‘ഷൂ’ക്കാലം തേഞ്ഞുപോയി; ഗ്ലാമറോടെ ചെരിപ്പുകൾ
Mail This Article
ദുബായ് ∙ കാലുകളിലേക്ക് നാലുപേർ നോക്കാൻ ഷൂ വേണമെന്ന ധാരണകൾക്കു തേയ്മാനം സംഭവിച്ചതോടെ ഗ്ലാമർ കൂടി ചെരിപ്പുകൾ. ഷൂവിലും സോക്സിലും വീർപ്പുമുട്ടിയ കാലുകൾ ചെരിപ്പുകളുടെ 'ഓപ്പൺ എയറിൽ' സ്വാതന്ത്ര്യത്തിന്റെ സുഖമറിയുന്നു. ചൂടുകാലം എത്തിയതിന്റെ തിരക്ക് കടകളിലും കണ്ടുതുടങ്ങി. മെട്രോ യാത്രക്കാരിലും ചെരിപ്പുകാർ കൂടുന്നു. ഗൾഫിൽ, പദവിയിൽ ഷൂവിനോളം വരില്ലെങ്കിലും ചെരിപ്പ് രണ്ടാംകിടക്കാരനെന്ന ചിന്ത ന്യൂജെൻ പയ്യന്മാർക്കുമില്ല. വിയർപ്പുമണമുള്ള കോട്ടുകളും തിളങ്ങുന്ന ഷൂസും ഗൾഫ് ഗ്ലാമറിന്റെ കൊടിയടയാളം അല്ലാതായിമാറി.
ഓഫർ നോക്കി വാങ്ങുന്ന സാധാരണക്കാരന്റെ ഷൂസിന് ശരാശരി 150 ദിർഹമാണ് (ഏകദേശം 3,000 രൂപ) വിലയെങ്കിൽ ആ വിലയ്ക്ക് 'തറവാടിയായ' ചെരിപ്പു കിട്ടും. നാട്ടിലേക്കുള്ള യാത്രയിൽ പോലും ചെരിപ്പ് പതിവാക്കിയവരുണ്ട്. ബ്രാൻഡഡ് സാധനങ്ങളേ ഉപയോഗിക്കൂ എന്ന നിർബന്ധമൊക്കെ കോവിഡ് വന്നതോടെ പമ്പകടന്നു.
കോലാപ്പുരിക്ക് 'പാക് അപരൻ'
വമ്പൻ ബ്രാൻഡുകളുടെ ഇടയിൽ പ്രൗഢിയോടെ തിളങ്ങുന്നു, ഇന്ത്യയുടെ കോലാപ്പുരി. ‘കരുകരാ’ ശബ്ദം കേൾപ്പിച്ചു പോകുന്ന കോലാപ്പുരിയെ തിരിഞ്ഞുനോക്കാത്ത ആരാധകരില്ല. എന്നാൽ ദുബായിലെ പല കടകളിലും കിട്ടുന്നത് പാക്കിസ്ഥാൻ നിർമിത േകാലാപ്പുരിയാണെന്നു മാത്രം. നിലവാരത്തിൽ ഒട്ടും പിന്നിലല്ലെങ്കിലും കാഴ്ചയിലറിയാം വ്യത്യാസം. അലങ്കാരപ്പണികൾ ലേശം കൂടും.
ശരാശരി 80 ദിർഹമാണ് ( ഏകദേശം 1,600 രൂപ) വിലയെങ്കിലും ആഞ്ഞുപിടിച്ചാൽ 50-60ന് (1,000-1,200 രൂപ) കിട്ടും. നനയാതിരുന്നാൽ എത്രകാലം വേണമെങ്കിലും ഉപയോഗിക്കാമെന്നു കച്ചവടക്കാർ പറയുന്നു. കറാച്ചിയിൽ കോലാപ്പുരി ചെരിപ്പു നിർമാണം കുടിൽവ്യവസായമാണ്. ൈകകൊണ്ട് തുന്നിയ ചെരിപ്പുകൾ ലളിതം. സ്ത്രീകളുടെ ചെരിപ്പിനും വിലവ്യത്യാസമില്ല.
'ജനകീയനായി വള്ളിച്ചെരിപ്പുകൾ
പൊതു യാത്രാസംവിധാനങ്ങൾ കൂടുതൽ ജനകീയമാകുന്നത് പാദരക്ഷകളുടെ ട്രെൻഡുകളിൽ മാറ്റം വരുത്തി. നടക്കാൻ എളുപ്പമുള്ള ഷൂവും ചെരിപ്പും നോക്കിയാണ് ഏറെ പേരും വാങ്ങുക. മെട്രോയിറങ്ങി ഓഫിസിലേക്ക് നടക്കുമ്പോൾ ലെതർ ഷൂവും കട്ടികൂടിയ ചെരിപ്പുകളും ബുദ്ധിമുട്ടാണ്. പകരം കാൻവാസ് ഷൂവും വള്ളിച്ചെരിപ്പടക്കമുള്ള സാധാരണ മോഡലുകളും വ്യാപകമായി. വിളിപ്പേരു വള്ളിച്ചെരുപ്പെന്നാണെങ്കിലും ബ്രാൻഡഡ് കമ്പനിയാണെങ്കിൽ കീശയുടെ കനം കുറയും.
കൂർത്ത ഹൈഹീൽ മെട്രോയ്ക്ക് പുറത്ത്
ഹൈഹീൽ ചെരിപ്പുകളിട്ട സ്ത്രീകൾ മെട്രോ യാത്രക്കാരുടെ പേടിസ്വപ്നം ആണെങ്കിലും ഇപ്പോൾ പഴയപോലെ 'സൂചിമുന' പ്രയോഗമില്ല. കൂർത്ത ഹൈഹീൽ ചെരിപ്പിട്ട് തിങ്ങിനിറഞ്ഞ മെട്രോയിൽ കയറുന്നവരുടെ ചവിട്ടേറ്റ് നിലവിളിച്ചവരുടെ പരാതിയെ തുടർന്ന് അധികൃതർ കണ്ണുരുട്ടിയതോടെയാണിത്.
പകരം സൂചിമുനയല്ലാത്ത ഹൈഹീൽ വ്യാപകമായി.
എസ്കലേറ്ററുകൾ, വോക്കലേറ്ററുകൾ എന്നിവയിൽ ഹൈഹീൽഡ് ചെരിപ്പ് ഉപയോഗിക്കുമ്പോൾ വീഴാനുള്ള സാധ്യതയേറെ. മെട്രോ എസ്കലേറ്ററിൽ നിന്നു തെന്നിവീണ് പലർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.
ൈഹഹീൽഡിൽ തന്നെ പല വിഭാഗങ്ങളുണ്ടെന്നും കച്ചവടക്കാർ പറയുന്നു. ഒരുപോലെ ഉയരം കൂടിയതാണ് ഇതിലൊന്ന്. ഉയരം കൂടുതൽ തോന്നിക്കാൻ ഇതുവാങ്ങുന്നവരേറെയാണ്.