ADVERTISEMENT

ഫഹദ് ഫാസിൽ, സൗബിൻ സാഹിർ, ദർശന എന്നിവർ അഭിനയിച്ച "ഇരുൾ" നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുന്നു.  ലോക്ഡൗൺ സമയത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരിമിതികളോടെ കുട്ടിക്കാനത്ത് ഒരു ടീ എസ്റ്റേറ്റിൽ ഷൂട്ട് ചെയ്ത ത്രില്ലറാണ് ഇരുൾ.  മുംബൈയിൽ  സ്ഥിരതാമസമാക്കിയ മലയാളി നസീഫ് യുസഫ് ഇസുദ്ദിൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  അന്യനാട്ടിൽ താമസിക്കുമ്പോഴും മലയാള സിനിമയെ അതിസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന നസീഫ് തന്റെ ആദ്യത്തെ ചിത്രത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു...

 

2

മുംബൈയിൽ സ്ഥിരതാമസമായ മലയാളി എങ്ങനെയാണ് ലോക്ഡൗൺ കാലത്ത് സിനിമയുമായി എത്തുന്നത്?

 

വർഷങ്ങൾക്ക്  മുൻപ് എന്റെ സുഹൃത്ത് സുനിൽ യാദവ് ഹിന്ദിയിൽ എഴുതിയ സ്ക്രിപ്റ്റ് ആണിത്.  അദ്ദേഹം അത് പലതവണ ചെയ്യാൻ ശ്രമിച്ചിട്ട് നടന്നില്ല.  രണ്ടു വർഷം  മുൻപ് അദ്ദേഹം ഈ സ്ക്രിപ്റ്റ് എന്നെ ഏൽപ്പിച്ചു.  സ്ക്രിപ്റ്റ്  വായിച്ചപ്പോൾ  എനിക്കിത് മലയാളത്തിൽ  ചെയ്താൽ കൊള്ളാം എന്ന്  തോന്നി.   ഈ പടം ചെയ്യാൻ  വേണ്ടിയാണു ഞാൻ ബോംബെയിൽ  നിന്ന് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തത്.  ലോക്ഡൗൺ ആയപ്പോൾ ഈ സ്ക്രിപ്റ്റ് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു.  സ്റ്റോറി തന്നെ ഒറ്റ സ്പേസിൽ  നടക്കുന്നതായിരുന്നു .  അതുകൊണ്ടു കോവിഡ് സമയത്ത്  ഷൂട്ട് ചെയ്യാൻ പറ്റിയ പെർഫെക്റ്റ് സ്ക്രിപ്റ്റ് ആയിരുന്നു ഇത്.  ലോക്ഡൗൺ സമയത്താണ്  പ്രീപ്രൊഡക്‌ഷനും ഷൂട്ടും നടന്നത്.     

 

മലയാള സിനിമയുമായി അടുത്ത ബന്ധം  പുലർത്തിയിരുന്നോ?

3

 

irul-movie-director

എന്റെ പേരന്റ്സ് ഒക്കെ കേരളത്തിൽ തന്നെയാണ്.  പത്താം ക്ലാസ് വരെ കൊച്ചിയിൽ ആണ് ഞാൻ പഠിച്ചത്.  അതിനു ശേഷമാണ് ഞാൻ ബോംബെയിലേക്ക് ചേക്കേറിയത്.  വർഷങ്ങളായി ബോംബേയിൽ  സെറ്റിൽഡ് ആണ്, ഒരു ടൂറിസ്റ്റ് പോലെയാണ് ഇവിടെ വന്നുപോകുന്നത്.  മലയാളം സിനിമാമേഖലയിൽ ആരെയും അറിയില്ല.  വല്ലപ്പോഴും മലയാളം സിനിമ കാണുക മാത്രമാണ് മലയാള സിനിമയുമായുള്ള ബന്ധം.  പക്ഷേ നല്ല സിനിമകളെപ്പറ്റി അറിഞ്ഞാൽ അത് ഉടനെ  കാണും.  ഫഹദ് ഫാസിലിന്റെ സിനിമകൾ വളരെ  ഇഷ്ടമാണ്.  എഡിറ്റിങ് ആണ് എന്റെ മേഖല. ബോളിവുഡ്  "കായ് പോ ചേ" ആണ് ആദ്യമായി വർക്ക് ചെയ്ത സിനിമ.  ഏകദേശം 80 സിനിമകളോളം ചെയ്തു.  ഒരു  സിനിമ സംവിധാനം  ചെയ്യണം എന്നുള്ളത് വർഷങ്ങളായുള്ള ആഗ്രഹമാണ്.  മലയാളം സിനിമ ചെയ്യണം എന്നത് ഒരു സ്വപ്നവുമായിരുന്നു.  "ഇരുൾ" ആണ് ആദ്യമായി സംവിധാനം ചെയ്തത്.  

