നാടുവിട്ടു പോരേണ്ടി വന്നു, എല്ലാം കീഴ്മേൽ മറിഞ്ഞു; പ്രണയിനിയെ പിന്നീടൊരിക്കലും കണ്ടെത്താനായില്ല
Mail This Article
ആദ്യ പ്രണയം എന്നും മധുരിക്കും ഓർമകൾ നൽകിടും എന്നാണ് പറയാറ്. പക്ഷേ എന്റെ ആദ്യ പ്രണയത്തെ കുറിച്ച് ഓർക്കുമ്പോൾ നഷ്ടബോധവും തീരാവേദനയുമാണ് എനിക്ക് സമ്മാനിക്കാറ്. എന്റെ കഥാ നായികയുടെ പേര് ശീതൾസിന്ധ്യ. അവളെ ആദ്യമായി ഞാൻ കാണുന്നത് കർണ്ണാടക മഹാരാഷ്ട്ര അതിർത്തി പ്രദേശമായ ജംക്കണ്ടിയിൽ ഞാൻ ജോലി ചെയ്യുന്ന കടയുടെ മുന്നിലുള്ള റോഡിലൂടെ അവൾ നടന്നു പോകുമ്പോൾ ആണ്. പിന്നീട് എല്ലാ ദിവസങ്ങളിലും സ്കൂളിലേക്കും തിരിച്ചുമുള്ള അവളുടെ യാത്രകൾ എനിക്ക് സമ്മാനിച്ചത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു.
ഞങ്ങളുടെ പ്രണയം ഒരിക്കൽ പോലും പരസ്പരം പറയുകയോ നേരിട്ട് സംസാരിക്കുകയോ ചെയ്തിട്ടില്ല. റോഡിലൂടെ നടന്നു നീങ്ങുമ്പോൾ അവൾ എന്നെയൊന്ന് തിരിഞ്ഞ് നോക്കുമായിരുന്നു ഞാൻ തിരിച്ചും. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. ആദ്യമൊക്കെ കൂട്ടുകാരികളെ കടയിലേക്ക് അയച്ച് അവൾ റോഡിനപ്പുറം നിന്ന് നോക്കുമായിരുന്നു. പിന്നെ പിന്നെ അവളും കടയിലേക്ക് വരാൻ തുടങ്ങി. മറ്റൊരാൾ കൂടി കടയിൽ ഉണ്ടായിരുന്നു. അവൻ ശീതളിന്റെ കൂട്ടുകാരികൾക്ക് മിഠായികൾ എടുത്ത് കൊടുക്കുമ്പോൾ ഞാൻ കാഷ് കൗണ്ടറിന്റെ സ്റ്റൂളിൽ ഇരുന്ന് അവളെയും അവൾ എന്നെയും നോക്കി നിൽക്കും. ഞങ്ങൾ കണ്ണുകൾ കൊണ്ട് സംസാരിക്കുമായിരുന്നു.
ഓരോ ദിവസങ്ങൾ കഴിയും തോറും പ്രണയത്തിന്റെ ശക്തി കൂടി കൂടി വരുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു. ഓരോ ദിവസവും അടുത്ത ദിവത്തിനായുള്ള കാത്തിരിപ്പ്. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ സൈക്കിൾ എടുത്ത് ഞാൻ അവളുടെ വീടിന് മുന്നിലൂടെ പോകും ഒന്ന് കാണാനായിട്ട്. അങ്ങനെ നമ്മുടെ പ്രണയം മുന്നോട്ട് പോകുന്നതിനിടയിൽ എല്ലാം കീഴ്മേൽ മറിച്ചു കൊണ്ട് പലിശക്കാരുടെ ശല്യം കാരണം കടയും ഉപേക്ഷിച്ച് പലായനം ചെയ്യാൻ കടയുടമ തീരുമാനിച്ചു. പുലർച്ചെ 3 മണിക്ക് അവിടെ നിന്നും രക്ഷപ്പെടുമ്പോൾ ആരും എന്റെ മനസ്സിന്റെ നൊമ്പരം അറിഞ്ഞില്ല. എന്റെ കരച്ചിൽ കണ്ടില്ല. ഒന്ന് യാത്ര പോലും പറയാതെ ഞാൻ പോയപ്പോൾ എന്റെ ശീതൾ എന്ത് മാത്രം വിഷമിച്ചു കാണും. മൊബൈൽ ഫോണുപോലും ഇല്ലാത്ത കാലത്ത് എനിക്കവളെ ഒന്ന് വിളിക്കാൻ കൂടി സാധിച്ചില്ല. ശീതളെ മാപ്പ് ഞാൻ ഒരിക്കലും നിന്നെ ഉപേക്ഷിച്ചിട്ടില്ല എന്റെ ഹൃദയത്തിൽ നീ ഇന്നും ഉണ്ട് നിന്നോടുള്ള പ്രണയവും.