ഒൻപതു വയസ്സുകാരനെ പീഡിപ്പിച്ച കേസ്: 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി കുവൈത്ത് പൊലീസ്

Mail This Article
കുവൈത്ത് സിറ്റി ∙ ഒൻപതു വയസ്സുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികവും ശാരീരികവുമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. ലഹരിമരുന്നിന് അടിമയായ കുവൈത്ത് പൗരനെയാണ് പൊലീസ് 24 മണിക്കൂറിനകം അറസ്റ്റ് ചെയ്‌തത്. മൈദാൻ ഹവല്ലി പ്രദേശത്താണ് ഈദ് ദിനത്തിൽ അതിക്രൂരമായ സംഭവം അരങ്ങേറിയത്.
∙പൊലീസ് നൽകുന്ന വിവരം ഇങ്ങനെ
കാപിറ്റൽ ഗവർണറേറ്റിലെ ഒരു തെരുവിൽ ശാരീരികമായി ഉപദ്രവിക്കപ്പെട്ട നിലയിൽ കുട്ടിയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായ ലൈംഗിക പീഡന വിവരം പുറത്തുവന്നത്.
പ്രതി കുട്ടിയെ വാഹനത്തിൽ കടത്തിക്കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ അടക്കം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ലഹരിക്കടിമയായ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും സമാന സ്വഭാവമുള്ള കേസുകൾ മുൻപും ഇയാളുടെ പേരിലുണ്ടെന്നും പൊലീസ് അറിയിച്ചു. പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും പൊലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കി.