ADVERTISEMENT

ഒരിക്കൽ ഇരയായതിന്റെ പേരിൽ നിങ്ങൾക്ക് മറ്റൊരാളെ നിരന്തരം ഇരയാക്കുന്നത് തുടരാനാകില്ല . എല്ലാത്തിനും ഒരു പരിധി വേണം. -എഡ്വേർഡ് സഈദ് 

വഴിയിലൊരു വഴക്കുണ്ടെങ്കിൽ കാർ നിർത്തി അയാളത് കാണും. ഇനി നടക്കുകയാണെങ്കിലോ, അതിങ്ങനെ നോക്കി നിൽക്കും. ആ വീറും വാശിയും അനിയന്ത്രിതമായി വായിൽ നിന്ന് പുറത്തു വരുന്ന വാക്കുകളും അയാളെ ആവേശം കൊള്ളിച്ചു. അതൊരു കുറ്റമാണോന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ഇന്ത്യൻ നിയമവ്യവസ്ഥിതിയനുസരിച്ചു അല്ല എന്ന ഉത്തരമെഴുതാൻ ഞാൻ ബാധ്യസ്ഥയാണ്. വാൾ വീശി തലവെട്ടുന്നതും കല്ലു തലക്കടിച്ചു കൊല്ലുന്നതുമായ സിനിമാരംഗങ്ങൾ കാണാനും അയാൾക്കിഷ്ടമാണ്. അതിപ്പോ, ഇന്നിറങ്ങുന്ന ബിഗ് ബജറ്റ് സിനിമകളിൽ ഭൂരിപക്ഷവും അത്തരത്തിലുള്ളതല്ലേ? കുറ്റം പറയാനൊക്കുമോ? ഒരു കഥയാകുമ്പോൾ കഥാപാത്രങ്ങൾ വേണം. കഥാതന്തു. ആശയം. സംഭാഷണം. അത് കൊണ്ട്, ഇയാളെ നമുക്ക് രാജൻ എന്ന് വിളിക്കാം. അല്ലെങ്കിൽ, ഫസൽ. അതുമല്ലെങ്കിൽ, മാത്യു. ഇവയുടെ കൂടെ വരുന്ന ജാതിയും മതവുമൊന്നും കഥാസന്ദർഭങ്ങളുമായോ കഥാപാത്രങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്തതു കൊണ്ടും അവ അനാവശ്യമായ ചേരിതിരിവിലേക്കു വലിച്ചിഴയ്ക്കുമെന്നുള്ളത് കൊണ്ടും ഇയാളെ നമുക്ക് ജബുലാനി എന്ന് വിളിക്കാം.

ഇവിടെ അടുത്തു എടരിക്കോട് ഒരു മേള നടക്കുന്നുണ്ട്. സ്‌പൈറൽ അക്വേറിയവും റൈഡുകളുമൊക്കെയുള്ള ഒരു മേള. ഉത്ഘാടന ദിവസം തന്നെ ഫെയർ കണ്ടു വന്ന യസ്രയോട് ഇന്ന് രാവിലെ ഷട്ടിൽ കളിക്കുമ്പോഴാണ് ഞാൻ വിവരങ്ങൾ തിരക്കിയത്. ‘ഫെസ്റ്റീവ് മൂഡ്. ഫീലിംഗ് ഗുഡ്,’ എന്നിങ്ങനെയുള്ള ചെറു വിവരണങ്ങൾ സ്റ്റാറ്റസിന്റെ കൂടെയും ‘അടിപൊളിയാണ്. നല്ല വല്യ മീനൊക്കെയുണ്ട്. പിന്നെ, ഒരു സംഭവമുണ്ടായി,’ എന്ന വോയിസ് മെസേജുകളിലൂടെയും അവൾക്ക് സംഭവമിഷ്ടപ്പെട്ടുവെന്നുള്ള ധാരണ എനിക്കുണ്ടായിരുന്നു. കൂട്ടത്തിൽ അവളെനിക്ക് മുൻപിലേക്കെറിഞ്ഞ പിന്നേ, ഒരു സംഭവമുണ്ടായി എന്ന ചൂണ്ടയിൽ ഞാനത്ര ആവേശം കൊണ്ടിരുന്നില്ലെങ്കിലും എന്നോട് ചോദിക്കാതെ ജിജ്ഞാസ ഇടയ്ക്കിടയ്ക്ക് തലപൊക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ‘അവള് പറയുമോന്നു നോക്കാം,’ ഞാനതിനെ ചിന്തകളുടെ അടിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും ഓരോ തവണയും അടിച്ചു വിട്ട കോർക്ക് പോലെ അതിനേക്കാൾ ശക്തിയിൽ അതെന്റെ മുന്നിലേക്ക്‌ പാഞ്ഞു വന്നുകൊണ്ടിരുന്നു. 

