ആത്മീയ ജീവിതത്തിന്റെ നട്ടെല്ല് തകർന്ന അവസ്ഥയിലാണ് വിശ്വാസ സമൂഹമെന്ന് റവ. എബ്രഹാം തോമസ് പാണ്ടനാട്

Mail This Article
മെസ്‌ക്വിറ്റ് ∙ ആത്മീയ ജീവിതത്തിന്റെ നട്ടെല്ല് തകർന്ന് നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്തെ വിശ്വാസ സമൂഹമെന്ന് ഫാർമേഴ്സ് മാർത്തോമ്മാ ചർച്ച് അസിസ്റ്റന്റ് വികാരി.റവ.എബ്രഹാം തോമസ് പാണ്ടനാട്. വലിയ നോമ്പിനോടനുബന്ധിച്ച് മാർത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജൻ സെന്റർ എ യുടെ നേതൃത്വത്തിൽ ഡാലസ് സെൻറ് പോൾസ് മാർത്തോമ്മാ ചർച്ചിൽ നടന്ന സന്ധ്യാ നമസ്കാരത്തിൽ 'ക്രിസ്തുവിനോടൊപ്പം' എന്ന വിഷയത്തെ ആധാരമാക്കി വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിനെ കണ്ടെത്തുമ്പോൾ ജീവിതത്തിന്റെ പൂർത്തീകരണം സംഭവിക്കുകയും പരീക്ഷകൾ സഹിച്ച് ക്രിസ്തുവിനോടുകൂടെ സഞ്ചരിക്കുമ്പോൾ ക്രിസ്തു എപ്രകാരം തന്റെ പരീക്ഷയെ അതിജീവിച്ചിരുന്നോ അതുപോലെ തന്നെ ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പരീക്ഷകളെ അതിജീവിക്കുവാൻ ക്രിസ്തു നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന വിശ്വാസം നമുക്കോരോരുത്തർക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ. ഷൈജു സിജോയ് അധ്യക്ഷത വഹിച്ചു. സെന്റർ വൈസ് പ്രസിഡന്റ് ജൊഹാഷ് ജോസഫ്, സ്വാഗതവും സെക്രട്ടറി സിബി മാത്യു നന്ദിയും പറഞ്ഞു. റിപ്‌സൺ തോമസ്, ആഷ്‌ലി സുഷിൽ, ടോയ്, അലക്സാണ്ടർ എന്നിവർ വിവിധ ശുശ്രുഷകൾക്കു നേതൃത്വം നൽകി.
