ADVERTISEMENT

അടുക്കളയിൽ പാത്രം വീഴുന്ന ശബ്ദം കേട്ടാണ് അശോകൻ രാവിലെ എണീറ്റത്. അടുത്ത് വെച്ചിരുന്ന ക്ലോക്കിലേക്കു നോക്കി. സമയം 6.45 ആയി. ടേബിളിൽ വെച്ചിരിക്കുന്ന മൊബൈൽ എടുത്തു നോക്കി സമയം ഒന്നുകൂടി ഉറപ്പിച്ചു. ഇപ്പോ അതാണല്ലോ ശീലം. "ഇന്നലെ ഞാൻ 6.30 നു അലാറം സെറ്റ് ചെയ്തതാണല്ലോ? പിന്നെ എന്ത് പറ്റി! റിങ് ഒന്നും കേട്ടില്ല." അശോകന്റെ ആത്മഗതം. "താങ്ക്സ് ടു മൈ വൈഫ്. പാത്രം വീഴിച്ചാലും എഴുന്നേൽപ്പിച്ചല്ലോ!" രാവിലെ ഉള്ള ജോഗിങ് അശോകന്റെ പതിവാ. അതും ലാ‍ൽബാഗ് പാർക്കിൽ. ബാംഗ്ലൂരിൽ ട്രാൻസ്ഫർ ആയി വന്ന ശേഷം അത് കഴിവതും മുടക്കിയിട്ടില്ല. അത് ഓഫ് ഡേയ്സ് ആയാലും. മുറിയിൽ അടുത്ത് തൊട്ടിലിൽ മോൾ കിടന്ന് ഉറങ്ങുന്നുണ്ട്. തൊട്ടിലിലേക്ക് അശോകൻ ഒന്ന് എത്തി നോക്കി. അവൾ നല്ല ഉറക്കം! "ഭാഗ്യവതി" (ആത്മഗതം). ട്രാക്ക് പാന്റ് ഇട്ടശേഷം അടുക്കളയിലേക്കു ഒന്ന് എത്തി നോക്കി. രചന ചായ ഇടുകയാണ്. അശോകനെ കണ്ടതും "ഹാ റെഡി ആയോ? ഇത് (ചായ കപ്പിലേക്കു നോക്കി) വന്നിട്ടല്ലേ കുടിക്കുന്നുള്ളൂ?" ഒന്ന് മൂളിയശേഷം അശോകൻ "നിന്നോടും ഓടാൻ കമ്പനിക്കു വരാൻ എത്ര നാളായി പറയുന്നു." "പണ്ട് നമ്മൾ ഒരുമിച്ചൊന്ന് ഓടിയതല്ലേ? അതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. ആദ്യം അതൊന്നു മാറട്ടെ, മോൻ ചെല്ല്." അവളുടെ ഭവ്യമായ മറുപടി. "മോളുടെ തൊട്ടിയിൽ ഒരു കണ്ണ് വെക്കണേ" അശോകന്‍ രചനയെ ഓർമിപ്പിച്ചു, നേരം കളയാതെ ജോഗിങ്ങിനു പുറപ്പെട്ടു.

ഓഫ്ഡേ ആയതുകൊണ്ടാകാം, പാർക്കിൽ അത്യാവശ്യം തിരക്കുണ്ട്. അശോകൻ തന്റെ റെഗുലർ റൗണ്ട്സ് ആരംഭിച്ചു. കോൾവില്ലേ ഗ്ലോറി മരത്തിന്റെ അടുത്തെത്തിയപ്പോൾ പതിവുപോലെ അശോകൻ ആ ബെഞ്ചിലേക്ക് നോട്ടമിട്ടു. 6th നമ്പർ ബെഞ്ചിലേക്ക്. കഴിഞ്ഞ കുറേ ദിവസങ്ങളായി പതിവായൊരാൾ അവിടെ ഇരുപ്പുണ്ടാവും. പ്രായം ഏകദേശം എഴുപതിനോടടുത്തു തോന്നിക്കുന്ന ഒരാൾ. ആദ്യം അശോകനും അതത്ര ശ്രദ്ധിച്ചില്ലെങ്കിലും പിന്നെ പിന്നെ എങ്ങനെയോ ആ വ്യക്തി അശോകന്റെ ദിനചര്യയിൽ ഒരു ഭാഗമായി. അധികം ഒന്നും ഇല്ല, ഒരു നോട്ടം പിന്നൊരു പുഞ്ചിരി പിന്നെ ചിലപ്പോഴൊക്കെ നിശബ്ദമായ ഒരു ഗുഡ്മോർണിംഗും. പിന്നെ ഒരു അവസരത്തിൽ അദ്ദേഹത്തെ പരിചയപ്പെട്ടു. ‘വിനയചന്ദ്രൻ’ പണ്ട് ക്രൈസ്റ്റ് കോളജിൽ പ്രൊഫസർ ആയിരുന്നു. അതേ കോളജിന്റെ പൈലറ്റ് ബാച്ചുകളിൽ ഒന്നിൽ വിദ്യാർഥിയും. ബാംഗ്ലൂരിലേക്ക് പണ്ടേ കുടിയേറി പാർത്ത ഒരു ഓൾഡ് മലയാളി. ഇന്നും അവിവാഹിതനാണ്! ഒരൽപം സങ്കുചിത മനോഭാവക്കാരൻ ആണെന്ന് ആദ്യം തോന്നാമെങ്കിലും അങ്ങനല്ല അത്യാവശ്യം സംസാരശീലനാണ്.

"താനിന്നു വൈകിയോ?" വിനയചന്ദ്രൻ അൽപം സന്ദേഹത്തോടെ ചോദിച്ചു. "ഹ മൊബൈൽ ഒന്ന് പറ്റിച്ചു. അലാറം സമയത്തു അടിച്ചില്ല." അശോകന്റെ മറുപടി. "എന്നാൽ താൻ റൗണ്ട്സ് കഴിഞ്ഞിട്ട് വാ. എന്നിട്ടു സംസാരിക്കാം." "സാറിന്റെ നടത്തം പിന്നെ നേരത്തേ കഴിഞ്ഞല്ലോ അല്ലെ?" അശോകന്റെ ആ സ്ഥിരം ചോദ്യത്തിന് വിനയചന്ദ്രൻ ഒന്നു മന്ദഹസിച്ചു. തന്റെ പതിവു കസർത്തുകൾ എല്ലാം കഴിഞ്ഞപ്പോൾ പതിവുപോലെ ജഗ്ഗുറാമിന്റെ ടീ സ്റ്റാളിൽ നിന്ന് രണ്ടു ചായയും വാങ്ങി നേരെ 6th ബെഞ്ചിലേക്ക്. രണ്ടുപേരും ചായ നുണഞ്ഞുകൊണ്ടിരിക്കേ അശോകൻ "ഞാൻ സാറിനോട് ഒരു കാര്യം ചോദിക്കണം എന്ന് വിചാരിച്ചിട്ട് കുറച്ചു ദിവസമായി." "മ്?" എന്താണെന്ന ഭാവത്തിൽ. "സാറിനെ കണ്ട അന്ന് തൊട്ടു ഞാൻ ശ്രദ്ധിച്ചതാ, ഈ പാർക്കിൽ വേറെ ഒരുപാടു സ്ഥലമുണ്ടായിട്ടും, ബെഞ്ചുകളുണ്ടായിട്ടും സാറെപ്പോഴും ഈ ബെഞ്ചിൽ തന്നെയാ ഇരിക്കാറുള്ളത്, ഈ മരത്തിനെ ഇങ്ങനെ ചുറ്റിപ്പറ്റി.. അല്ലെ? അതെന്താ അങ്ങനെ?" ഒരു ചെറുപുഞ്ചിരി ആയിരുന്നു വിനയചന്ദ്രന്റെ മറുപടി. "അല്ല സോറി. സാറിന് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ.. ഞാൻ സാറിന്റെ സ്വകാര്യതയിലേക്കു എത്തിനോക്കുന്നതല്ല ട്ടോ." ചുണ്ടുകൾ ഇടയ്ക്കിടെ ചായ നുണഞ്ഞു കൊണ്ടേയിരുന്നു.

താൻ പറയുന്നത് ഒരർഥത്തിൽ ശരിയാ, ഈ സ്വകാര്യത പങ്കുവെക്കുന്നത് ചിലപ്പോഴൊക്കെ ഒരു അസ്വസ്ഥമായ കാര്യമാണ്. പക്ഷെ.. ചില സ്വകാര്യതകൾ പങ്കുവെക്കുമ്പോഴാണ് കൂടുതൽ സുഖം." വിനയചന്ദ്രൻ ചെറിയ മൗനത്തിനു ശേഷം പറഞ്ഞു തുടങ്ങി. ഡെയ്സി അവൾ കാരണമാണ് ഇതെല്ലാം. എന്റെ സ്റ്റുഡന്റ് ആയിരുന്നു. പണ്ടവളുടെ അച്ഛന് സ്ഥലംമാറ്റം കിട്ടി ഇങ്ങോട്ടു വന്നപ്പോൾ കൂടെ വന്നതാ. ഡിഗ്രിക്കു ആ കോളജിൽ തന്നെ വന്നു. ഫൈനൽ ഇയർ സമയത്താ അവൾ എന്നോട് പറയുന്നത്.. ഇഷ്ടമാണെന്ന്.. മറുത്തു പറയാൻ പറ്റിയില്ല. ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി. പണ്ടത്തെ കാലം പോരെങ്കിൽ വെവ്വേറെ മതം. വെല്ലുവിളികൾ ഉണ്ടാവുമെന്നറിയാം. എന്നാലും ഞങ്ങൾ അതൊന്നും കാര്യമാക്കിയില്ല." വിനയചന്ദ്രന്റെ വിരലുകൾ പതുക്കെ ആ ബെഞ്ചിലൂടെ ചലിച്ചു. "സമയം കിട്ടുമ്പോഴൊക്കെ ഇവിടെ വെച്ചായിരുന്നു തമ്മിൽ കണ്ടിരുന്നത്. ഈ പൂക്കള്‍ അവൾക്കു ഒരുപാടു ഇഷ്ടമായിരുന്നു." ആ കണ്ണുകൾ കോൾവില്ലേ ഗ്ലോറി പൂക്കളില്‍ ആയിരുന്നു. പിന്നെ ചെറിയൊരു നിശബ്ദത.

"എന്നിട്ടോ?" അശോകന് ബാക്കി കേൾക്കാൻ തിടുക്കം പോലെ. "എന്നിട്ടെന്താ.. പഴയ എല്ലാ കഥകളിലും പോലെ സാഹചര്യം വില്ലനായി.. രണ്ടുപേർക്കും ഒന്നും ചെയ്യാൻ പറ്റിയില്ല. രണ്ടു വഴിക്കങ്ങു പിരിഞ്ഞു. അത്ര തന്നെ.. ഒരോർമ്മ പുതുക്കലൊന്നുമല്ല. പക്ഷെ ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ നഷ്ടപ്പെട്ടു എന്നു കരുതുന്ന എന്തൊക്കെയോ തിരിച്ചു കിട്ടുന്ന പോലെ." പിന്നെ ഒരു നെടുവീർപ്പ്. "അതു കൊണ്ടാണോ സാറ് ഇപ്പോഴും ഇങ്ങനെ ഒറ്റയ്ക്ക്?" അശോകനു സംശയം. പക്ഷേ മറുപടി ഒരു നേർത്ത പുഞ്ചിരി മാത്രമായിരുന്നു. വാച്ചിലോട്ടു നോക്കിയിട്ട് വിനയചന്ദ്രൻ "പോട്ടെ.. ഇന്നിത്തിരി വൈകി." അന്ന് യാത്രപറഞ്ഞു പിരിയുമ്പോൾ അശോകന് കുറെ ഒക്കെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട് ആ ബന്ധത്തിന്റെ ആഴം. വിനയചന്ദ്രൻ അത് പറയാതെ പറഞ്ഞിരിക്കുന്നു. പിന്നീടുള്ള ദിവസങ്ങളിലും അവർ കണ്ടുമുട്ടി. എങ്കിലും ഈ വിഷയം അശോകൻ മനഃപ്പൂർവം ഒഴിവാക്കി. ഒരു സംശയം അശോകന്റെ ഉള്ളിൽ അപ്പോഴും ഉണ്ടായിരുന്നു. അന്വേഷിച്ചു കണ്ടെത്താൻ ഒരുപാടു വഴികളുള്ള ഇക്കാലത്തു പിന്നെ എന്തേ അദ്ദേഹത്തിന് അങ്ങനെ തോന്നിയില്ല. ഒരു പക്ഷേ ഒരു ജീവിതത്തേയും അതു ബാധിക്കേണ്ടെന്നു കരുതിക്കാണും. ചോദ്യവും ഉത്തരവും അശോകൻ സ്വയം കണ്ടെത്തി.

