ADVERTISEMENT

പല രാജ്യങ്ങളിലും കോവിഡ് വാക്സീൻ ജനങ്ങൾക്ക് നൽകിത്തുടങ്ങി. ഇതിനോടകംതന്നെ നിരവധി മലയാളികളും വാക്സീനുകൾ സ്വീകരിച്ചു കഴിഞ്ഞു. പുതിയൊരു വാക്സീൻ ആയതിനാൽത്തന്നെ ഇതു സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും സ്വീകരിച്ച ശേഷം എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടാകുന്നുണ്ടോ എന്നതുമൊക്കെ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. ദുബായിലെ സുലേഖ ഹോസ്പിറ്റലിൽ കോർപ്പറേറ്റ് റിലേഷൻസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന കണ്ണൂർ കരിവള്ളൂർ സ്വദേശിയായ 35കാരൻ രതീഷ് കരിവള്ളൂർ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷമുള്ള അനുഭവം പങ്കുവയ്ക്കുന്നു. 

ജോലി ചെയ്യുന്നത് ആശുപത്രിയിൽ ആയതിനാൽത്തന്നെ ഏതു നേരവും കോവിഡ് ഭീഷണിയിൽത്തന്നെയാണ് ഓരോ ദിവസവും പൊയ്ക്കൊണ്ടിരുന്നത്. പല രോഗങ്ങളുമായി വരുന്നവരുമായി അടുത്തിടപഴകേണ്ട സാഹചര്യമാണു താനും.  ജോലി കഴിഞ്ഞ് തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ ഉള്ളിൽ ഭയമാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഇനി ഞാൻ കാരണം അവർക്കെങ്ങാനും രോഗം പിടിപെടുമോ എന്ന ഭീതി. അതുകൊണ്ടുതന്നെ വാക്സീനുവേണ്ടി ഏറ്റവുമധികം കാത്തിരുന്നവരിൽ ഒരാളായിരുന്നുവെന്നു പറയാം. 

മിനിസ്ട്രി  ഓഫ് ഹെൽത്ത് ഷാർജയിൽ  സൗജന്യ കോവിഡ് വാക്സീൻ കൊടുക്കാൻ തുടങ്ങിയപ്പോൾ ഇന്നലെ ഞാനും സ്വീകരിച്ചു ആദ്യ ഡോസ് വാക്സീൻ. വാക്സീൻ സ്വീകരിക്കുന്ന കാര്യത്തിൽ നിരവധി ആശങ്കകൾ എന്റെ മനസ്സിലും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വാക്സീൻ സ്വീകരിക്കുന്നതിനു മുൻപുള്ള മൂന്നു ദിവസങ്ങളിൽ നിരവധി ഡോക്ടർമാരുമായും വാക്സീൻ സ്വീകരിച്ചവരുമായൊക്കെ സംസാരിച്ച് എന്റെ സംശയങ്ങളെല്ലാം ദൂരീകരിച്ച ശേഷമാണ് ഇന്നലെ വൈകിട്ട് ഷാർജ സുലേഖ ആശുപത്രിയിലെത്തി വാക്സീൻ സ്വീകരിച്ചത്.  വാക്സീൻ എടുക്കുന്നത് സുരക്ഷിതമാണെന്നും മറ്റു പാർശ്വഫലങ്ങളൊന്നും ഉണ്ടാകില്ലെന്ന ഉറപ്പ് എല്ലാവരും നൽകി. ഇപ്പോൾ ഒരു ദിവസം കഴിഞ്ഞപ്പോൾ എനിക്കും അതുതന്നെയാണ് ഫീൽ ചെയ്യുന്നത്. 

വാക്സീനെടുക്കാനായി ആശുപത്രിയിലെത്തുമ്പോൾ ആദ്യം നമുക്ക് ഒരു ടോക്കൺ തരും. ശേഷം ഒരു സമ്മതപത്രം. അതു പൂരിപ്പിച്ചു കഴിയുമ്പോൾ ഒരു നഴ്സ് വന്ന് ടെംപറേച്ചർ, ബിപി, പൾസ്, അലർജി പ്രശ്നങ്ങൾ തുടങ്ങിയവ പരിശോധിക്കും. തുടർന്ന് നമ്മുടെ ടോക്കൺ ആകുമ്പോൾ ഡോക്ടറുടെ അടുത്തെത്താം. നമുക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ അലർ‌ജിയോ ഉണ്ടോയെന്ന് ഡോക്ടർ ചോദിച്ചറിയും. ശേഷം വാക്സീൻ റൂമിലേക്ക്. വാക്സീൻ സ്വീകരിച്ച ശേഷം 20 മിനിറ്റ് അവിടെ നിരീക്ഷണത്തിൽ ഇരിക്കണം. മറ്റു പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലേക്കു പോകാം.

വാക്സീൻ സ്വീകരിച്ച ശേഷം ഇന്നു രാവിലെ ഞാൻ ജോഗിങ്ങിനു പോയി. ജനുവരി 28ന് അടുത്ത ഡോസ് സ്വീകരിക്കണം. അതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ.

വാക്സീൻ സ്വീകരിക്കാൻ അവസരം ലഭിച്ച ഒരു മലയാളി എന്ന നിലയിൽ എനിക്കു പറയാനുള്ളത് അത്രയും സുരക്ഷിതത്വം നൽകുമെന്ന ഉറപ്പുള്ളതുകൊണ്ടു മാത്രമാണ് പൊതുജനങ്ങൾക്ക് വാക്സീൻ നൽകാൻ അധികാരികൾ തയാറായത്. അതും നിരവധി പരീക്ഷണ നിരീക്ഷണങ്ങൾക്കു വിധേയമായ ശേഷം. കൊറോണ വൈറസിനെ തുരത്താനായി, നമ്മളിലൂടെ രോഗം മറ്റൊരാൾക്ക് കിട്ടാതിരിക്കാനായി, നമ്മുടെയും കൂടെയുള്ളവരുടെയും സുരക്ഷിതത്വത്തിനായി വാക്സീൻ സ്വീകരിക്കാൻ ആരും മടി കാട്ടരുത്. 

English Summary : COVID- 19 vaccine experience

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com