മസ്‌കത്ത് ബീച്ചുകളിലും പാർക്കുകളിലും കർശന നിരീക്ഷണം: മാലിന്യം നിക്ഷേപിക്കുന്നവർക്ക് കനത്ത പിഴ
Mail This Article
മസ്‌കത്ത്∙ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയും പൊതുമുതലുകള്‍ നശിപ്പിക്കുന്നതിനെതിരെയും മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. ദേശീയദിന പൊതുഅവധി ദിനങ്ങളിൽ ബീച്ചുകൾ, പൊതു ഇടങ്ങൾ, പാർക്കുകൾ തുടങ്ങി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സന്ദർശകരെത്തുന്ന സാഹചര്യത്തിലാണ് നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷാ നടപടികൾ ഉൾപ്പെടെ ഓർമപ്പെടുത്തി നഗരസഭ രംഗത്തെത്തിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ 100 റിയാൽ പിഴ ചുമത്തുമെന്ന് നഗരസഭ ഉണർത്തി.
പൊതുഇടങ്ങളിലോ വിനോദസഞ്ചാര കേന്ദ്രങ്ങളിലോ മറ്റോ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല. മാലിന്യം ഇവിടിങ്ങളിൽ ഉപേക്ഷിച്ചാൽ പിഴ അടയ്‌ക്കേണ്ടി വരും. ഇക്കാര്യം വ്യക്തമാക്കി പലയിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിച്ചതിന്‍റെയും ഇവ നീക്കം ചെയ്യുന്നതിന്‍റെയും ചിത്രങ്ങൾ നഗരസഭയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു.
ബീച്ചുകളും പാർക്കുകളും സന്ദർശിക്കുന്നവർ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ വലിച്ചെറിയരുതെന്നും പ്രകൃതിയെ സംരക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. ബീച്ചുകൾ അടക്കമുള്ള പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാവരും സന്നദ്ധരാകണം. മാലിന്യങ്ങളില്ലാത്ത ബീച്ചുകൾ എന്നതാണ് സർക്കാർ ലക്ഷ്യം. ബീച്ചുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിന് കഴിഞ്ഞ വർഷം കൂടുതൽ മാലിന്യപ്പെട്ടികൾ സ്ഥാപിച്ചിരുന്നു.
ചൂട് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ ബാർബിക്യു ചെയ്യുന്നരും ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണം. ബാർബിക്യുവിന്‍റെ നിയമങ്ങൾ അധികൃതർ പ്രഖ്യാപിച്ചിരുന്നു. പൂന്തോട്ടങ്ങൾക്കും പാർക്കുകൾക്കും പൊതുസ്ഥലങ്ങൾക്കും തീപ്പിടിത്ത ഭീഷണി തടയുന്നതിനാണിത്. പിഴയ്ക്ക് പുറമെ, വൃത്തികേടാക്കിയ ഇടങ്ങൾ നിയമലംഘകർ വൃത്തിയാക്കുകയും വേണം.