കോളറ കാലത്തെ പ്രണയം; സാഹിത്യാനുഭവവും സിനിമാനുഭവവും
Mail This Article
ഒരു സിനിമ അത് വിഷയമാക്കുന്ന സാഹിത്യ സൃഷ്ടിയുടെ നിലവാരത്തിലേക്ക് ഒരിക്കലും ഉയരാറില്ല. അനുവാചകർ അങ്ങനെ നിർബന്ധം പിടിക്കുന്നതാണ് പ്രശ്നമെന്ന് തോന്നുന്നു. രണ്ടും രണ്ടു തരം മാധ്യമങ്ങളാണ്, രണ്ടു തരം അനുഭവമാണ്. നിരവധി മണിക്കൂറുകൾ അല്ലെങ്കിൽ ആഴ്ചകളോ മാസങ്ങളോ നീണ്ടു പോകുന്ന സാഹിത്യാസ്വാദനത്തിന്റെ ആഴം സിനിമയുടെ പരിമിത സമയത്തിൽ കൊണ്ടു വരിക പ്രയാസം. ഒരു നോവലിന്റെ പരപ്പ് സിനിമയ്ക്ക് നൽകാനാവില്ല. പുസ്തകം അടിസ്ഥാനമാക്കി മെനഞ്ഞ മറ്റൊരു കലാസൃഷ്ടി എന്ന നിലയിൽ സിനിമയെ കാണുന്നതാകും ഉചിതം. പുസ്തകം വായിക്കുന്ന പരസഹസ്രം മനുഷ്യർ ഓരോരുത്തരും അവരുടെ മനസ്സിൽ ഓരോ സിനിമകൾ സൃഷ്ടിക്കുന്നു. തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി സവിശേഷ അനുഭൂതികൾ കണ്ടെത്തുന്നു. ചലച്ചിത്രകാരൻ തന്റെ സവിശേഷ സൃഷ്ടിയുമായി വരുമ്പോൾ, വായനക്കാരുടെ നിരവധി ഭാഷ്യങ്ങളുമായി താരതമ്യം സംഭവിക്കുമ്പോൾ, എല്ലാവരേയും തൃപ്തിപ്പെടുത്തുക അസാധ്യമാകുന്നു.
സിനിമ ആസ്വദിക്കാൻ മറ്റൊരു വഴിയുണ്ട്. പുസ്തകം വായിക്കുന്നതിനു മുമ്പ് സിനിമ കാണുക. ഡാൻ ബ്രൗണിന്റെ 'ഏഞ്ചൽസ് & ഡീമൺസ്' സിനിമ കണ്ടതിനു ശേഷമാണ് ഞാൻ ആ പുസ്തകം വായിച്ചത്. രണ്ടും ഇഷ്ടമായി. പുസ്തകത്തിലുള്ള എല്ലാം സിനിമയിൽ ഇല്ലെന്നും, മൂലകൃതിയോട് നീതി പുലർത്തിക്കൊണ്ടു തന്നെ ചലച്ചിത്രകാരൻ തന്റെ സർഗ്ഗസ്വാതന്ത്ര്യം എടുക്കുന്നുണ്ടെന്നും മനസ്സിലായി. അതിനെ തുടർന്ന് ആ നോവലിന്റെ കളിത്തട്ടായ റോമാനഗരം സന്ദർശിച്ചപ്പോൾ മറ്റൊരു തരം ആസ്വാദനം സാധ്യമായി.
ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ പ്രശസ്തമായ നോവൽ (കോളറ കാലത്തെ പ്രണയം, 1985) എട്ടു വർഷമായി എന്റെ കയ്യിലുണ്ട്. ഈ മലയാള പരിഭാഷ ഞാൻ വാങ്ങിയതല്ല, വായനയിലുള്ള എന്റെ താൽപര്യം കണ്ട് കാനഡയിലെ ഒരു സുഹൃത്ത് നൽകിയതാണ്. ട്രക്ക് ഡ്രൈവറുടെ തിരക്കുള്ള ജീവിതം നയിക്കുന്ന അവന് വായിക്കാൻ സമയമില്ല. അവിവാഹിതനായി ഏകാന്തജീവിതം നയിക്കുന്ന എനിക്ക് 'ഏകാന്തതയുടെ നൂറു വർഷങ്ങളും' അവൻ നൽകിയിരുന്നു. അതിനു ശേഷം രണ്ടു തവണ വീട് മാറി. പുസ്തകം പെട്ടിയിൽ നിന്ന് ഷെൽഫിലേക്കും, ഷെൽഫിൽ നിന്ന് വീണ്ടും പെട്ടിയിലേക്കും മാറി. വായന മാത്രം നടന്നില്ല. അങ്ങനെയിരിക്കെ, ഞാൻ ലോക്കൽ ലൈബ്രറിയുടെ വെബ്സൈറ്റിൽ മാർക്ക് ക്യൂബൻ എന്ന ബില്യനർ ബിസിനസുകാരന്റെ ഒരു പുസ്തകം പരതി. ക്യൂബന്റെ പുസ്തകം കൂടാതെ അയാളുമായി യാതൊരു ബന്ധവുമില്ലാത്ത ക്യൂബയുമായി ബന്ധപ്പെട്ട ഹെമിങ്‌വേയുടെ ഒരു സിനിമ പൊന്തി വന്നു. ക്യൂബയുടെ അഭിരുചികളുമായി ബന്ധമുള്ള ചില തെക്കൻ അമേരിക്കൻ കൃതികളും സിനിമകളും കൂടെ പൊന്തി. മാർക്ക് ക്യൂബന് നന്ദി! അയാളുടെ ചെറിയ പുസ്തകം ഓടിച്ചു വായിച്ച് ഞാൻ ഹെമിങ്‌വേയേയും മാർകേസിനേയും തേടി. അങ്ങനെ കോളറ കാലത്തെ പ്രണയം ആരംഭിച്ചു. തെക്കെ അമേരിക്കയുടെ സവിശേഷ രുചിയുള്ള മനോഹരമായ സിനിമ. മാർകേസിന്റെ കൃതി ആധാരമാക്കിയ ആദ്യ ഹോളിവുഡ് പ്രൊഡക്ഷൻ.
1880.
കാർത്തഹീന, കൊളംബിയ.
നദീതുറമുഖ പട്ടണത്തിൽ ടെലഗ്രാഫ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന യുവാവ് ഫ്ലോറന്റീനോ അരിസ അതിസുന്ദരിയായ ഫിർമിന ഡാസയുമായി പ്രണയത്തിലാകുന്നു. ആദ്യ ദർശനേ അനുരാഗം! അവർ പ്രണയ ലിഖിതങ്ങൾ കൈമാറുന്നു. അവൾ അയാളെ വിവാഹം ചെയ്യാമെന്ന് സമ്മതിക്കുന്നു. ഫിർമിന ധനികയാണ്, കാമുകൻ ദരിദ്രനും. പ്രണയ സാഫല്യത്തിന്റെ പാതയിൽ അവളുടെ അച്ഛൻ തടസ്സമായി. മകളുടെ എതിർപ്പ് വക വയ്ക്കാതെ അവളെ കാമുകനിൽ നിന്ന് വേർപെടുത്തി അങ്ങു ദൂരെയുള്ള