8 ലക്ഷത്തിലധികം അംഗങ്ങൾ, എക്സ്ക്ലൂസീവ് ഓഫറുകളുമായി ശ്രീലങ്കൻ എയർലൈൻസ്

Mail This Article
തുടര്‍ച്ചയായി വിമാനയാത്ര ചെയ്യുന്നവര്‍ക്കുള്ള ഫ്ളൈസ്മൈല്സ്(FlySmiLes) കൂടുതല്‍ ഫീച്ചറുകളോടെ ഔദ്യോഗിക വെബ് സൈറ്റില്‍ അവതരിപ്പിച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യാത്രാ പ്രോഗ്രാമായ ഫ്ളൈസ്മൈല്സില് എട്ടു ലക്ഷത്തിലേറെ പേര് അംഗങ്ങളാണ്. യാത്രാ സമയത്തും അതിനു ശേഷവും ഫ്ളൈസ്മൈല്സില് അംഗങ്ങളായിട്ടുള്ളവര്‍ക്ക് പുതു അനുഭവം നല്‍കുന്നതായിരിക്കും മാറ്റങ്ങളെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.
'ഞങ്ങളുടെ യാത്രികരുടെ യാത്രാ അനുഭവം ഫ്ളൈസ്മൈല്സിലൂടെ കൂടുതല്‍ മികച്ചതാക്കുന്നതിന് വേണ്ട സൗകര്യങ്ങളാണ് വെബ്സൈറ്റില്‍ ഒരുക്കിയിട്ടുള്ളത്. വിശ്വസ്ഥരായ ഉപഭോക്താക്കള്‍ക്കുള്ള ഞങ്ങളുടെ സമ്മാനമാണിത്. ഇനി മുതല്‍ യാത്രികര്‍ക്ക് എവിടെ നിന്നും ഫ്ളൈസ്മൈല്സ് വഴി പ്രത്യേക സമ്മാനങ്ങളും വ്യക്തിപരമായ ഓഫറുകളും ലഭ്യമാവും' ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വേള്‍ഡ് വൈഡ് സെയില്‍സ് ആൻഡ് ഡിസ്ട്രിബ്യൂഷന്‍ തലവന്‍ ദിമുതു ടെനകോണ് പറഞ്ഞു. ആഭ്യന്തരമായി നിര്‍മിച്ച വെബ്സൈറ്റ് ഞങ്ങളുടെ എയര്‍ലൈനിലെ ജീവനക്കാരുടെ മികവു കൂടിയാണ് കാണിക്കുന്നതെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഐടി തലവന്‍ ചമാര പെരേര കൂട്ടിച്ചേര്‍ത്തു.
ഫ്ളൈ സ്മൈല്‍സ് അംഗങ്ങള്‍ക്ക് വെബ് സൈറ്റിലെ ഡാഷ് ബോര്‍ഡിലൂടെ വളരെയെളുപ്പം കാര്യങ്ങള്‍ മനസ്സിലാവും വിധം ലളിതമായാണ് രൂപകല്പന. ഗൂഗിള്‍ അല്ലെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ നല്കി ലോഗിന്‍ ചെയ്യാനാവും. അധിക സുരക്ഷയ്ക്ക് ഒടിപി സൗകര്യവുമുണ്ട്. അമേരിക്കന്‍ എക്സ്പ്രസ്, വീസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന പേമെന്റ് ഓപ്ഷനുകളും ഉപയോഗിക്കാം.
പ്ലാറ്റിനം, ഗോള്‍ഡ്, ക്ലാസിക്, ബ്ലൂ എന്നിങ്ങനെയുള്ള അംഗത്വങ്ങളാണ് ഫ്ളൈ സ്മൈല്സിലുള്ളത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സുമായി സഹകരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കു മാത്രമുള്ളതാണ് സില്‍വര്‍ മെമ്പര്‍ഷിപ്പ്. ലോകമെങ്ങുമുള്ള ആയിരത്തിലേറെ വിമാനത്താവളങ്ങളിലെ 600ലേറെ ലോഞ്ചുകള്‍ ഉപയോഗിക്കാന്‍ ഫ്ളൈസ്മൈല്സ് കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും.