമായോ നിസാരമായോ തകർന്ന ഫ്ലാറ്റുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി താമസക്കാരെ പാർപ്പിക്കും. കേടുപാടുകൾ സംഭവിക്കാത്ത ഫ്ലാറ്റുകളിലേക്കുള്ളവരുടെ താമസമായിരിക്കും ആദ്യം പൂർത്തിയാക്കുക. ഷാർജ ജല-വൈദ്യുതി വകുപ്പുമായി (സേവ), ഷാർജ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സഹകരണത്തിലാണ് കെട്ടിടത്തിലേക്ക് താമസക്കാരെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
എല്ലാവിധ സുരക്ഷാ നിർദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും കെട്ടിടത്തിലേക്കു താമസക്കാരെ മാറ്റുന്ന നടപടിക്രമങ്ങളും കെട്ടിട നിർമാണ കാര്യങ്ങളും പൂർത്തിയാക്കുകയെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ സാബിത് സാലിം അൽ ത്വരീഫി അറിയിച്ചു. എമിറേറ്റിലെ ബന്ധപ്പെട്ട സർക്കാർ കാര്യാലയങ്ങളുമായി സഹകരിച്ചായിരിക്കും ഇത്. പുതിയകെട്ടിട നിർമാണ ഭേദഗതി നിയമമനുസരിച്ചായിരിക്കും കെട്ടിട ഉടമകൾക്ക് നിർമാണത്തിനുള്ള പെർമിറ്റ് നൽകുകയെന്നും സാബിത് വ്യക്തമാക്കി.
പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നഗരസഭ കെട്ടിടത്തിലെത്തി പരിശോധനയും കണക്കെടുപ്പും പൂർത്തിയാക്കിയത്. തീപിടിത്തം മൂലം ടവറിന്റെ ഒരു ഭാഗത്ത് മാത്രമാണ് കാര്യമായ നാശനഷ്ടമുണ്ടായത്. തീ അണയ്ക്കാനുപയോഗിച്ച വെള്ളം കെട്ടിടത്തിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതു നീക്കാൻ നഗരസഭ നടപടി വേഗത്തിലാക്കി. ഇതിനു ശേഷം 'സേവ ' ടവറിലേക്കുള്ള ജല-വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കെട്ടിട നിർമാണത്തിനുള്ള സൗകര്യം ഒരുക്കും.