കരൾ പകുത്ത കഥ; 139 പേരുടെ ജീവിതത്തിലെ പ്രത്യാശയുടേയും
Mail This Article
മഴ ആർത്തുപെയ്യുന്ന ഒരു വൈകുന്നേരമാണ് ആ അച്ഛൻ ചങ്ങനാശേരി കുരിശുംമൂട്ടിലെ മീഡിയ വില്ലേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെ മുറിവാതിലിൽ മുട്ടിവിളിച്ചത്. ആ മുട്ടലിനു വിറയാർന്ന ശബ്ദമായിരുന്നു. മഴയെക്കാൾ ശക്തമായി കണ്ണുകൾ പെയ്യുന്നുമുണ്ടായിരുന്നു. വാതിൽ തുറന്ന വൈദികന്റെ മുന്നിൽ ചങ്കുപൊട്ടിക്കരഞ്ഞ് അദ്ദേഹം പറഞ്ഞു, ‘‘ കരൾരോഗം മൂലം മരണക്കിടക്കയിലാണ് മകൻ ബിജു. അവനെ കാണാൻ അച്ചൻ വരണം,’’
പിറ്റേന്ന് ആ വീട്ടിലേക്കു പോകും മുൻപേ ഫാ. സെബാസ്റ്റ്യൻ പുന്നശേരി രണ്ടു കാര്യങ്ങൾ ചെയ്തു. ബിജുവിനു തന്റെ കരൾ ദാനം ചെയ്യാനുള്ള അനുമതിക്കായി ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിനു കത്തെഴുതി. പണം കണ്ടെത്താൻ തന്റെ കാർ വിൽക്കാൻ തീരുമാനിച്ചു.
കുട്ടനാട് മാമ്പുഴക്കരി പാണ്ടളംചിറ വീട്ടിലേക്കു ഫാ. പുന്നശേരി ചെല്ലുമ്പോഴും കനത്തമഴയായിരുന്നു. സർവ പ്രതീക്ഷയും നശിച്ചവനായി അവിടെ കിടക്കുന്നു, നാല്പത്തിനാലുകാരനായ ബിജു മോൻ എന്ന ഡ്രൈവർ. കരയാൻ പോലും ശേഷിയില്ലാതെ ഭാര്യയും സഹോദരിയും മാതാപിതാക്കളും.
1996ൽ ഹയാഷി ഹാ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അരോഗദൃഢഗാത്രനായിരുന്നു ബിജു. ടാക്സി ഡ്രൈവർ. 2005ൽ സീമയെ വിവാഹം കഴിച്ചു. സന്തോഷകരമായി പോകുന്നതിനിടെയാണ് 2009ൽ കാലിൽ നീരും ഓർമക്കുറവും അലസതയുമൊക്കെയായി എന്തോ ഒരു പ്രശ്നം തല ഉയർത്തിയത്. രോഗബാധിതമായ കരളാണു പ്രശ്നകാരണം എന്ന് 2012 ൽ കോട്ടയം മെഡിക്കൽ കോളജിൽ കണ്ടെത്തി. അപ്പോഴേക്കും കരളലിവില്ലാതെ തകർന്നിരുന്നു കരൾ. പിന്നെ, മരുന്നുകൾ കൂടെപ്പിറപ്പായ നാളുകൾ. ശരീരം തളർന്നു, വിട്ടുമാറാതെ പനിയും വിറയലും. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ. രക്തം കട്ടപിടിക്കാതെ വന്നതോടെ പ്ലാസ്മ കയറ്റാൻ തുടങ്ങി. ശരീരം വീർത്തു തിരിച്ചറിയാത്ത വിധത്തിലായി. അങ്ങനെ, തിരുവല്ലയിൽ നിന്നു കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റാൻ ബന്ധുക്കൾ തീരുമാനിച്ചു.
രോഗവിവരങ്ങളുടെ ഫയൽ പരിശോധിച്ച അമൃതയിലെ ഡോക്ടർമാർ പറഞ്ഞു, മണിക്കൂറുകൾക്കകം രോഗി മരിക്കും. എങ്കിലും ബന്ധുക്കൾ പ്രതീക്ഷ കൈവിട്ടില്ല. െഎസിയുവിൽ കിടക്കയില്ല എന്നറിഞ്ഞിട്ടും ആ വാതിൽ തുറക്കുമെന്ന പ്രതീക്ഷയോടെ അവർ മുട്ടിവിളിച്ചുകൊണ്ടേയിരുന്നു.
