'അച്ഛൻ അമ്മയുടെ മുഖത്ത് അടിച്ച് മതിലിലേക്ക് തള്ളിയിട്ടു’; മകളുടെ വെളിപ്പെടുത്തൽ, പിന്നാലെ നിർണായക നീക്കവുമായി പൊലീസ്
Mail This Article
ടെക്‌സസ്∙ ടെക്‌സസ് നഗരത്തിൽ നിന്ന് കാണാതായ റിയൽ എസ്റ്റേറ്റ് ഏജന്‍റ് സുസെയ്ൻ ക്ലാർക്ക് സിംപ്‌സൺ (51) കൊല്ലപ്പെട്ടതായി പൊലീസ്. കേസിൽ കാണാതായ സുസെയ്ൻ ക്ലാർക്കിന്‍റെ ഭർത്താവ് ബ്രാഡ് സിംപ്‌സൺ അറസ്റ്റിലായി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മകൾ ചാൻഡലർ സിംപ്‌സൺ സമൂഹ മാധ്യമത്തിൽ അച്ഛൻ അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും കൊലപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു.
ഒക്ടോബർ 6-ന് ഓൾമോസ് പാർക്കിൽ വച്ചാണ് സുസെയ്നെ അവസാനമായി ജീവനോടെ കണ്ടത്. ഇവിടെ വച്ച് സുസെയ്നും ബ്രാഡും തമ്മിൽ വഴക്കിട്ടതായിട്ടാണ് പുറത്ത് വരുന്ന വരുന്ന വിവരം. ഭാര്യയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം സിംപ്‌സണെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ, നിയമവിരുദ്ധമായി ഭാര്യയെ തടങ്കലിൽ വച്ചതിനും മർദിച്ചതിനുമാണ് അന്ന് കുറ്റം ചുമത്തിയത്.പിന്നീട് അനുമതിയില്ലാതെ ആയുധം കൈവശം വച്ചതിനും തെളിവുകളിൽ കൃത്രിമം കാണിച്ചതിനും കുറ്റം ചുമത്തി.
സൂസെയ്‌നും ഭർത്താവും തമ്മിലുള്ള വഴക്ക് കണ്ടതായി അയൽക്കാർ പൊലീസിനെ അറിയിച്ചു. സിംപ്‌സൺ ഭാര്യയെ അടിക്കുന്നതും കണ്ടുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. അതേസമയം, 'അച്ഛൻ അമ്മയുടെ മുഖത്ത് അടിച്ച് മതിലിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് ദമ്പതികളുടെ ഇളയ കുട്ടി സ്‌കൂളിലെ ജീവനക്കാരോട് പറഞ്ഞു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിലേക്ക് നയിക്കുന്ന നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതെന്നാണ് വിവരം.
സിംപ്‌സൺ സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ ജെയിംസ് വാലെ കോട്ടറിന് 'എനിക്ക് അധികം സമയമില്ല' എന്ന് സന്ദേശം അയച്ചതായി കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. വീട്ടിൽ നിന്ന് എകെ –47 തോക്കും പൊലീസ് കണ്ടെത്തി. ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെടുത്താവുന്ന ആയുധം ഒളിപ്പിക്കാൻ സിംസണെ കോട്ടർ സഹായിച്ചതായി പൊലീസ് പറയുന്നു.
തുടർന്നാണ് ബ്രാഡ് സിംപ്‌സണിനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തിയത്. സുസെയ്‌ന്‍റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.