“ടീ...” നെറ്റിയിലെ വിയർപ്പു സ്റ്റോളുകൊണ്ട് തുടച്ചു അടുത്ത സെർവ് ചെയ്യുമ്പോൾ ഞാനതങ്ങു ചോദിച്ചു കളയാമെന്നു കരുതി. “ഗോസിപ്പടിക്കാൻ ഇഷ്ടമില്ലെങ്കിലും കേൾക്കാനിഷ്ടമാണല്ലേ? അത് പിന്നേ, ഏതെങ്കിലും ആണുങ്ങളുടെ കാര്യമാണെ പിന്നേ പറയേം വേണ്ട,” കഴിഞ്ഞ പ്രാവശ്യം ഓഫീസിൽ പണിക്കു വരുന്ന മിതാലിയെക്കുറിച്ചവൾ പറഞ്ഞപ്പോൾ ഞാനൊന്ന് ഡിസ്ട്രാക്ടഡ് ആയിപ്പോയതിനാണ് അവളത് പറഞ്ഞത്. തമാശക്ക് പറഞ്ഞതാണെങ്കിലും എനിക്കതത്ര ഇഷ്ടപ്പെട്ടില്ല. “ടീ ആ കാക്ക കരയുന്നത് കേട്ടപ്പോൾ ഞാൻ വിചാരിച്ചു അതെന്നെ വിളിക്കാണെന്ന്. ‘നാ’ എന്ന ശബ്ദം പോലെത്തോന്നി. “നിന്റെ പോലെ കാക്കേം കഥയെഴുത്തു തുടങ്ങിയിട്ടുണ്ടാകും,” യസ്ര പറഞ്ഞ ഫലിതത്തിൽ അതങ്ങനെ അലിഞ്ഞു പോയി. പാർക്കിങ് സ്പെയിസിലെ ഷീറ്റിന് മുകളിൽ വീണ കോർക്കെടുക്കാൻ ഞാൻ കോണിയിൽ കയറിയപ്പോൾ “നമ്മളന്ന് മറൈൻ വേൾഡിൽ പോയപ്പോ ഒരു റൈഡില് കേറീലെ? മെറി ഗോ റൗണ്ട് പോലത്തെയൊന്നു? അത് പോലത്തെ ഒരു റൈഡുണ്ടായിരുന്നവിടെ. മോള് കേറി. അവൾക്കിഷ്ടായി. ഞാൻ വരണില്ലാന്ന് പറഞ്ഞ്. അന്ന് തന്നെ തല കറങ്ങിയത് ഓർമ്മേ ല്ലേ?” അവൾ ചോദിച്ചു. “പിന്നേ, ഇറങ്ങുമ്പോളും കറങ്ങാരുന്നു. നീ വീഴാൻ പോയില്ലേ?” ഞാനവളെ കളിയാക്കി.

കോർക്കെടുത്തു താഴെ വരുമ്പോ അവൾ അത് ചിരിച്ചു തള്ളി. ഒന്ന് രണ്ട് ഗെയിമുകൾ കൂടിക്കഴിഞ്ഞു. സൂര്യൻ താനൊരു ചൂടനാണെന്ന് സമ്മതിച്ചു ഞങ്ങളുടെ മുന്നിലേക്ക്‌ വന്നു തുടങ്ങി. അവൾ പറയാൻ ഭാവമില്ലെന്നു കണ്ടപ്പോൾ ഞാൻ തന്നെ ചോദിച്ചാലോ എന്നൊരാലോചന വന്നു. ഇനിയിപ്പോ ഒരു പത്ത് മിനുട്ട് കൂടിയേ താഴെ നിൽക്കാൻ പറ്റൂ. ബ്രേക്ക് ഫാസ്റ്റുണ്ടാക്കണ്ടേ? “നീയാ ബുക്ക് സ്റ്റാളിൽ പോയിട്ടെന്തായി?” യസ്ര ചോദിച്ചു. അവൾ വായിക്കാറില്ലെങ്കിലും എനിക്ക് പുസ്തകങ്ങളോടുള്ള ഇഷ്ടം അവൾക്ക് നന്നായറിയാം. പുസ്തകക്കട അന്വേഷിച്ചു പോയതും കണ്ടു പിടിച്ചതും പുസ്തകങ്ങൾ തിരഞ്ഞെടുത്തതും മറ്റും ഞാൻ വിശദമായി അവളെപ്പറഞ്ഞു കേൾപ്പിച്ചു. “ഒരു ലൈബ്രറി കണ്ടു പിടിക്കണം. വായിക്കാനിഷ്ടമുള്ള എല്ലാ ബുക്കും വാങ്ങൽ നടക്കില്ല. കുറച്ച് സമയം അവിടെപ്പോയിരിക്കേം ചെയ്യാലോ,” ഒരു എഴുത്തുകാരിയുടെ മനോവേദനകൾ എന്ന എന്റെ സ്വകാര്യ പംക്തിയിൽ നിന്ന് ഒന്ന് രണ്ട് വാചകം ഞാനങ്ങ് കാച്ചി. “പോകാം. ഇന്ന് നേരത്തെപ്പോണം. മോൾക്ക്‌ സ്കൂളിൽ ഫുഡ്‌ ഫെസ്റ്റാ. പുഡ്ഡിങ്ങുണ്ടാക്കണം.” എന്ത് പുഡ്ഡിംങാ ന്ന് ഞാൻ ചോദിക്കും ന്ന് വിചാരിച്ചിട്ടാകും അവളെന്റെ മുഖത്ത് നോക്കി ആപ്പിൾ എന്ന് പറയാനൊരുങ്ങിയത്. 

