വെടിക്കെട്ട്, ഡ്രോൺ ഷോ: പുതുവർഷത്തെ സ്വീകരിക്കാൻ റാസൽഖൈമ, എമിറേറ്റിൽ ഗതാഗത നിയന്ത്രണം
Mail This Article
റാസൽഖൈമ ∙ പുതുവർഷാഘോഷ റിഹേഴ്സലിന്റെ ഭാഗമായി റാസൽഖൈമയിൽ ഗതാഗത നിയന്ത്രണം. കോവ് റൊട്ടാന ബ്രിജ്, എമിറേറ്റ്സ് റൗണ്ട് എബൗട്ട്, അൽഹംറ റൌണ്ട് എബൗട്ട്, യൂണിയൻ ബ്രിജ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിനാണ് നിയന്ത്രണം. ഇന്നലെ തുടങ്ങിയ ഗതാഗത നിയന്ത്രണം പുതുവർഷം വരെ തുടരും. പുതുവർഷത്തെ വരവേൽക്കാൻ 15 മിനിറ്റ് നീളുന്ന വെടിക്കെട്ടും ഡ്രോൺ ഷോയുമാണ് ഒരുക്കിയിരിക്കുന്നത്.
എമിറേറ്റിന്റെ സാംസ്കാരിക പൈതൃകം ആകാശത്ത് വരച്ചുകാട്ടുന്ന ഡ്രോൺ ഷോയ്ക്ക് അകമ്പടിയായുള്ള കരിമരുന്ന് പ്രയോഗം ലോക റെക്കോർഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ടും ഡ്രോൺ ഷോയും കാണാൻ റാസൽഖൈമയിലെ അൽമർജാൻ ഐലൻഡ് കേന്ദ്രീകരിച്ച് കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും പ്രത്യേക സൗകര്യമൊരുക്കും. പ്രവേശനം സൗജന്യം.
സ്കൈ മാജിക്കിന്റെ ഓർക്കസ്ട്ര പുതുവർഷപ്പുലരിയെ സംഗീതസാന്ദ്രമാക്കും. ഇതോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന ഒട്ടേറെ കലാസാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. 20,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. അൽറംസിലെ പാർക്കിങിനു സമീപം ബാർബിക്യൂ, ക്യാംപ് ഫയർ എന്നിവയ്ക്കും സൗകര്യമുണ്ട്. ധായ പാർക്കിങിൽ കൂടാരം കെട്ടി രാത്രി താമസിക്കാം. ‘നമ്മുടെ കഥ ആകാശത്ത്’ എന്ന പ്രമേയത്തിൽ പ്രകൃതിയോടും പൈതൃകത്തോടും ഇണങ്ങും വിധത്തിലായിരിക്കും റാസൽഖൈമയുടെ ആഘോഷം.