അമ്മവീട്ടിലേക്ക് പറഞ്ഞയച്ചു. നാട്ടിലെങ്ങും കോളറ പടർന്നു പിടിക്കുന്ന സമയം. മഹാവ്യാധി ബാധിച്ച മനുഷ്യർ കൂട്ടത്തോടെ മരിച്ചു വീഴുന്നു. കോളറയുടെ ലക്ഷണങ്ങൾ കാണിച്ച ഫിർമിനയെ ചികിത്സിക്കാൻ വന്ന ധനികനായ ഭിഷംഗ്വരൻ അവളിൽ അനുരക്തനായി. ഭാഗ്യം! അവളെ കോളറ ബാധിച്ചിട്ടില്ല. ക്ഷേമാന്വേഷണത്തിനായി ഡോക്ടറുടെ സന്ദർശനങ്ങൾ തുടർന്നു. ഒരു ദിവസം അയാൾ വിവാഹാഭ്യർഥന നടത്തി. അയാളാകട്ടെ ആ നാട്ടിലെ ധനികനുമാണ്. അവളുടെ അച്ഛന് സമ്മതം, അവൾക്ക് പാതി മനസ്സ്. പിന്നീട് തന്റെ ഗ്രാമത്തിൽ മടങ്ങി വന്ന ഫിർമിനയുടെ മനം മാറിയിരുന്നു. അവൾ മുൻകാമുകനായ ഫ്ലോറന്റീനോയെ കണ്ട് തനിക്ക് ഇപ്പോൾ പ്രേമമില്ലെന്ന് അറിയിച്ചു. അയാളുടെ ഹൃദയം തകർന്നു. സമൂഹത്തിൽ ഉന്നത ശ്രേണിയിലുള്ള ഡോക്ടർ ഉർബിനോയുമായുള്ള അവളുടെ വിവാഹബന്ധം പുറമേ സുന്ദരമായിരുന്നു, പക്ഷേ ഉള്ളിൽ അവൾ നീറി. നാളുകൾ ചെല്ലേ അവർക്കിടയിൽ ഭിന്നതകൾ ഉടലെടുത്തു.
ഉള്ള് നൊന്ത ഫ്ലോറന്റീനോ ഇനിയുള്ള കാലം മുഴുവൻ താൻ പെണ്ണിനെ അറിയില്ലെന്ന് പ്രതിജ്ഞ ചെയ്തു. സ്നേഹമയിയായ അമ്മയ്ക്ക് സങ്കടമായി. പക്ഷേ അയാളുടെ തീരുമാനം ഉടൻ മാറ്റി. ഒരു ബോട്ട് യാത്രക്കിടെ ഫ്ലോറന്റീനോയുടെ കന്യകാത്വം നഷ്ടമായി. പക്ഷേ മനസ്സിന്റെ നോവ് വിട്ടൊഴിയുന്നില്ല. മകന്റെ അവസ്ഥ അമ്മയെ അലട്ടുന്നു. നാട്ടിൽ ഭൂകമ്പം നടക്കുന്ന ഒരു ദിവസം യുവതിയായ ഒരു വിധവയെ മകന്റെ കിടപ്പറയിലേക്ക് അയക്കുന്നു. സെക്‌സ് വളരെ നല്ലൊരു വേദനാ സംഹാരിയാണെന്ന് ഫ്ലോറന്റീനോ ഉടൻ അറിയുന്നു. വിഷാദം അകറ്റാൻ ഇതുവരെ ഉപയോഗിച്ചു വന്ന മയക്കുമരുന്ന് (കറുപ്പ്) ഇനി വേണ്ട. അയാൾ പുതിയൊരു ജീവിതം തുടങ്ങുന്നു, വിവിധ പ്രായത്തിലുള്ള സ്ത്രീകളെ തേടുന്നു. അതിനർഥം മുൻകാമുകിയായ ഫിർമിനയെ മറന്നുവെന്നല്ല. അയാളുടെ പ്രണയം അവസാനിച്ചിട്ടില്ല. താൻ രമിക്കുന്ന ഓരോ സ്ത്രീയിലും അയാൾ തേടുന്നത് അവളെയാണ്. പക്ഷേ ആദ്യാനുരാഗത്തിന്റെ നഷ്ടം ശേഷിപ്പിച്ച ശൂന്യത നികത്താൻ കഴിയുന്നില്ല.