ഒടുവിൽ വൈകിട്ട് ഏഴരയോടെ അമൃതയിൽനിന്നു പ്രത്യേക ആംബുലൻസ് എത്തി. ഡോക്ടർ പരിശോധിച്ചിട്ടു പറഞ്ഞത് ഒരു ശതമാനം സാധ്യതയേ ഉള്ളൂ എന്ന്. പക്ഷേ, വിലയേറിയ മരുന്നുകളോടു ശരീരം പ്രതികരിക്കാൻ തുടങ്ങി. മരണദൂതൻ ഒന്നു മാറിനിന്നപോലെ. പക്ഷേ, എപ്പോൾ വേണമെങ്കിലും പൊട്ടാൻ തയാറായി നിൽക്കുന്ന ബോംബാണ് ഇത് എന്നാണു ഡോക്ടർ പറഞ്ഞത്. ഒരു മാർഗമേയുള്ളൂ ബിജുവിനെ രക്ഷപ്പെടുത്താൻ; കരൾ മാറ്റിവയ്ക്കണം. 25 ലക്ഷം രൂപയിലധികം ചെലവ്, കരൾ പകുത്തുനൽകാൻ ഒരുക്കമുള്ള ദാതാവ്, മൂന്നുമാസത്തിൽ താഴെ സമയം; ഇത്രയും കാര്യങ്ങളും ദൈവാനുഗ്രഹവുമുണ്ടെങ്കിൽ ബിജുവിനെ രക്ഷിക്കാൻ ശ്രമം തുടങ്ങാം എന്നു ഡോക്ടർമാർ.
കാര്യങ്ങളെല്ലാം കേട്ട ഫാ. സെബാസ്റ്റ്യൻ പുന്നശേരി പറഞ്ഞു: ‘നിങ്ങൾ വീട്ടിൽ വിളക്കുവച്ചു നാമം ജപിച്ചോളൂ, വഴി ഇൗശ്വരൻ തുറന്നുതരും.’ അദ്ദേഹം ആരെയൊക്കെയോ ഫോണിൽ വിളിച്ചു. മഴ കാര്യമാക്കാതെ ആളുകൾ എത്തി. പെട്ടെന്നുതന്നെ തീരുമാനമുണ്ടായി. പിറ്റേന്ന് മാമ്പുഴക്കരിയിൽ പൊതുപ്രവർത്തകരും പൊതുജനവും യോഗം ചേർന്നു. എല്ലാ വീട്ടിൽ നിന്നും ഒരു ദിവസത്തെ വേതനമെങ്കിലും ശേഖരിക്കാൻ തീരുമാനമായി. ബിജുവിന്റെ ജീവനു വേണ്ടി പോസ്റ്ററുകൾ തയാറായി. അറുനൂറിലധികം ആളുകൾ ഉൾപ്പെടുന്ന 20 സംഘങ്ങൾ രണ്ടു വാർഡുകളിലായി അഞ്ചു മണിക്കൂർ പിരിവു നടത്തി. 5 ലക്ഷം രൂപ പ്രതീക്ഷിച്ചിടത്തു പിരിച്ചെടുത്തത് 10 ലക്ഷം! മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പല പദ്ധതികളിൽ നിന്നായി നൽകിയത് 5 ലക്ഷം. ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള സുമനസ്സുകളിൽ നിന്ന് അച്ചൻ സംഘടിപ്പിച്ചത് 10 ലക്ഷം. മുൻപത്തെപ്പോലെതന്നെ മഴ ആർത്തുപെയ്തു; കാരുണ്യത്തിന്റെ മഴ !
