ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ സ്വകാര്യ വാഹനങ്ങളുടെ ലൈസന്‍സ് (മുല്‍കിയ) കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാന്‍ അവസരം. വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലാണ് ഉടമയുടെ അഭ്യര്‍ഥന പ്രകാരം ലൈസന്‍സ് കാലാവധി നീട്ടിനല്‍കുകയെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി) അറിയിച്ചു. ഇത് സംബന്ധിച്ച് പൊലീസ്, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശറയ്ഖി ഉത്തരവിറക്കി. ഗതാഗത നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് ഉത്തരവിറക്കിയത്. 

നേരത്തേ സ്വകാര്യ വാഹനങ്ങളുടെ പ്രവര്‍ത്തന ലൈസന്‍സ് കാലാവധി ഒരു വര്‍ഷമായിരുന്നു. സര്‍ക്കാര്‍, നയതന്ത്ര, കോണ്‍സുലാര്‍, സര്‍ക്കാര്‍ അക്രെഡിറ്റേഷനുള്ള സംഘടനകള്‍ എന്നിവയുടെ വാഹനങ്ങളുടെ കാലാവധി ഇനി രണ്ട് വര്‍ഷം വരെയാണുണ്ടാകുക. ഇതോടെ ഇവയ്ക്കുള്ള പ്രത്യേക അവകാശം ഇല്ലാതായി.

പിക്കപ്പ്, ലൈറ്റ് യാത്രാ വാഹനങ്ങള്‍ ഒഴികെ എല്ലാ വാണിജ്യ വാഹനങ്ങളും ഓപറേറ്റിങ് ലൈസന്‍സ് പുതുക്കാന്‍ സാങ്കേതിക പരിശോധന നടത്തണം. ഹെവി സര്‍ക്കാര്‍ വാഹനങ്ങളും, എല്ലാ തരത്തിലുമുള്ള ടാക്‌സികള്‍, സ്‌കൂള്‍ കാറുകള്‍, ബസുകള്‍, പത്ത് വര്‍ഷമോ അതില്‍ കൂടുതല്‍ പഴക്കമോ ഉള്ള കാറുകളും സൈക്കിളുകളും, പരിമിത ഉപയോഗത്തിനുള്ള വാഹനങ്ങള്‍, പത്ത് വര്‍ഷവും അതിലേറെയും പഴക്കമുള്ള പിക്കപ്പുകള്‍ എന്നിവയും സാങ്കേതിക പരിശോധന നടത്തണം.

ഡ്രൈവിങ് ലൈസന്‍സോ വാഹന ഓപറേറ്റിങ് ലൈസന്‍സോ നേടിയെന്ന രേഖ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ബ്ലാക്ക് പോയിന്റ് ഇനി നല്‍കില്ല. നേരത്തേ ഈ നിയമലംഘനങ്ങള്‍ക്ക് മൂന്നു ബ്ലാക്ക് പോയിന്റുകളാണ് നല്‍കിയിരുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ ഉത്തരവ്.

English Summary:

Vehicle Registration can be Extended beyond a Year: Royal Oman Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com