'ലാലേട്ടാ വീ ലവ് യൂ': എമ്പുരാനെ ഏറ്റെടുത്ത് ഡാലസ്; വിഡിയോ വൈറൽ

Mail This Article
ടെക്സസ് ∙ എമ്പുരാൻ സിനിമയുടെ ആഗോള വിജയം മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ രചിക്കുമ്പോൾ, മോഹൻലാലിന് ആദരവുമായി ഡാലസിലെ ഒരു കൂട്ടം നർത്തകർ. യുഎസിൽ താമസിക്കുന്ന സുധീഷിന്റെയും രോഷ്നി നായരുടെയും കൊറിയോഗ്രാഫിയിൽ ഒരുക്കിയ ഡാൻസ് വിഡിയോയ്ക്ക് യുഎസിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മോഹൻലാലിന്റെയും അദ്ദേഹത്തിന്റെ സിനിമകളുടെയും ആരാധകരായ മൂന്ന് പേരാണ് വിഡിയോയിൽ അണിനിരക്കുന്നത്. ക്ലാസിക്കൽ, കൺടെംപററി, ബോളിവുഡ് നൃത്ത ശൈലികളിൽ പ്രാവീണ്യം നേടിയ ഇവർ മൂന്ന് പേരും ഡാലസിൽ നിന്നുള്ളവരാണെന്നത് ശ്രദ്ദേയം. ബോളിവുഡ്, ഇന്ത്യൻ സിനിമ മേഖലകളിൽ 15 വർഷത്തിലേറെ പരിചയമുള്ള സുധീഷും രോഷ്നി നായരും ചേർന്നാണ് വിഡിയോയുടെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്.
ഇപ്പോൾ യുഎസിൽ താമസമാക്കിയ ഇവർ, തങ്ങളുടെ തനതായ ശൈലിയിലൂടെ ദക്ഷിണേഷ്യൻ നൃത്ത രൂപങ്ങൾക്ക് ആഗോളതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കാൻ ശ്രമിക്കുകയാണ്. ഈ നൃത്താവിഷ്കാരം യാഥാർഥ്യമാക്കുന്നതിൽ ഡാലസിലെ യുവാക്കളും ജയ് മോഹനനും നിർണായക പങ്കുവഹിച്ചതായി ഇവർ പറയുന്നു.