സ്റ്റേഷൻ വിട്ടു പോകുന്ന ട്രെയിനിൽ കയറാൻ പറ്റാത്തത് പോലുള്ള ഒരു ദുഃഖമെന്നെ വന്നു മൂടി. “അതെന്തായേടീ?” രണ്ടും കല്പ്പിച്ചു ഞാൻ ചോദിച്ചു. “അത്... ആപ്പിൾ പീൽ ചെയ്തു വെച്ചിട്ടുണ്ട്. ഇനിയടിച്ചു പാലിൽ ചേർക്കണം. ഈ ചൈന ഗ്രാസ് വെള്ളത്തിൽ കുതിർത്തി..” ബാറ്റും കോർക്കും ഫോണും കൈയ്യിൽപ്പിടിച്ചു ലിഫ്റ്റിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ ഇടയ്ക്ക് കേറിപ്പറഞ്ഞു. “അയ്യോ... അതല്ല. നീയിന്നലെപ്പറഞ്ഞ കാര്യം.” എവിടെ നിന്നോ ഒരു അമളി പറ്റിയ ചിരി എന്റെ ചുണ്ടിൽ വിരുന്നു വന്നു. അവളൊന്നു നിന്നു. പിന്നെ, ബാറ്റുകൊണ്ട് മുഖം പൊത്തിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി. “എനിക്കറിയാമായിരുന്നു. നല്ല ആളാ. ഗോസിപ്പിഷ്ടല്ലാ ന്ന് പറഞ്ഞിട്ടിപ്പോ എന്തായി?” അവളാപ്പറഞ്ഞത് ശരിയായിരുന്നു. ഞാനങ്ങനെ ഒരു പ്രസ്താവന നടത്തിയിരുന്നു. അതന്നു പിടിച്ചു നിൽക്കാൻ വേണ്ടി വെറുതെ പറഞ്ഞതാണ്. “അതിനിത് ഗോസിപ്പല്ലല്ലോ. നടന്ന കാര്യമല്ലേ?” ഞാൻ തിരിച്ചടിച്ചു. “അതെയതേ. ഞാനുള്ളത് കൊണ്ട് ഈ ഫ്ലാറ്റിൽ നടക്കുന്ന കാര്യങ്ങളെല്ലാം നീയറിയുന്നു. അല്ലെങ്കി, ആ മുറിയടച്ചിരുന്നു വല്ലോം വായിക്കും. അല്ലെങ്കി, എഴുതും. പിന്നെ, കഥയൊന്നും വന്നില്ലെന്നു പറഞ്ഞ് നടക്കും. അതല്ലേ നിന്റെ പണി?” കാര്യം ഞാനങ്ങനെയൊക്കെയാണെങ്കിലും എന്റെ എഴുത്ത് ജീവിതത്തെ അവളൊറ്റ വാക്കിൽ ചുരുക്കിയപ്പോ മനസ്സിലുറങ്ങിക്കിടന്ന ഒരു കഥാകാരിയുടെ നൊമ്പരങ്ങൾ വീണ്ടും തലപൊക്കാനൊരു ശ്രമം നടത്തി നോക്കി.