 

മൂന്നു  കഥാപാത്രങ്ങൾ മാത്രമുള്ള സിനിമക്ക്  അനുയോജ്യരായ താരങ്ങളെ കണ്ടെത്താൻ ബുദ്ധിമുട്ടിയോ?

 

ഫഹദ് ഫാസിൽ,  സൗബിൻ,  ദർശന എന്നിവരാണ് ഇതിലെ അഭിനയേതാക്കൾ.  ഞാൻ ആദ്യമായി സിനിമാട്ടോഗ്രാഫർ ജോമോൻ ടി. ജോണിനോടാണ് ഈ കഥ പറയുന്നത്.  അദ്ദേഹമാണ് ഈ സിനിമയുടെ പ്രൊഡ്യൂസറും സിനിമാട്ടോഗ്രാഫറും .  ജോമോൻ ചേട്ടൻ ചോദിച്ചു നീ ആരെയാണ് കഥാപാത്രങ്ങളായി കാണുന്നത് എന്ന്.  ഫഹദ് ഫാസിൽ എന്ന് മടിച്ചു  മടിച്ചാണ് ഞാൻ പറഞ്ഞത്.  അദ്ദേഹത്തെ കിട്ടുമെന്ന് ഒരു ഉറപ്പുമില്ലയിരുന്നു.  വലിയ ബഡ്ജറ്റ് ഇല്ലാത്ത മൂവി ആണ്.  രണ്ടു ദിവസം കഴിഞ്ഞു ജോമോൻ ചേട്ടൻ ഫഹദിന്റെ ഓഫിസിൽ വന്നു കഥപറയാൻ പറഞ്ഞു.  ഞാൻ പോയി കഥ പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ  അദ്ദേഹത്തിന് ഇഷ്ടമായി അദ്ദേഹം അഭിനയിക്കാമെന്നു  സമ്മതിച്ചു.  

 

ഞാൻ ഷാനുക്കയുടെ ഒരു ഫാൻ ആണ്.  അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ട് നടന്നിരുന്നു.  എന്തോ ഒരു ഭാഗ്യം കൊണ്ട് അത് ഇപ്പോൾ നടന്നു. പിന്നീട് എല്ലാം  വളരെ പെട്ടെന്നായിരുന്നു.  രണ്ടു ദിവസം കഴിഞ്ഞു സൗബിൻ ചേട്ടനോട് കഥപറഞ്ഞു അദ്ദേഹവും കഥ കേട്ട് എക്സ്സൈറ്റഡ് ആയി.  ലോക്ഡൗൺ ആയി ഒന്നും ചെയ്യാൻ കഴിയാതെ ഇരിക്കുന്നതുകൊണ്ടു  "അഭിനയിക്കാൻ  കൊതിയാകുന്നു" എന്നാണു സൗബിൻ ഇക്ക പറഞ്ഞത് പിന്നെ നായിക ആരായിരിക്കണം എന്നൊരു കൺഫ്യൂഷൻ ആയി.  പടത്തിൽ ആകെ മൂന്നുപേരെ ഉള്ളൂ , സൗബിൻ ഇക്കയോടും ഷാനു ഇക്കയോടും ഒപ്പം പിടിച്ചുനിൽക്കാൻ കഴിയുന്ന ഒരു നടി  തന്നെ വേണമായിരുന്നു.  അങ്ങനെ ഒരാളെ കണ്ടെത്തുമോ എന്നെനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. സൗബിൻ ഇക്ക ആണ് ദർശനയെ റെക്കമെന്റ് ചെയ്തത്.  ദർശന വന്നു, അവരുടെ വർക്കുകളും ബാക്ഗ്രൗണ്ടും അറിഞ്ഞപ്പോൾ എനിക്ക് കോൺഫിഡൻസ് ആയി.  ആ കഥാപാത്രവുമായി  ദർശന വളരെ നന്നായി കണക്റ്റ് ചെയ്തു.  അതിന്റെ റിസൾട്ട് കാണാൻ ഉണ്ട്.  പടം കാണുമ്പോൾ അറിയാം ദർശന ആ റോൾ വളരെ മനോഹരമായി ചെയ്തിട്ടുണ്ട്.