മറ്റൊരു ഒഴിവുദിവസം.. മറ്റൊരു പകൽ.. അതേ പാർക്കിൽ അതേ ബെഞ്ചിൽ അശോകൻ ഇരിപ്പുണ്ട്. ഇന്നേക്ക് വിനയചന്ദ്രൻ മരിച്ചിട്ട് ഒരു മാസത്തോളമായി. എല്ലാം ഇന്നലെ കഴിഞ്ഞെന്നപോലെ അശോകന്റെ മനസ്സിൽ മിന്നിമാഞ്ഞു. തനിക്കേറെ ഇഷ്ടമുള്ള ഒരു നോവലിന്റെ കോപ്പി തരാമെന്നു പറഞ്ഞാണ് അവസാനം തമ്മിൽ പിരിഞ്ഞത്. പറഞ്ഞുവെച്ച നാളിൽ കാണാതിരുന്നപ്പോൾ അന്വേഷണത്തിനായി ഫോണിൽ വിളിച്ചു നോക്കി. പക്ഷേ മറുപടി വന്നത് അദ്ദേഹത്തിന്റെ വീട്ടിലെ സഹായിയിൽ നിന്നാണ്. "സാറ് പോയി. അറ്റാക്ക് ആയിരുന്നു. രാത്രി ഉറക്കത്തിൽ ആയതുകൊണ്ട് ആരുമൊന്നും അറിഞ്ഞില്ല. ഇപ്പോ രണ്ടു ദിവസമായി. ഇവിടുത്തെ സമാജത്തിന്റെ സഹായത്തോടെ ആയിരുന്നു ദഹിപ്പിക്കലൊക്കെ. അങ്ങനെ ആരെയും അറിയിക്കാനൊന്നും പറ്റിയില്ല. പിന്നെ സാറിനു പറയാൻ മാത്രം ഇവിടങ്ങനെ ആരെങ്കിലും ഉണ്ടോ എന്നൊന്നും നോക്കാനും പറ്റിയില്ല" അത് കേട്ടുകൊണ്ടിരുന്ന അശോകനു ഒരു ചെറിയ മരവിപ്പാണ് തോന്നിയത്. എത്ര ആയാസമായാണ് നമുക്ക് ഇഷ്ടപ്പെട്ട ഒരാൾകൂടി നമ്മെ വിട്ടു പോയത്. വിനയചന്ദ്രനുമായി വല്ലാത്തൊരു ആത്മബന്ധം തോന്നിയതു കൊണ്ടായിരിക്കണം, അദ്ദേഹത്തിന്റെ അഭാവം അശോകനിൽ ഒരു ശൂന്യബോധം സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ചും അതേ ബെഞ്ചിൽ അതേ മരത്തണലിൽ ഇരിക്കുമ്പോൾ.

ഇന്ന് ഞായറാഴ്ച ആയിട്ടും പാർക്കിൽ തിരക്ക് വന്നു തുടങ്ങിയിട്ടേ ഉള്ളൂ. നടക്കാനായി അശോകൻ എഴുന്നേറ്റ് ഒന്ന് നീങ്ങിത്തുടങ്ങിയപ്പോഴാണ് പെട്ടെന്ന് ആ വിളി കേട്ടത്. "അമ്മാമേ, ഒന്നു വേഗം നടന്നേ. ദേ നോക്കിയേ അവിടെയാ കൊറേ പൂക്കളുള്ളത്. നമുക്ക് അവിടെ പോവാം?" പേരക്കുട്ടികൾ ആ അമ്മാമയുടെ കൈയ്യിൽ നിന്ന് ഇപ്പോഴും പിടി വിട്ടിട്ടില്ല. "എനിക്ക് നടക്കാൻ വയ്യ മക്കളേ.. ഞാൻ ഇവിടെങ്ങാനും ഇരിക്കാം. നിങ്ങള് പോയേച്ചും വാ." "ഈ അമ്മാമ എപ്പോഴും ഇങ്ങനാ" ചെറിയ പിണക്കത്തോടെ കുട്ടികൾ മുന്നോട്ടോടി. ഒരു മലയാളി കുടുംബമാണെന്ന് അറിഞ്ഞതു കൊണ്ടായിരിക്കണം, അശോകന്‍ അവിടെ തന്നെ നിന്ന് അവരെ ശ്രദ്ധിക്കാൻ തുടങ്ങി. കൂടെ മക്കളും മരുമക്കളും ആണെന്ന് തോന്നിക്കും വിധം ചിലർ ഉണ്ടായിരുന്നു. പിന്നെ അവരുടെ കുട്ടികളും. "മമ്മി, ഞങ്ങൾ അങ്ങോട്ട് നടക്കുവാണെ" കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടു. "ഹാ.. ഞാൻ പിന്നാലെ വന്നേക്കാം" ആ അമ്മച്ചി പറഞ്ഞു.