അമ്പത് വർഷം കടന്നു പോയി. അമ്മാവന്റെ ഷിപ്പിങ് കമ്പനിയിൽ ഒരു ഗുമസ്തനായി കയറിയ ഫ്ലോറന്റീനോ ക്രമേണ ഉയർന്ന് സ്ഥാപനത്തിന്റെ ഉടമയായി. മുൻകാമുകിയുടെ ഭർത്താവിനെ വെല്ലുന്ന സ്വത്ത് ഇപ്പോൾ അയാൾക്കുണ്ട്. നിരന്തരം യാത്ര ചെയ്യുന്ന അയാൾ സ്ത്രീസംസർഗ്ഗം തുടരുന്നു. വൃദ്ധനായി മാറിക്കഴിഞ്ഞ അയാൾ യുവതികളിൽ പ്രത്യേക താൽപ്പര്യം കാണിക്കുന്നുണ്ട്. അവരെ ആകർഷിക്കുന്ന എന്തോ കാന്തികശക്തി അയാളിലുണ്ട്. പ്രേമത്താൽ ജ്വലിക്കുന്ന, ഇപ്പോഴും യൗവനയുക്തമായ ഹൃദയമായിരിക്കുമോ അത്? അവർ അയാളെ കാമാതുരനായല്ല, പ്രണയോപാസകനായാണ് കാണുക. പെണ്ണുങ്ങളുടെ എണ്ണം ഇപ്പോൾ അറുന്നൂറ്റി ഇരുപത്തിരണ്ട്. തന്റെ സാഹസങ്ങളത്രയും അയാൾ എണ്ണം തെറ്റാതെ ഡയറിൽ കവിത തുളുമ്പുന്ന ഭാഷയിൽ കുറിച്ചിട്ടുണ്ട്. പ്രണയം അയാളെ കവിയുമാക്കിയിരുന്നു. ഒരു ബിസിനസ് ലെറ്റർ എഴുതിയാൽ അതിലും കവിതയുണ്ടാകും.
അയാൾ ഫിർമിനയെ പിരിഞ്ഞതിനു ശേഷം അമ്പത്തൊന്ന് വർഷവും ഒമ്പത് മാസവും നാല് ദിവസവും കഴിഞ്ഞു. അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം വന്നു. അവളുടെ ഭർത്താവ് അപകടത്തിൽ മരിച്ചു. മറ്റൊരു കാമുകിയുമായി രമിക്കുമ്പോൾ മണിമുഴക്കം കേട്ട് വിവരമറിഞ്ഞ ഫ്ലോറന്റീനോ ഒട്ടും വൈകിയില്ല. ശവസംസ്‌കാരം നടന്ന അന്നു രാത്രിയിൽ തന്നെ അയാൾ മുൻകാമുകിയെ കണ്ട് തന്റെ ഹൃദയാഭിലാഷം അറിയിച്ചു. തന്റെ ഹൃദയം ഇപ്പോഴും അവൾക്കു വേണ്ടി തുടിക്കുന്നു! ക്രോധം പൂണ്ട അവൾ അയാളെ ആട്ടിയിറക്കി വിടുന്നു. അതുകൊണ്ടൊന്നും അയാൾ പിന്മാറില്ല. ഫ്ലോറന്റീനോ വീണ്ടും വന്നു, മെല്ലെ അവളുടെ മനസ്സ് അലിയാൻ തുടങ്ങി. അവളുടെ ഏകാന്തതതയിൽ അയാൾ ആശ്വാസമായി. അവർ ഒരുമിച്ച് ഒരു ജലയാത്ര പോകുന്നു, അവരുടെ പ്രണയം വീണ്ടും പൂക്കുന്നു.
ഉന്നത സാങ്കേതിക മികവും, ചേതോഹരമായ ദൃശ്യങ്ങളും, ശ്രേഷ്ഠ സംഗീതവും ഈ സിനിമയെ ആകർഷകമാക്കുന്നു. സ്പെയിനിൽ നിന്നുള്ള കുടിയേറ്റക്കാർ കൊളംബിയയിൽ കോളനികൾ സ്ഥാപിച്ച കാലത്തിന്റെ നേർച്ചിത്രം. അടിമ വ്യാപാരത്തിലും കഴുതവ്യാപാരത്തിലും സ്വർണവേട്ടയിലും അഭിവൃദ്ധി നേടിയവർ മണിമാളികളിൽ വസിക്കുമ്പോൾ അവരുടെ പരിചാരകർ ആഫ്രിക്കയിൽ നിന്നുള്ള കറുത്തവരാണ്. വെളുത്തവർക്കിടയിലും വർഗ്ഗവിഭജനമുണ്ട്. നമ്മുടെ നായകൻ അതിന്റെ ഇരയാണ്. കാർത്തഹീന പട്ടണത്തിലെ ഉല്ലാസവും ദൂരെയുള്ള ഗ്രാമഭംഗിയും ശ്രദ്ധേയം. സ്പാനിഷ് സാംസ്കാരിക തനിമയും, തെക്കെ അമേരിക്കയിലെ കൗബോയികളായ ഗൗച്ചോകളുടെ ദൃശ്യവും ഒരു കാലഘട്ടത്തെ വരച്ചിടുന്നു. ചെമ്പരത്തിപ്പൂ വിരിഞ്ഞു നിൽക്കുന്ന നാട്ടുവഴികൾ ഗൃഹാതുരത്വം നൽകുന്നു. നർമ്മരസം നിറഞ്ഞ ആസ്വാദ്യകരമായ ചലച്ചിത്രം. മാർകേസ് ഇത്ര മനോഹരമായി ഹാസ്യം എഴുതുമെന്നത് എനിക്ക് പുതിയ അറിവാണ്. അതിനർഥം ഞാൻ മാർകേസിനെ ഏറെയൊന്നും വായിച്ചിട്ടില്ല എന്നാണ്. ആ കുറവ് ഉടൻ നികത്തുന്നതായിരിക്കും. ഫാർസിക്കൽ നരേഷൻ സ്വീകരിച്ച ഈ പ്രണയകഥയിൽ മാജിക്കൽ റിയലിസമില്ല, അല്ലാതുള്ള മാജിക്കിന് യാതൊരു കുറവുമില്ല.
ഇത് സിനിമയുടെ ആസ്വാദനമാണ്, നോവലിന്റേതല്ല. അതിനിയും ഞാൻ വായിക്കേണ്ടിയിരിക്കുന്നു. ആ അനുഭവം തികച്ചും വ്യത്യസ്തമാകുമെന്നും എനിക്ക് ഉറപ്പുണ്ട്. അതിനു മുന്നോടിയായി ഓൺലൈനിൽ നോവലിലെ ഏതാനും വാചകങ്ങൾ വായിച്ചു. അതിൽ ചിലത് - "അവൾ അതിമനോഹരിയാണെന്ന് അവന് തോന്നി. വശീകരണ ശക്തിയുള്ള, തികച്ചും വ്യത്യസ്തയായ ഒരു പെണ്ണ്. തെരുവിൽ അവളുടെ പാദപതനം കേൾക്കുമ്പോൾ എന്തുകൊണ്ട് മറ്റാരും തന്നെപ്പോലെ അസ്വസ്ഥനാകുന്നില്ല? ഇളം കാറ്റിൽ അവളുടെ മുഖപടം ഉയരുമ്പോൾ തന്റെ ഹൃദയം വന്യമാകുന്ന പോലെ എന്തുകൊണ്ട് മറ്റാർക്കും സംഭവിക്കുന്നില്ല? അവളുടെ മെടഞ്ഞ മുടിയിഴകൾ കാണുമ്പോൾ, കരചലനം ദർശിക്കുമ്പോൾ, അവളുടെ വായിൽ നിന്ന് സ്വർണം പൊഴിയുമ്പോൾ എന്തുകൊണ്ട് മറ്റാരും തന്നെപ്പോലെ ഉന്മാദിയാകുന്നില്ല? അവളിൽ നിന്നു പുറപ്പെടുന്നതൊന്നും നഷ്ടമാകാൻ അവൻ ആഗ്രഹിച്ചില്ല, അവളുടെ സ്വഭാവ സവിശേഷതയിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നും. പക്ഷേ ആ മാന്ത്രികപ്രഭാവം നഷ്ടമാകുമെന്ന് കരുതി അവളെ സമീപിക്കാൻ അവൻ ഭയപ്പെട്ടു." (ഒരിക്കലെങ്കിലും പ്രണയത്തിലായ ആരും യോജിക്കും, ഞാൻ ഉൾപ്പെടെ).