 

ലോക്ഡൗൺ കാലത്ത് ഷൂട്ട് ചെയ്തതിലുള്ള ബുദ്ധിമുട്ടുകൾ?

 

ശരിക്കും എനിക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല.  കുട്ടിക്കാനത്ത് ഒരു ടീ എസ്റ്റേറ്റിൽ ഒരു പഴയ ബംഗ്ലാവിൽ ആണ് ഷൂട്ട് ചെയ്തത്.  സ്റ്റോറിക്ക് അനുയോജ്യമായ ലൊക്കേഷൻ ആണ് അത്.  പെർമിഷൻ കിട്ടിയിട്ടാണ് ഷൂട്ട് തുടങ്ങിയത്.  അന്ന് ആർക്കും  എവിടെയും പോകേണ്ട, ആർക്കും തിരക്കില്ല, അതുകൊണ്ടു എനിക്ക് ഏറ്റവും നല്ല ആൾക്കാരെ തന്നെ ഷൂട്ടിങ്ങിനായി കിട്ടി.  കുട്ടിക്കാനത്ത് ഒരു ഹോട്ടലിൽ താമസിച്ചുകൊണ്ട് ലൊക്കേഷനിൽ പോയി.   കോസ്റ്റ്യൂം ചെയ്തത് മഷർ ഹംസയാണ്.   പ്രൊഡക്‌ഷൻ ഡിസൈനിങ് അജയൻ ചാലിശ്ശേരി ആണ് ചെയ്തത്.  എനിക്ക് ഏറ്റവും മികച്ച ടെക്നിഷ്യന്മാരെ തന്നെ കിട്ടി.  യാത്ര ചെയ്യാൻ ഉള്ള ബുദ്ധിമുട്ടൊഴിച്ചാൽ ഷൂട്ടിങ്ങിനു വലിയ തടസം നേരിട്ടില്ല.  എല്ലാവരും അവിടെത്തന്നെ ഉണ്ടായിരുന്നു, അതുകൊണ്ടു പെട്ടെന്ന് ഒരു ഐഡിയ തോന്നിയാൽ ഡിസ്‌കസ് ചെയ്യാം, തിരിച്ചു വിളി വരുന്നത് വരെ കാത്തിരിക്കേണ്ട, ആള് മുന്നിൽത്തന്നെ ഉണ്ട്.  ഒരു ഹോസ്റ്റലിൽ നിൽക്കുന്ന ഫീൽ ആയിരുന്നു.

 

ഹിന്ദിയിലെ സ്ക്രിപ്റ്റ് മലയാളത്തിന്റെ രീതിയിൽ മാറ്റിയെഴുതിയതുആരാണ്?

 

ഹിന്ദിയിൽ ആണ് സ്ക്രിപ്റ്റ് ചെയ്തിരുന്നത്.  ഹിന്ദി ഓഡിയൻസിന് വേണ്ടി എഴുതിയ കഥയാണ്.  മലയാളത്തിലേക്ക് മാറ്റേണ്ട ആവശ്യമുണ്ടായിരുന്നു.  ഞാനും രാം രാധാകൃഷ്ണനും അഞ്ചാം പാതിരാ ഫെയിം അഭിരാം പിന്നെ മറ്റു രണ്ടു കോ റൈറ്റേഴ്‌സും ചേർന്നാണ് സ്ക്രിപ്റ്റ് മാറ്റി എഴുതിയത്.  മലയാളത്തിന് വേണ്ടി ചില വ്യത്യാസങ്ങൾ വരുത്തി.  വീക്ക് പോയ്ന്റ്സ് ഒക്കെ മാറ്റി എഴുതി.  എങ്കിലും കേരള കൾച്ചർ ആധാരമാക്കിയുള്ള സിനിമ അല്ല.  ഇന്ത്യയിൽ എല്ലാവർക്കും ആസ്വദിക്കാൻ തക്കവണ്ണം ആണ് ഈ സിനിമചെയ്തിരിക്കുന്നത് .  ഏതു  ത്രില്ലെർ മൂവി ഫാൻസിനും കാണാനും ആസ്വദിക്കാനും പറ്റുന്ന രീതിയിൽ ആണ് സിനിമ.  ഒന്നര മണിക്കൂർ ഉള്ള ഒരു ത്രില്ലർ ആണ് ഇരുൾ.

