അൽ മക്തൂം രാജ്യാന്തര വിമാനത്താവളം; വിദേശികൾക്ക് ഉടമാവകാശം, വീസയും പെർമിറ്റും വേഗത്തിൽ
Mail This Article
ദുബായ് ∙ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു ദുബായ് സൗത്തിൽ വികസന പദ്ധതികൾ ഒരുങ്ങുന്നു. പ്രധാന വിമാന സർവീസുകൾ അൽ മക്തൂമിലേക്കു മാറുന്നതോടെ ദുബായുടെ പുതിയ നഗരമായി ദുബായ് സൗത്ത് മാറുമെന്നു ദുബായ് ഏവിയേഷൻ സിറ്റി കോർപറേഷന്റെയും ദുബായ് സൗത്തിന്റെയും സിഇഒ ഖലീഫ അൽ സഫീൻ പറഞ്ഞു.
∙ വിമാനത്താവളത്തിൽ ഒരുങ്ങും അതിനൂതന സേവനങ്ങൾ
വിദേശികൾക്ക് ഉടമാവകാശം നൽകുന്ന വിധത്തിലാണ് നിക്ഷേപ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അൽ മക്തൂം വിമാനത്താവളത്തിന്റെ പരിസരമേഖലകളിൽ 10 ലക്ഷം പേർക്കുള്ള താമസ സൗകര്യമാണ് ഒരുങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങൾ അതിനൂതനമാക്കും.
ഇതുവരെ വിമാനത്താവളങ്ങളിൽ ലഭിക്കാത്ത സേവനങ്ങളും ഒരുക്കും. വീസകളും പെർമിറ്റുകളും വേഗത്തിൽ ലഭ്യമാക്കും. ജബൽ അലി തുറമുഖവുമായി വിമാനത്താവളത്തെയും കാർഗോ വകുപ്പിനെയും നേരിട്ടു ബന്ധിപ്പിക്കും. വിമാനത്താവളത്തിലേക്കു ട്രാമും, മെട്രോയും ബന്ധപ്പിക്കുന്നതോടെ ദുബായ് ഫ്രീ സോൺ, തുറമുഖം, വിമാനത്താവളം വഴിയുള്ള ചരക്ക് ഗതാഗതസമയം 20 മിനിറ്റായി ചുരുങ്ങും.
∙ വേഗത്തിൽ ചരക്കുനീക്കം
അതിവേഗ ചരക്കുനീക്കമാണ് വിമാനത്താവളം കേന്ദ്രീകരിച്ചുണ്ടാവുക. വിവിധ എമിറേറ്റുകളിലെയും ദുബായിലെയും പ്രധാന പാതകളെല്ലാം വിമാനത്താവളവുമായി ബന്ധപ്പെട്ടിരിക്കും. ചരക്കു നീക്കത്തിൽ പ്രതിവർഷ വർധന 1.2 കോടി ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷ. ആഗോള ലോജിസ്റ്റിക്സ് കമ്പനികളിൽ 9 എണ്ണം ദുബായ് സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്കിൽ സ്ഥാപനം തുറക്കാൻ ധാരണയായി. വരുന്ന 40 വർഷത്തേക്ക് യുഎഇയുടെ രാജ്യാന്തര വ്യോമമേഖലയുടെ നിയന്ത്രണം ദുബായിക്കാകുമെന്നും ഖലീഫ അൽ സഫീൻ പറഞ്ഞു.