ഇപ്പോഴവർ പതിയെ ആ മരത്തിന്റെ അടുത്തേക്ക് നീങ്ങിത്തുടങ്ങി. അതേ കോള്‍വില്ലേ ഗ്ലോറി മരത്തിന്റെ അടുത്തേക്ക് തന്നെ. അതിലെ പൂക്കളുടെ ഭംഗിയോ അതോ മറ്റെന്തോ അവർ വല്ലാതെ ആസ്വദിക്കുന്നുണ്ടായിരുന്നു. പിന്നെ പതിയെ അവരാ ബെഞ്ചിനടുത്തേക്കു നടന്നു. ആ കൈവരിയിൽ പതിയെ വിരലോടിച്ച ശേഷം വളരെ മെല്ലെ അതിലേക്കൊന്ന് ഇരുന്നു. ആ ബെഞ്ചിനെ നോവിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത പോലെ. ഒരു തിരശീലയിൽ കാണുന്നെന്ന പോലെ അശോകൻ ഇതെല്ലാം നോക്കി അവിടെ തന്നെ നിന്നു. അവരുടെ കണ്ണുകള്‍ ഇപ്പോൾ ചെറുതായൊന്ന് ഈറനണിയുന്നുണ്ട്. ആമുഖങ്ങളൊന്നുമില്ലാതെ തന്നെ അശോകന് അവരെ മനസ്സിലാക്കാൻ പറ്റി. "ഡെയ്സി.. എന്തൊരു യാദൃശ്ചികം." അശോകൻ സ്വയം പറ‍ഞ്ഞു.

അവരെ പരിചയപ്പെടണമോ? അല്ല എങ്ങനെ സംസാരിച്ചു തുടങ്ങും? എങ്ങനെ തുടങ്ങിയാലും അത് തീരേണ്ടതു ഒരേ ഇടത്താണ്. അതവർക്ക് ഉൾക്കൊള്ളാൻ പറ്റുമോ? ഒരുപാടു സംശയങ്ങൾ അശോകൻ സ്വയം ചോദിച്ചു തുടങ്ങി. ഒന്നിനും മനസ്സ് ഉത്തരം തരുന്നില്ല. "ഒന്നും വേണ്ട. ഈ കഥ ഇങ്ങനെ ഇവിടെ തീരട്ടെ. അതാണ് ശരി. മരിക്കുന്നതിന് മുൻപ് എന്നെങ്കിലും അദ്ദേഹത്തെ കാണാമെന്നു അവര്‍ക്കൊരു പ്രതീക്ഷ ഉണ്ടെങ്കിൽ.., ആ വിശ്വാസത്തിൽ അവർ ജീവിക്കട്ടെ ദൈവം അനുവദിക്കുന്നോളം കാലം." അശോകന് അങ്ങനെ തീരുമാനിക്കാനേ കഴിയുമായിരുന്നുള്ളൂ. പതിയെ അയാൾ നടന്നു തുടങ്ങി. ഇടയ്ക്കെപ്പോഴോ ഒന്ന് തിരിഞ്ഞു നോക്കി. കോൾവില്ലേ ഗ്ലോറി പൂക്കൾ ഡെയ്സിയുടെമേൽ വീണുകൊണ്ടേ ഇരുന്നു.. ആ ആത്മാവിന് ഇപ്പോൾ പുതിയ രൂപം കിട്ടിയിരിക്കുന്നു.

English Summary:

Malayalam Short Story ' 6th Bench ' Written by Arun Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com