 

ഇരുൾ എന്ന പേര് ?

 

ഹിന്ദിയിൽ സ്ക്രിപ്റ്റിന് "തിമിർ" എന്നാണു പേരിട്ടിരുന്നത്.  തിമിർ എന്നാൽ ഇരുട്ട്.   ഷൂട്ടിങ് തുടങ്ങിയപ്പോൾ വർക്കിങ് ടൈറ്റിൽ ആയി "ഇരുൾ" എന്ന് പേരിട്ടു.  പക്ഷേ പിന്നീട്  പല പേരുകളും നോക്കിയെങ്കിലും ഒന്നും  ഇഷ്ടമായില്ല.  പലരും പല പേരുകളും സജ്ജെസ്റ്റ് ചെയ്‌തെകിലും ഒന്നും മാച്ചായില്ല, ഒടുവിൽ ഇരുളിൽ തന്നെ വന്നുനിൽക്കുകയായിരുന്നു.

 

എന്തുകൊണ്ട് ഒടിടി റിലീസ്?

 

ഷൂട്ട് ചെയ്യുന്ന സമയത്ത് തിയറ്റർ എന്ന്  തുറക്കും എന്നറിയില്ലായിരുന്നു.  അതുകൊണ്ടു തന്നെ ഒടിടി റിലീസ് എന്നുതന്നെ പ്ലാൻ ചെയ്താണ് സിനിമ ചെയ്തത്.  എന്നാലും തിയറ്ററിൽ വേണമെങ്കിലും ഓടിക്കാം.  ഒരു സിനിമ ചെയ്യുക എന്നുള്ളതായിരുന്നു ആഗ്രഹം.  റിലീസ് തീരുമാനിക്കുന്നതനുസരിച്ച് എവിടെ റിലീസ് ചെയ്യണം എന്ന് തീരുമാനിക്കാം എന്ന് കരുതി.  പക്ഷേ തിയറ്റർ  തുറക്കാൻ താമസിക്കുന്നത് കണ്ടു നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമുമായി സംസാരിച്ചു ഉറപ്പിച്ചു.  അതിനു ശേഷമാണു തിയറ്ററുകൾ തുറക്കാൻ ധാരണയായത്.  ആദ്യത്തെ പടമാണ് ഏതു മാധ്യത്തിലൂടെയെങ്കിലും പ്രേക്ഷകരുടെ മുന്നിൽ സിനിമ എത്തിക്കുക എന്നുള്ളതാണ് ആഗ്രഹം.  ഇരുൾ മലയാളി  പ്രേക്ഷകരെ മാത്രം ഉദ്ദേശിച്ചുള്ളതല്ല, കേരളത്തിന് പുറത്തും ഫഹദിന് ഫാൻസ്‌ ഉണ്ട്, അവരും കാത്തിരിക്കുകയാണ്, സബ്ടൈറ്റിൽ ഉള്ളതുകൊണ്ട് റിലീസ് ചെയ്യുമ്പോൾ തന്നെ എല്ലാവർക്കും ഒരുമിച്ച് സിനിമ കാണാൻ കഴിയും എന്ന സന്തോഷമുണ്ട്.  തിയറ്ററിന്റെ  ഫീൽ വേറെയാണ്, ഞാനും ഒരു തിയറ്റർ ഫാൻ ആണ്.  അടുത്തപടം തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിയട്ടെ.

 

എന്താണ് ഭാവി പരിപാടികൾ?

 

വലിയ പ്ലാൻ ഒന്നും  ചെയ്തിട്ടില്ല.  ഈ പടം റിലീസ് ചെയ്തു അതിന്റെ ഫീഡ്  ബാക്കിന് വേണ്ടി കാത്തിരിക്കുകയാണ്.  നല്ല ടെൻഷനുണ്ട്.  ഫഹദിന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന് 

ആശങ്കയുണ്ട്.  ട്രെയിലറിന് നല്ല റെസ്പോൺസാണ് കിട്ടിയത്.  ചില  സ്ക്രിപ്റ്റുകൾ  എഴുതിക്കൊണ്ടിരിക്കുകയാണ് മറ്റു പ്ലാനുകൾ ഒന്നും ആയിട്ടില്ല.  എല്ലാം ഇരുളിന്റെ ഫീഡ് ബാക്ക് കിട്ടിയിട്ട് തീരുമാനിക്കാം എന്ന്  കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com