“നീ പറാ,” ഞാനതിനെ ശ്രദ്ധിക്കാതെ യസ്രയോട് പറഞ്ഞു. “നല്ല മഞ്ഞ പൂക്കളുള്ള ഷർട്ട് കണ്ടിട്ടാണ് ഞാൻ നോക്കീത്,” കെട്ടിയുണ്ടാക്കിയ ഷാർക്ക് കവാടത്തിനു മുന്നിലെ പാർക്കിങ്ങില് നടന്ന ഒരു അടി. നിന്റെ ഭാഷയിൽ പറഞ്ഞാ വാക്കുതർക്കം. അത് നോക്കി നിൽക്കായിരുന്നു,” അവൾ ബാറ്റും സാമഗ്രികയും ലോബിയിലെ സോഫക്കടുത്തു വെച്ചു വിശദീകരിച്ചു. സംഭവം ഇപ്പോഴൊന്നും തീരുന്ന മട്ടില്ലെന്ന് മനസ്സിലായ എന്റെ മുന്നിൽ ബ്രേക്ക് ഫാസ്റ്റുണ്ടാക്കുകയെന്നത് അസാധ്യമാണെന്നും അത് കൊണ്ട് കെ ആർ ബേക്കറിയിൽ പോയി വല്ല പഫ്സും കഴിക്കാമെന്ന ചിന്തയും മിന്നിമറഞ്ഞു. “നീ വേഗം പറ. പുഡ്ഡിങ്ങുണ്ടാക്കണ്ടേ?” “പറയട്ടെ. അതിന്റെ രസം കളയല്ലേ,” അവൾ ഫോണെടുത്തു ഒന്ന് ഞെക്കി നോക്കി അടുത്തു സോഫയിൽ വെച്ചു. പിന്നെ, അവൾ പറഞ്ഞ് തുടങ്ങി, “ഞങ്ങൾ ടിക്കറ്റെടുത്തു കേറുമ്പോൾ മകൾക്കു പോപ്‌കോൺ വേണമെന്ന് പറഞ്ഞു. അപ്പൊ, ഫസൽ പോയി അടുത്തുള്ള കൗണ്ടറിൽ നിന്നു പോപ്‌കോൺ വാങ്ങി വന്നു. അവൻ പിന്നെ, നല്ല സപ്പോർട്ടാണ്.” “അധികമങ്ങു സ്നേഹിക്കണ്ട. ഒട്ടും ഇമോഷണൽ മെച്ചുരിറ്റിയില്ലാത്ത വർഗ്ഗമാ.” “ഉം... പിന്നെ പിന്നെ.” “നീയിത് മെഗാ സീരിയല്ലയാക്ക്വല്ലോ. വേഗം പറാ,” യൂണിഫോമിട്ടു ലിഫ്റ്റിറങ്ങി വന്ന കുട്ടികളെക്കണ്ടപ്പോൾ ഞാൻ യസ്രയോട് പറഞ്ഞു. “നീയവിടെ അടങ്ങിയിരിക്ക്,” അവൾ പറഞ്ഞു.

“അബ്ദുൽ കലാമിന്റെ ജീവചരിത്രമെന്നൊക്കെ എഴുതി വെച്ചു അദ്ദേഹത്തിന്റെ മൂന്നാലു പ്രതിമകളും റോക്കറ്റ് മോഡലുകളും വെച്ചിരിക്കുന്നു. ആളുകളതിന് മുൻപിൽ നിന്ന് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നു. കുറ്റം പറയാൻ പറ്റില്ല. ഞങ്ങളുമെടുത്തു ഒന്ന് രണ്ടെണ്ണം. മഡഗാസ്‌ക്കർ എന്ന കുട്ടികളുടെ സിനിമയിലെ സിംഹവും പുലിയും സീബ്രയും കുരങ്ങനും നിൽക്കുന്നു. കുറുകെ കഴുത്ത്  ആർച്ച് പോലെ നീട്ടിയിരിക്കുന്ന ജിറാഫും. ആ ജിറാഫിന്റെ മുന്നിലൊരു കുട്ടി നിന്ന് കരയുന്നുണ്ടായിരുന്നു.” ടാങ്കിലെ വെള്ളത്തിന്റെ അളവ് നോക്കാൻ സെക്യൂരിറ്റി ഫ്ലാറ്റിനു പുറകിലേക്ക് പോകുന്നത് കണ്ടു. ‘ഫോട്ടോ എട്ക്ക്.’ ഗദ്ഗദങ്ങൾക്കിടയിൽ ചിതറി വീണ കുട്ടിയുടെ വാക്കുകൾ ഞാൻ പെറുക്കിയെടുത്തു. ‘ഇങ്ങട്ട് വാ,’ ഒരു സ്ത്രീയവനെ ബലമായി പിടിച്ചു കൊണ്ട് പോയി. അമ്മയാകണം. അപ്പോഴേക്കും, എവിടെ നിന്നോ ഇയാൾ പ്രത്യക്ഷപ്പെട്ടു. ഇയാളെങ്ങനെ വഴക്ക് നടക്കുന്ന സ്ഥലങ്ങൾ കൃത്യമായറിയുന്നു? ഞാൻ മകളുടെ കൈ പിടിച്ചു നടന്നു. ഇനി അക്വേറിയങ്ങളാണ്. ആദ്യത്തെ മീനുകൾക്ക് മുന്നിലൊരു തിരക്കനുഭവപ്പെട്ടെങ്കിലും പതിയെ ആളുകൾ നീങ്ങിത്തുടങ്ങി. വെറുതെയല്ല, അക്വേറിയങ്ങളിൽ അധികം കാണാത്ത കൊഞ്ചിനെയാണ് അവർ ആദ്യത്തെ ടാങ്കിൽ വെച്ചിരിക്കുന്നത്. അതിങ്ങനെ കാലുകളൊക്കെ വെച്ചു നടക്കുന്നത് കാണാൻ തന്നെ എന്ത് രസാണ്,” അവൾ വർണ്ണിച്ചു കൊണ്ടിരുന്നു. 

“ഞാൻ പോവാ,” ബാറ്റും കീയും പെറുക്കിയെടുത്തു ഞാൻ നടക്കാനൊരുങ്ങി. “വേഗം പറയാം. അവിടെയിരിക്ക്,” അവൾ പറഞ്ഞു. “അതേ, ഞങ്ങളാ സ്‌പൈറൽ അക്വേറിയത്തിന്റെ അടുത്തെത്തിയില്ലേ? അപ്പോ, ദേ കെടക്കണ് ഒരു മീൻ താഴെ. ചത്തതാണെന്ന ഞങ്ങളാദ്യം വിചാരിച്ചത്. പക്ഷേ, നോക്കിനിന്നപ്പോ അതനങ്ങുന്നുണ്ടായിരുന്നു. ഞാനതിനെയെടുത്തു കൈയ്യിലുള്ള കുപ്പിവെള്ളത്തിലേക്കിട്ടിട്ടു അധികൃതരെ ഏൽപ്പിച്ചു.” “ആഹാ... മിടുക്കി. അത് കൊള്ളാലോ.” “കൈയ്യിലെടുത്തപ്പോ അത് പിടയ്ക്കുന്നുണ്ടായിരുന്നു. വായുവിന് വേണ്ടിയുള്ള ചാട്ടം. അത്... ഇപ്പോഴുമോർക്കുമ്പോ.. വല്ലാത്തൊരു ഫീലാണ്. പാവം. തിരിച്ചു വന്നു നോക്കുമ്പോ അയാളുണ്ട് അവിടെത്തന്നെ നിൽക്കുന്നു. മറ്റൊരു മീൻ ചാടുന്നതു നോക്കി നിൽക്കേണ്. അതിനെ രക്ഷിച്ച ശേഷം പരിപാടി നടത്തിപ്പുകാർ അയാളെ പുറത്താക്കി. “ആ പെടപ്പൊരു പെടപ്പാ,” അയാൾ നടന്നു പോകുമ്പോ ആരോടെന്നില്ലാതെ പറയുന്നത് കേട്ടു. അയാളെങ്ങനെയാണ് അത് ചെയ്യുന്നതെന്നറിഞ്ഞു കൂടാ. മീനിനെ മാത്രമെങ്ങനെ പുറത്തെടുക്കുന്നു? അപ്പൊ, വെള്ളം പുറത്തേക്കു വരില്ലേ?” അവൾ ചോദിച്ചത് ശരിയാണെന്ന് വിചാരിച്ചെങ്കിലും എന്റെ മുന്നിലും ഒരുത്തരമുണ്ടായിരുന്നില്ല. ഫോണിൽ ഏഴു മണിയുടെ അലാറമടിച്ചപ്പോൾ ഞങ്ങൾ ഫ്ലാറ്റിലേക്കു പോയി. 