"സ്നേഹം ഒന്നിലേക്കുമുള്ള മാർഗ്ഗമല്ല. അതൊരു കൃപയാണ്. ആൽഫയും ഒമേഗയും. അത് അതിൽ തന്നെ പൂർണ്ണമാണ്." "സ്നേഹത്തിനു വേണ്ടിയല്ല മരിക്കുന്നതെന്ന് മാത്രമായിരിക്കും എന്റെ ഒരേയൊരു പശ്ചാത്താപം" (കാമുകന്റെ ആത്മഗതം). "അവന്റെ ചോദ്യത്തിന് മറുപടി പറയുക, അവന്റെ സ്നേഹം സ്വീകരിക്കുക. അതു നിന്നെ ഭയപ്പെടുത്തിയാലും ശരി, പിന്നീട് അതോർത്ത് പശ്ചാത്തപിച്ചാലും ശരി. നീയത് ചെയ്യുക! നിരസിച്ചാൽ ജീവിതകാലം മുഴുവൻ നീ ഖേദിക്കേണ്ടി വരും" (കാമുകിയുടെ തോഴി). "ഭൂതകാലത്തിന്റെ വേദനകൾ മറന്നു കളഞ്ഞ് നല്ലത് മാത്രം ഓർക്കുന്ന രീതിയിലാണ് നമ്മുടെ ജീവിതം സംവിധാനം ചെയ്തിരിക്കുന്നത്" (നമ്മുടെ ഗൃഹാതുരത്വത്തിന്റെ കാരണവും അതാണ്). "അപകടത്തിൽ പെട്ട് അവയവം മുറിച്ചു കളയേണ്ടി വന്നവർ തുടർന്നും ആ അവയവത്തിന്റെ സാന്നിധ്യം അറിയാറുണ്ട്. അതിന്റെ വേദനകൾ, വിഹ്വലതകൾ. അതുപോലെയായിരുന്നു അവളുടെ നില. അവൻ ഇല്ലാത്തയിടത്ത് അവൾ അവന്റെ സാന്നിധ്യം അറിഞ്ഞു" (വിവാഹശേഷം കാമുകിയുടെ സ്ഥിതി). "വിജയകരമായ വിവാഹബന്ധത്തിന്റെ ലക്ഷ്യം സ്നേഹമല്ല, സുസ്ഥിരതയാണ് (അവളുടെ ഭർത്താവിന്റെ അഭിപ്രായം). "മനുഷ്യർ യഥാർഥത്തിൽ ജനിക്കുന്നത് അവരുടെ ജന്മദിവസമല്ല. അനുഭവങ്ങളിലൂടെ വീണ്ടും ജനിപ്പിച്ച് ജീവിതം അവരെ പാകപ്പെടുത്തുകയാണ്."
മാർകേസ് തന്റെ മായിക ലോകത്തേക്ക് എന്നെ ക്ഷണിക്കുന്നു. ഇത്തവണ ഞാൻ വിപരീത ദിശയിലാണ്. ആദ്യം സിനിമ, പിന്നെ വാക്കുകൾ, ശേഷം നോവൽ. ഞാനിതാ വരുന്നു!