ADVERTISEMENT

ആർഥർ മില്ലർ രചിച്ച ‘ഡെത്ത് ഓഫ് എ സെയില്‍സ്മാൻ’ എന്ന നാടകത്തിലെ നായകനായ ലോമൻ കഠിനാധ്വാനിയായ ഒരു സെയിൽസ്മാനായിരുന്നു. തന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും രണ്ടു മക്കൾക്കും അവരുടെ ജീവിതത്തില്‍ ആശിക്കുന്നതെന്തും നൽകുക എന്നതു മാത്രമായിരുന്നു അയാളുടെ ജീവിതലക്ഷ്യം. അതിനുവേണ്ടി അയാൾ കഠിനമായി അധ്വാനിച്ചു. അവർ ആവശ്യപ്പെട്ടതൊക്കെ വാങ്ങിച്ചുകൊടുത്തു. അവരുടെ ആവശ്യങ്ങൾക്കുവേണ്ടി പണം കണ്ടെത്താൻ എന്തു ത്യാഗങ്ങൾക്കും തയാറായിരുന്നു.

എന്നാൽ അവർക്കു വേണ്ടിയിരുന്നത് അയാൾ എല്ലുമുറിയെ പണിയെടുത്ത് ഉണ്ടാക്കുന്ന പണമോ അതുകൊണ്ടു നേടുന്ന ആർഭാടമോ ആയിരുന്നില്ല. അയാളുടെ മക്കൾക്ക് വേണ്ടിയിരുന്നത് അച്ഛന്റെ വാത്സല്യമായിരുന്നു. ഭാര്യക്കു വേണ്ടിയിരുന്നത് സൗഹൃദവും പരിലാളനയുമായിരുന്നു. ചുരുക്കത്തിൽ പണത്തെയും പരിലാളനത്തെക്കാൾ അവർക്കു വേണ്ടിയിരുന്നത് അയാളുടെ സ്നേഹവും സാമിപ്യവും ആയിരുന്നു. പക്ഷെ അക്കാര്യം മനസ്സിലാക്കുന്നതിൽ അയാൾ പരാജയപ്പെട്ടു.

തന്റെ കുടുംബാംഗങ്ങള്‍ക്ക് നല്ലൊരു വീടും കിടപ്പാടവും ഉറപ്പു വരുത്തുന്നതിന് അയാൾ ഒരു കടുംകൈ ചെയ്തു. ഒരു നല്ല തുക കടമെടുത്ത് വീടു വാങ്ങിയശേഷം അയാൾ ആത്മഹത്യ ചെയ്തു. തന്റെ മരണത്തിനുശേഷം ഇൻഷുറൻസായി കിട്ടുന്ന പണം കൊണ്ട് ഭാര്യയും മക്കളും പുതുതായി വാങ്ങിയ വീടിന്റെ കടം വീട്ടട്ടെ എന്നായിരുന്നു അയാളുടെ ഉദ്ദേശം. എന്നാൽ ലോമൻ ആത്മഹത്യയിലൂടെ വാങ്ങിക്കൊടുത്ത ആ വീട്ടിൽ താമസിക്കുവാൻ അയാളുടെ ഭാര്യയും മക്കളും തയാറായില്ല. അവർക്ക് എല്ലാം കൊണ്ടും മതിയായി.

കുടുംബാംഗങ്ങൾക്ക് ജീവിതത്തിൽ സംതൃപ്തി ഉണ്ടാകുവാൻ സമ്പത്ത് കുന്നുകൂടിയാൽ മതിയെന്ന ധാരണ പലർക്കുമുണ്ട്. പണമുണ്ടാക്കുന്നതിനുവേണ്ടി മാത്രമായി അവർ ജീവിതം ഉഴി​ഞ്ഞുവയ്ക്കുകയും ചെയ്യും. എന്നാൽ കുടുംബജീവിതം സന്തോഷപ്രദമാക്കുവാൻ ഒരു പരിധി വരെ മാത്രമേ പണത്തിനു കഴിയുകയുള്ളു. കാപട്യമില്ലാത്ത സ്നേഹത്തിനും പരസ്പരമുള്ള അംഗീകാരത്തിനും ധാരണയോടുകൂടിയ പെരുമാറ്റത്തിനുമൊക്കെയാവും അവിടെ മുൻതൂക്കം. സ്വന്തം കുടുംബാംഗങ്ങൾക്ക് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം സ്നേഹമാണ്.

English Summary:

Malayalam Article ' Sneham Vilappetta Sammanam ' Written by Susamma John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com