അടുത്ത രണ്ട് ദിവസങ്ങൾ ഞായറും ശനിയുമായതു കൊണ്ട് ഞങ്ങൾ കണ്ടില്ല. തിങ്കളാഴ്ച വൈകുന്നേരം അവളെന്നെ വിളിച്ചു. “ടീ, ഞാനന്ന് പറഞ്ഞില്ലേ ഒരാളെക്കുറിച്ച്? അയാളിന്ന്  ഓഫീസിൽ വന്നിരുന്നു. മിതാലിയുടെ കെട്യോനാണയാൾ. തൃശൂരു പണിയായിരുന്നത്രെ ഇത് വരെ. ഇപ്പോ, ഇവിടെ ആരുടെയോ ഡ്രൈവറായി ജോലി നോക്കാണ്. ഞാൻ വിളിച്ചതെന്തിനാന്നറിയോ? അയാള് നല്ലതാ ട്ടാ. നമ്മള് വെറുതെ ഓരോന്ന് വിചാരിച്ചു. ഉച്ചക്കയാൾ മിതാലിക്കു ചോറൊക്കെ കൊണ്ട് വന്നു കൊടുക്കും. ഇടയ്ക്കൊന്നു പുറത്തിറങ്ങി ഒരഞ്ചു മിനുട്ട് സംസാരിച്ചിട്ടൊക്കെ വരും രണ്ടാളും. എന്ത് സ്നേഹാ,” അവൾ പറഞ്ഞു. കുറച്ച് ദിവസങ്ങളങ്ങനെ കഴിഞ്ഞു. മോന്റെ സ്കൂളിൽ സ്പോർട്സായിരുന്നു. ഓട്ടവും ചാട്ടവുമൊക്കെക്കഴിഞ്ഞു അവൻ ക്ഷീണിച്ചു വരുകയാകുമല്ലോ എന്നോർത്ത് നാരങ്ങ വെള്ളമൊക്കെ കലക്കി വെച്ചു അവനെക്കാത്തു താഴെ നിൽക്കുമ്പോഴാണ് യസ്ര കാറിൽ വന്നിറങ്ങുന്നത്. “ദാ. എന്റെ പുതിയ ഡ്രൈവർ,” അവൾ പരിചയപ്പെടുത്തി. സൂപ്പർമാർക്കെറ്റിൽ നിന്നു വാങ്ങിയ സാധങ്ങളൊക്കെ അയാൾ രണ്ട് കൈയ്യിലും കുട്ടികളെയെന്നപോലെയെടുത്തു വരാന്തയിൽ വെച്ചു. “പിടിയില്ലാത്ത കവറ് തരുന്നതെന്തിനാണാവോ, ഇപ്പോ. ഞാൻ സൂപ്പർ മാർക്കറ്റുകാരോട് ചോദിച്ചപ്പോൾ അവർക്കുമറിയില്ല,” അവൾ ഡ്രൈവറോട് അടുത്ത ദിവസം നേരത്തെ വരാൻ പറയുന്നതിനിടയിൽ  പറഞ്ഞു.

“ഇയാള് പഴയ ഡ്രൈവറെപ്പോലെയല്ല. പറഞ്ഞ സമയത്തിന് വരും. സാധങ്ങളൊക്കെയെടുത്തു തരും. മറ്റയാൾക്ക് എന്തൊരഹങ്കാരമായിരുന്നു?” അത് പറഞ്ഞ് നിൽക്കുമ്പോ സ്കൂൾ ബസ്സു വന്നു. “നീ വരണം ട്ടോ. നാളെ മോൾടെ പിറന്നാളാ,” വൈകുന്നേരം അവളൊരു വോയിസയച്ചിരുന്നു. “ഓക്കേ,” ഞാൻ തിരിച്ചയച്ചു. ഒരു ബാർബിയേയും പൊതിഞ്ഞു ഞാൻ മോനെക്കൂട്ടി പത്തു ജിയിലെ ബെല്ലടിച്ചപ്പോൾ തുറന്നത് മിതാലിയാണ്. “ആ.. നീ വന്നോ? ഒരു സഹായത്തിനു വിളിച്ചതാ. പറഞ്ഞ് വന്നപ്പോ ഇവൾടെ കെട്യോന് ചിക്കൻ ഗ്രിൽ ചെയ്യാനറിയാം. അതും മിതാലിയുടെ വക നല്ല മന്തി റൈസും. നമുക്ക് ഹെൽത്തിയാക്കാം. എന്തിനാ പുറത്തു നിന്നും വാങ്ങണേ?” യസ്ര പറഞ്ഞു. യസ്രയുടെ വീട്ടുകാരും പിന്നെ ഞങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. യസ്രയുടെ ഭർത്താവ് ഫസൽ ഒരു മാന്യനാണ്. പുരുഷമേധാവിത്വമോ ഈഗോയൊ ഇല്ലാത്ത ഒരു തങ്കപ്പെട്ട മനുഷ്യൻ. അയാളെന്നോട് വിശേഷങ്ങൾ ചോദിക്കുകയും പ്ലേറ്റെടുത്തു വെക്കാനും മേശയൊരുക്കാനും യസ്രയെ സഹായിക്കുകയും ചെയ്തു. ബർത്ത്ഡേ ആഘോഷങ്ങളൊക്കെ അങ്ങനെ ഭംഗിയായിക്കഴിഞ്ഞു. “അതേ, അധികമടുപ്പിക്കണ്ടാ ട്ടാ. അന്ന് ഫെയറിനു പോയപ്പോ മീനിനെ പുറത്തെടുത്തിട്ട ആളല്ലേ” തിരിച്ചു പോരുമ്പോ ഞാൻ യസ്രയെ ഓർമിപ്പിച്ചു. “ഏയ്‌... അയാള് കൊഴപ്പക്കാരനൊന്നുമല്ല,” യസ്ര ഉറപ്പിച്ചു പറഞ്ഞു. 

ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോ ഞാൻ ഫ്രൈഡ് റൈസുണ്ടാക്കിയപ്പോൾ യസ്രയ്ക്ക് കൊടുക്കാൻ അവളുടെ വീട്ടിൽപ്പോയി. അവൾ നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം തന്നു. നല്ല ഏലക്ക ചായയും. അതൊക്കെക്കഴിച്ചു ഞാൻ കുറച്ചധികനേരം അവിടെ സൊറ പറഞ്ഞിരുന്നു. കോളിങ് ബെൽ മുഴങ്ങി. “നിന്റെ ഹസ് ആയിരിക്കും. ഞാൻ പോവാണ്,” ഞാൻ പറഞ്ഞു. “ഏയ്‌... ഫസൽ വരാൻ വൈകും. ഇത് ഡ്രൈവറാ. പാല് വാങ്ങിത്തരാൻ പറഞ്ഞിരുന്നു,” അവൾ അൽപസമയത്തിനുള്ളിൽ തിരിച്ചു വന്നു. “അയാൾടെ കൈയ്യിലൊരു കത്തിയുണ്ടായിരുന്നു. ഞാൻ നോക്കുമ്പോ അയാൾ പാൽ പാക്കറ്റ് താഴെ വെച്ചു കത്തിയുടെ മൂർച്ച നോക്കുകയാണ്. പാല് എവിടെയൊക്കെക്കിടന്ന് കിട്ടുന്നതാ. ചോദിച്ചപ്പോ അയാൾ പറഞ്ഞു. കാര്യം ശരിയാണെങ്കിലും ഇത്തിരി മയമൊക്കെ വേണ്ടേ പറയുമ്പോ. കത്തി ആവശ്യമുണ്ടത്രേ. പോകുമ്പോ അയാള് പറയാ. “ഞാൻ പറഞ്ഞില്ലേ? ഡെയിഞ്ചറസാ. അധികം അടുപ്പിക്കണ്ടാ. അയ്യോ... മോൾ വരാറായി. ഞാൻ പോട്ടെ.” ഒന്ന് രണ്ടാഴ്ച അവളുടെ മെസേജുകളൊന്നും കണ്ടില്ല. ഒരു ദിവസം ഞാൻ മുറ്റത്തെ സൂര്യകാന്തിപ്പൂ നോക്കി നിൽക്കുമ്പോഴുണ്ട് അവൾ ഒരോട്ടോയിൽ വന്നിറങ്ങുന്നു. മുഖമൊക്കെ ക്ഷീണിച്ചിട്ടുണ്ട്. അവൾ പതിവിനേക്കാൾ വിടർന്നു ചിരിച്ചു. ഒരു വിഷാദം ആ ചിരിയുടെ മറവിലുള്ളതായി എനിക്ക് തോന്നി. 

“ഒരു പണിയുമില്ലല്ലേ? വെറുതെ പൂവൊക്കെ നോക്കി നിക്കേണ്.” “നിനക്കെന്താ ഒരു സങ്കടം?” “അതേ.” അവൾ കൈയ്യിലെ മുറിപ്പാടുകളെനിക്ക് കാണിച്ചു തന്നു. അതിലൊന്ന് ആഴത്തിലുള്ളതായിരുന്നു. “നീ പറഞ്ഞതു ശരിയാ. ഇന്നലെയാണ് സംഭവം. നീ പോയില്ലേ? അതിന് ശേഷാ.” “ഇതിങ്ങനെ വിട്ടാ പറ്റില്ല. ഒരു സൈക്കോ. നമുക്ക് കംപ്ലയിന്റ് ചെയ്യാം.” “വേണ്ടടീ. ഇവരൊക്കെ ഏതറ്റം വരെയും പോണ ആൾക്കാരാ. വെറുതെ പുലിവാലാക്കാൻ. ഞാൻ പോട്ടെ. മോളുണ്ടാകും,” അവൾ പറഞ്ഞു. അയാൾ ചെയ്യുന്നതൊക്കെ അവളെന്തിനാണ് സഹിക്കുന്നതെന്നു എനിക്ക് മനസ്സിലായില്ല. തിരിച്ചു ഫ്ലാറ്റിലെത്തിയിട്ടു ഒരു സമാധാനോമുണ്ടായിരുന്നില്ല. നീ ഓക്കെയാണോ? ടേക്ക് കെയർ. എന്നും മറ്റുമുള്ള മെസേജുകളയച്ചെങ്കിലും ഞാനെന്ന എഴുത്തുകാരിയിലെ പ്രതിഷേധക്കാരി ഉണർന്നിരുന്നു. “നീ വാ. നമുക്ക് കംപ്ലയിന്റ് കൊടുത്തിട്ട് വരാം,” ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് യസ്രയെക്കാണാൻ പോയി. അവളുടെ കണ്ണൊക്കെ വീർത്തിരുന്നു. “നീയെന്തിനാ കരയണേ? എന്താ പ്രശ്നം?” “ഒരു തരം നീറ്റലാണ്. പേടിയാ. ഓരോ നിമിഷോം തീ തിന്നാ ജീവിക്കുന്നേ,” അവൾ പൊട്ടിക്കരഞ്ഞു. അവളൊന്നു സമാധാനപ്പെടാൻ ഞാൻ കാത്തു നിന്നു. 

“എന്താ ഉണ്ടായേ?” നിശ്ശബ്ദത ഭേദിച്ചു കൊണ്ട് ഞാൻ ചോദിച്ചു. അവളെനിക്ക് മുറിയുടെ പൊട്ടിപ്പോയ കൊളുത്തും കേടായ വെല്ലും കാണിച്ചു തന്നു. “ഇന്നലത്തെ ബാക്കിയാണോ?” ഞാൻ ചോദിച്ചു. അവൾ തലയാട്ടി. അവളുടെ ഉള്ളിലിരമ്പുന്ന തിരയെനിക്ക് കാണാമായിരുന്നു. “എന്തെങ്കിലും ചെറിയ കാര്യം ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ഇങ്ങനെയാ,” അവൾ പറഞ്ഞു. “ഹെയിറ്റ് അറ്റാക്ക്. അതാണസുഖം. ദിവസങ്ങളോളം ദേഷ്യവുമാണ്. മാക്സിമം ദ്രോഹിക്കും. കുറെ ദിവസം കഴിഞ്ഞു മിണ്ടിക്കഴിഞ്ഞാ പിന്നെ പഴയതു പോലെ സ്നേഹമാണ്. ഇതിങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും. രണ്ട് പേരൊന്നിച്ചു ജീവിക്കുമ്പോ എല്ലാമിഷ്ടപ്പെടണമെന്നില്ലല്ലോ. പറഞ്ഞിട്ട് കാര്യമില്ല. എല്ലാം എന്റെ കുറ്റമാണെന്നേ പറയൂ. വിട്ട് പോരാമെന്ന് വെച്ചാ മോനച്ഛനുമമ്മയും വേണ്ടേ? മിണ്ടാതെയെല്ലാം സഹിച്ചു ശ്വാസം മുട്ടുന്നു. ജീവിക്കേണ്ടെ?” അവൾ പിന്നെയും എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു. “ജീവിക്കേണ്ടേ?” ആ വാക്കുകൾ എന്റെ ഉള്ളിൽ ഒരു വിറയലുണ്ടാക്കി. അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റില്ലെന്നറിയാം. എങ്കിലും, എഴുതണമെന്ന് തോന്നി. അതാണ്‌ പേര് മാറ്റിയെഴുതിയത്. വാതിൽ തുറന്നപ്പോൾ ജബുലാനിയുണ്ട് മുന്നിൽ നിൽക്കുന്നു. അയാളൊന്നു ചിരിച്ചു.

English Summary:

Malayalam Short Story ' Ukuphindaphinda ' Written by Dr. Muhsina K. Ismail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com