പണം സ്വരൂപിച്ചതിനു ശേഷമാണ്, ഫാ. സെബാസ്റ്റ്യൻ തന്റെ കരൾ പകുത്തുനൽകാനുള്ള സന്നദ്ധത ബിജുവിന്റെ വീട്ടുകാരെ അറിയിച്ചത്. ഞെട്ടലോടെ അതു കേട്ട അവർ സമ്മതിച്ചില്ല. ബിജുവിന്റെ സഹോദരി ബിന്ദു കരൾ നൽകാൻ തയാറായി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. 2013 ജനുവരി 15 നു ശസ്ത്രക്രിയ, സഹോദരിയുടെ കരൾ സഹോദരന്റെ കരളിനോടു ചേർന്നു. ആയിരങ്ങളുടെ പ്രാർഥന വിരിച്ച വലിയ പുതപ്പിനടിയിൽ കിടന്നു ബിജു സുഖം പ്രാപിച്ചു.
രോഗക്കിടക്കവിട്ടെഴുന്നേറ്റെങ്കിലും കഠിനമായ ജോലികൾ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ വീണ്ടും അച്ചൻ സഹായവുമായി എത്തി, ചെറിയ ഒരു കടയുടെ രൂപത്തിൽ. പക്ഷേ, അതുകൊണ്ട് ഒരു കുടുംബം മുന്നോട്ടു പോകാത്ത അവസ്ഥയിലായപ്പോഴാണ് ബിജു സ്റ്റിയറിങ് വീലിനു പിന്നിലേക്കു വീണ്ടും എത്തിയത്. കൊടുപ്പുന്ന വിജയമാത സ്കൂൾ ബസിന്റെ ഡ്രൈവർ ജോലി. ജീവിതം കരയോടടുത്തു തുടങ്ങി.
ക്ലൈമാക്സ് 1
ബിജുവിന്റെ ചികിത്സയ്ക്കുള്ള പണം ജനപങ്കാളിത്തത്തിൽ കണ്ടെത്തിയപ്പോഴാണ് ഫാ. സെബാസ്റ്റ്യനെത്തേടി ഒട്ടേറെ ആളുകൾ ചികിത്സാസഹായത്തിന് എത്തിത്തുടങ്ങിയത്. മരണത്തെ മുഖാമുഖം കാണുന്നവർക്കായി അച്ചനും ഒപ്പമുള്ള സുമനസ്സുകളും ചേർന്നു ‘പ്രത്യാശ’ എന്ന മുന്നേറ്റം ആരംഭിച്ചു. ‘പ്രത്യാശ’ ഇന്നുവരെ തെളിച്ചത് ഇരുൾക്കിടക്കയിലായിരുന്ന 139 പേരുടെ ജീവിതമാണ്. 113 പഞ്ചായത്തുകളിൽ രണ്ടു ലക്ഷത്തോളം സന്നദ്ധപ്രവർത്തകർ പ്രത്യാശയ്ക്കൊപ്പം ബക്കറ്റുമായി ഇറങ്ങിനടന്നപ്പോൾ അഞ്ചു വർഷം കൊണ്ടു നാടു നൽകിയത് 33.5 കോടിയിലധികം രൂപ! കരിന്തിരികത്താൻ തുടങ്ങിയ കുടുംബങ്ങളിൽ പ്രത്യാശ നിറദീപം തെളിച്ച കാഴ്ച!
ക്ലൈമാക്സ് 2
ജീവിതകഥയിൽ ചോദ്യങ്ങളില്ല, ഉത്തരങ്ങൾ മാത്രമേയുള്ളൂ. കളരിപ്പയറ്റും ആയുർവേദത്തിലെ പ്രാണചികിത്സയും ധ്യാനവും അടക്കമുള്ള ആയോധനകലയായ ‘അനന്ത് നിയുദ്ധ’ പഠിപ്പിച്ച് പ്രദീപ് കുമാർ ബിജുവിന്റെ ഗുരുജിയായി. ബിജു വീണ്ടും കരുത്തിന്റെ വെള്ളക്കുപ്പായം എടുത്തിട്ടു, അതിനുമീതെ ആത്മബലത്തിന്റെ കറുത്ത അരപ്പട്ടയും കെട്ടി. ആറു വർഷം മുൻപു തുന്നിച്ചേർത്ത കരളിന്റെ കരുത്തുമായി പല പ്രായത്തിലുള്ള 35 ശിഷ്യർക്കു മുന്നിൽ ഹയാഷി ഹാ കരാട്ടെയുടെയും അനന്ത് നിയുദ്ധയുടെയും മാസ്റ്ററായി ബിജു വീണ്ടും പിറന്നു.