അത്ര നിസ്സാരക്കാരനല്ല ഈ മൂഷികന്; ഗിന്നസ് ലോക റെക്കോര്‍ഡ് നേട്ടത്തില്‍ ആഫ്രിക്കയിലെ പൗച്ച് എലി

Mail This Article
കംബോഡിയ ∙ കംബോഡിയയിലെ ഈ അഞ്ചുവയസ്സുകാരന്‍ എലി അത്ര നിസ്സാരക്കാരനല്ല. ലോക റെക്കോര്‍ഡ് നേട്ടം മനുഷ്യര്‍ക്ക് മാത്രമല്ല തങ്ങള്‍ക്കും ആകാമെന്ന് തെളിയിച്ചിരിക്കുകയാണ് കക്ഷി. 109 കുഴിബോംബുകളും പതിനഞ്ചോളം പൊട്ടാത്ത വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങളും മണത്ത് കണ്ടുപിടിച്ചാണ് ആഫ്രിക്കന്‍ എലിയായ റൊണിന്‍ ഏറ്റവും കൂടുതല്‍ കുഴിബോംബുകള്‍ കണ്ടെത്തിയ എലി എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരിക്കുന്നത്.
കുഴിബോംബുകള്‍ മണത്തു കണ്ടുപിടിക്കുന്നതില്‍ അഗ്രഗണ്യനാണ് ബെല്‍ജിയത്തിലെ സന്നദ്ധ സംഘടനയായ അപോപിലെ ഹീറോ റാറ്റ് എന്ന വിശേഷണമുള്ള റൊണിന്‍ എലി. ആഫ്രിക്കന്‍ എലികളിലെ ഭീമന്‍ പൗച്ച് ഇനത്തില്‍പ്പെട്ടതാണ് ഇവന്‍. 2021 ഓഗസ്റ്റിലാണ് വടക്കന്‍ പ്രേഹ് വിഹിയറില്‍ വിന്യസിപ്പിച്ച ശേഷമാണ് റൊണിന്‍ 109 കുഴിബോംബുകളും 15 പൊട്ടാത്ത യുദ്ധവെടിക്കൊപ്പുകളും വിവിധ പ്രദേശങ്ങളില്‍ നിന്ന് മണത്ത് കണ്ടുപിടിച്ചതെന്ന് അപൊപോ വ്യക്തമാക്കി.
സംഘടനയുടെ ചരിത്രത്തില്‍ വച്ചേറ്റവും 'വിജയകരമായ മൈന്‍ ഡിറ്റക്ഷന്‍ റാറ്റ് (എംഡിആര്‍)' എന്ന പേരും റൊണിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോക മൂഷിക ദിനമായ ഏപ്രില്‍ 4നാണ് റൊണിന്‌റെ റെക്കോര്‍ഡ് നേട്ടം പ്രഖ്യാപിച്ചത്. 2021 ല്‍ അപോപിലെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പായി അഞ്ച് വര്‍ഷം കൊണ്ട് 71 കുഴിബോംബുകളും 38 പൊട്ടാത്ത വെടിക്കോപ്പുകളും കണ്ടെത്തിയ മഗാവ എന്ന ഹീറോ റാറ്റിന്‌റെ മുന്‍ റെക്കോര്‍ഡ് ആണ് റോണിന്‍ ഭേദിച്ചത്. 2,25,000 ചതുരശ്രമീറ്റര്‍ മീറ്റര്‍ സ്ഥലത്ത് നിന്ന് മുഴുവന്‍ കുഴിബോംബുകളും നീക്കാന്‍ സഹായിച്ച ഹീറോയിസത്തിന് സ്വര്‍ണമെഡലും മഗാവ സ്വന്തമാക്കിയിരുന്നു. 2022 ല്‍ മഗാവ മരിച്ചു.

മനുഷ്യ ജീവിതം സംരക്ഷിക്കാനായി കുഴിബോംബുകളും മറ്റും മണത്ത് കണ്ടെത്താനായി എലികള്‍ക്കും നായ്ക്കള്‍ക്കും വിദഗ്ധ പരിശീലനം നല്‍കുന്ന ബെല്‍ജിയത്തിലെ സന്നദ്ധ സംഘടനയാണ് അപോപോ. ഇവിടുത്തെ ഹീറോ റാറ്റുകള്‍ ദിവസവും 30 മിനിറ്റ് മാത്രമാണ് ജോലി ചെയ്യുന്നത്. അതും പുലര്‍ച്ചെ മാത്രം. ബാക്കി സമയങ്ങളില്‍ വിശ്രമമാണ്.
1960 കളുടെ തുടക്കം മുതലുള്ള യുദ്ധത്തിലെ കുഴിബോംബുകള്‍, ഉപേക്ഷിക്കപ്പെട്ട വെടിക്കോപ്പുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കൊണ്ട് കംബോഡിയയിലെ പ്രദേശങ്ങളെല്ലാം അപകടസാധ്യതയേറിയതാണ്.1998 ല്‍ 30 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിച്ചതിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കുഴിബോംബുകള്‍ കുഴിച്ചെടുക്കുന്ന രാജ്യങ്ങളിലൊന്നായി കംബോഡിയ മാറി.

കുഴിബോംബുകളാലും മറ്റും ഇന്നും കംബോഡിയയില്‍ മരണമടയുന്നവര്‍ ഏറെയാണ്. 1979 മുതല്‍ ഇതുവരെ 20,000 പേരാണ് ഇത്തരത്തില്‍ മരിച്ചത്. അനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2025നകം കുഴിബോംബ് രഹിത രാജ്യമായി മാറാന്‍ ലക്ഷ്യമിട്ടുള്ള നടപടികളിലാണ് രാജ്യം.